ADVERTISEMENT

കാഞ്ഞങ്ങാട് ∙ കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിട്ടതോടെ നട്ടംതിരിഞ്ഞു യാത്രക്കാർ. പലർക്കും ട്രെയിൻ വഴിമാറി പോകുന്നതിന്റെ സന്ദേശം ലഭിച്ചത് ഏറെ വൈകിയാണ്. ജില്ലയിലേക്ക് എത്തേണ്ടിയിരുന്ന ദീർഘദൂര ട്രെയിനുകൾ ഷൊർണൂരുനിന്ന് വഴിതിരിച്ചു വിടുകയായിരുന്നു. അതോടെ യാത്രക്കാർ ഷൊർണൂരിലേക്ക് എങ്ങനെയെങ്കിലും എത്താനുള്ള തത്രപ്പാടിലായി. മംഗ‌ളൂരു വഴി കാസർകോട്ടേക്ക് എത്തേണ്ട ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതോടെ പലരും ഷൊർണൂരിലേക്ക് ബസ് കയറിയെത്താനും ശ്രമിച്ചു. എന്നാൽ ഒത്തിരി വൈകിയാണ് പലരും വിവരമറിഞ്ഞത്. ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം രാവിലെ ദീർഘദൂര ട്രെയിനുകൾ കയറാനെത്തിയവർ ഉണ്ടായിരുന്നു. അവർക്കായി ആകെ ഉണ്ടായിരുന്നത് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുള്ള റെയിൽവേയുടെ സ്റ്റേഷൻ സ്പീക്കറിലൂടെയുള്ള ശബ്ദ സന്ദേശം മാത്രമായിരുന്നു.

റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകുമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ഒട്ടേറെ മലയാളികളുള്ള മംഗളൂരുവിൽനിന്നുള്ള യാത്രക്കാരും വലഞ്ഞു. കാസർ‍കോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് രാവിലെയും വൈകിട്ടുമുള്ള ദീർഘദൂര ട്രെയിനുകളിലും തിരിച്ചുള്ള വണ്ടികളെയും ആശ്രയിക്കുന്ന ഇവരിൽ പലരും തിരിച്ചുള്ള യാത്രയ്ക്ക് ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരായി. സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങിയവരുമുണ്ട്. രാവിലെയും വൈകിട്ടും ഇപ്പോഴുള്ള ട്രെയിനുകളിൽ തന്നെ നല്ല തിരക്കാണ്. അതിന്റെ കൂടെ ഒട്ടേറെ വണ്ടികൾ റദ്ദാക്കിയതിനേത്തുടർന്നുള്ള തിരക്കിന്റെ പേടിയും ഇതിനുകാരണമായി. ഉച്ചയ്ക്ക് ശേഷം കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനിൽ ട്രെയിൻ കയറാനെത്തിയവർ വളരെ കുറവായിരുന്നു. എന്നാൽ രാവിലെ വിവരങ്ങൾ തേടി ഒട്ടേറെ പേരാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയത്. യാത്രക്കാർക്ക് മറുപടി നൽകി ജീവനക്കാരും ഏറെ വലഞ്ഞു.

വലഞ്ഞ് കല്യാണസംഘവും
മഡിയനിലെ ഒരു കുടുംബ വിവാഹ ചടങ്ങുകൾക്കായി അടൂരിലേക്ക് പോകാൻ ഇന്നലെ നേത്രാവതി എക്സ്പ്രസിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. പെൺകുട്ടി‌യും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അടങ്ങുന്ന 21 അംഗ സംഘവും നേത്രാവതിക്ക് ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. ട്രെയിൻ വഴിമാറിയതോടെ ഇവർ പ്രത്യേക ബസ് സംഘടിപ്പിച്ച് ഇന്നലെ രാത്രി തന്നെ അടൂരിലേക്ക് തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com