അപകടഭീഷണിയിലായ തപാൽ ഓഫിസ് നവീകരിക്കാൻ ജനകീയ കൂട്ടായ്മ
Mail This Article
കാഞ്ഞങ്ങാട് ∙ കാലപ്പഴക്കത്താൽ അപകടഭീഷണിയിലായ തപാൽ ഓഫിസ് നവീകരിക്കാൻ ജനകീയ കൂട്ടായ്മ. വെള്ളിക്കോത്ത് തപാൽ ഓഫിസ് നവീകരിക്കാനാണ് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. നിലവിലെ കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ തപാൽ ഓഫിസ് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
30 വർഷം മുൻപ് രാമനാഥറാവു സൗജന്യമായി നൽകിയ 1 സെന്റ് സ്ഥലത്താണ് അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തപാൽ ഓഫിസിന് കെട്ടിടം നിർമിച്ചത്. ഈ കെട്ടിടമാണ് ഇപ്പോൾ അപകടഭീഷണിയിലായത്. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനോടൊപ്പം പുതിയതായി ശുചിമുറി നിർമിക്കാനും പദ്ധതിയുണ്ട്. ജനകീയ കമ്മിറ്റി രൂപീകരണ യോഗം അജാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബാലകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, എം.ദാമോദരൻ, ശ്രീദേവി, അനീഷ്, ശിവജി വെള്ളിക്കോത്ത്, കെ.വി.ജയൻ എന്നിവർ പ്രസംഗിച്ചു.