ADVERTISEMENT

നീലേശ്വരം∙ കോട്ടപ്പുറത്തെ മാട്ടുമ്മൽ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ബണ്ട് പൊളിച്ചുമാറ്റിയതിനെ തുടർന്ന് ഉണ്ടായ കരയിടിച്ചിലിൽ ആശങ്ക ഒഴിയാതെ തീരദേശവാസികൾ. പുഴയുടെ മധ്യ ഭാഗത്തെ ബണ്ട് പൊളിച്ച് മാറ്റുന്നതിന് മുൻപ് കരയോട് ചേർന്ന ഭാഗത്തെ ബണ്ട് പൊളിച്ച് മാറ്റിയതാണ് വിനയായി മാറിയത്. കഴിഞ്ഞ മാസമാണ് ബണ്ട് പൊളിച്ചുമാറ്റിയത്. ഇതോടെ കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണ് വൻ നാശ നഷ്ടമാണ് തീരദേശവാസികൾക്ക് ഉണ്ടായത്.

ഇത് സംബന്ധിച്ച് നേരത്തെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെത്തുടർന്ന് വെളളത്തിന്റെ കുത്തൊഴുക്ക് തടയുന്നതിന് വേണ്ടി മറ്റ് ഭാഗങ്ങളിലെ ബണ്ടു പൊളിച്ച് മാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ നിർമാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ബണ്ട് പൊളിച്ച് മാറ്റുന്നത് വൈകിയതോടെ വീണ്ടും ശക്തമായ മഴയിൽ കരയിലേക്കുള്ള കുത്തൊഴുക്ക് കൂടി.

ഇതാണ് കഴിഞ്ഞ ദിവസം തീരദേശവാസികളിൽ വീണ്ടും ആശങ്ക ഉണ്ടാക്കിയത്. കഴിഞ്ഞ കുറെ ദിവസമായി നിലനിൽക്കുന്ന കുത്തൊഴുക്കിൽപ്പെട്ട് മാമുനി ചന്തൻ, മോട്ടിൽ ദേവകി, മുങ്ങത്ത് ബീന എന്നിവരുടെ അര ഏക്കറോളം ഭൂമി വെള്ളത്തിലേക്ക് പോയി. കരയിൽ നിന്ന് 30 മീറ്ററോളം ദൂരത്തിൽ കരയിടിച്ചിൽ ഉണ്ടായി.

സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, തഹസിൽദാർ മായ, നഗരസഭ ചെയർമാൻ ടി.വി ശാന്ത, വൈ.ചെയർമാൻ മുഹമ്മദ് റാഫി എന്നിവർ സ്ഥലം സന്ദർശിച്ച് ബണ്ട് പൊളിച്ചു മാറ്റാനുള്ള നിർദേശം നൽകി. ഇന്നലെയും പുഴയിൽ കുത്തൊഴുക്കിന്റെ ശക്തി കുറഞ്ഞില്ല. പുഴയുടെ മധ്യ ഭാഗത്തുള്ള ബണ്ട് പൊളിച്ച് മാറ്റുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ഇനിയും മഴ കനത്താൽ ശക്തമായ രീതിയിൽ കുത്തൊഴുക്കിന് സാധ്യത ഉണ്ട്. ഇതാണ് തീരദേശവാസികളിൽ ആശങ്ക ഉണ്ടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com