ADVERTISEMENT

തൃക്കരിപ്പൂർ∙ തോരാത്ത മഴയിൽ ക്ലാസ്മുറികളിലേക്കു വെള്ളം കയറുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം ഭാഗികമായി പഠനം മുടങ്ങിയ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ പതിവുപോലെ പഠനം നടന്നു.  സ്കൂൾ വളപ്പിലെ വെള്ളക്കെട്ട് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയതിനാൽ അൽപം ശമനം വന്നതോടെയാണ് മുടക്കമില്ലാതെ ക്ലാസുകൾ നടത്താനായത്. അതേ സമയം സ്കൂൾ പ്രവേശന കവാടത്തിലെ വെള്ളക്കെട്ട് നീങ്ങിയില്ല. യുപി–ഹൈസ്കൂൾ വിഭാഗത്തിലാണ് കഴിഞ്ഞദിവസം പഠനത്തിനു തടസ്സം നേരിട്ടത്. സ്കൂൾ മൈതാനവും കടന്നു വളപ്പിൽ കയറിയ വെള്ളക്കെട്ട് ക്ലാസ് മുറികളിലേക്കു ഒഴുകിപ്പരക്കുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

ആയിരത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. വെള്ളക്കെട്ട് മൂലം പഠനം തടസ്സം നേരിടുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾ വൈകരുതെന്നു സ്കൂൾ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. റോഡിൽ നിന്നു താഴ്ന്ന നിരപ്പിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം അനിവാര്യമാണ്. പിടിഎയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തെയും മറ്റും ബന്ധപ്പെട്ട് അടിയന്തര പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഓവുചാലുണ്ടാക്കി കഞ്ചിയിൽ തോട്ടിലേക്കു തുറന്നൊഴുക്കുക മാത്രമേ പരിഹാരമുള്ളൂ. വെള്ളക്കെട്ടിൽ പഠനം മുടങ്ങുന്ന സാഹചര്യം കുട്ടികളെ സാരമായി ബാധിക്കും. സ്കൂൾ പ്രവേശന കവാട മൈതാനത്തെ വെള്ളക്കെട്ട് നീക്കുന്നതിനു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പദ്ധതി ഒരുക്കാത്തത് വലിയ പാളിച്ചയും അലംഭാവവുമാണ്.

ഓവുചാൽ  പണിയാൻ  ജില്ലാ പഞ്ചായത്ത്  തീരുമാനം
തൃക്കരിപ്പൂർ∙ വെള്ളക്കെട്ടുമൂലം പഠനം പ്രതിസന്ധിയിലായ തൃക്കരിപ്പൂർ വിപിപി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഴക്കു ഭാഗത്തേക്ക് ഓവുചാൽ പണിയാൻ ജില്ലാ പഞ്ചായത്ത് തീരുമാനം. പദ്ധതി തയാറാക്കുന്നതിനായി എൽഎസ്ജിഡി എക്സി.എൻജിനീയറെ ചുമതലപ്പെടുത്തി. കഞ്ചിയിൽ തോട്ടിലേക്ക് നീരൊഴുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ ചേർന്ന ജില്ലാപഞ്ചായത്ത് യോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തി. 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com