പൊളിച്ചെടാ മോനേ..! അപകടാവസ്ഥയിലായ കെട്ടിടങ്ങൾ മരാമത്ത് വകുപ്പ് അധികൃതർ പൊളിച്ചു
Mail This Article
കുമ്പള ∙ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ മരാമത്ത് വകുപ്പ് അധികൃതർ ഒടുവിൽ പൊളിച്ചു. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളിനടുത്താണ് പഴകി ദ്രവിച്ച് തകർന്നു വീഴാൻ പാകത്തിൽ വിദ്യാർഥികൾക്കു ഭീഷണിയായിരുന്നത്. അപകടത്തിലായ കെട്ടിടം പൊളിച്ചു നീക്കണമെന്നു ആവശ്യപ്പെട്ട് സ്കൂൾ പിടിഎ കമ്മിറ്റിയും അധ്യാപകരും, നാട്ടുകാരും, ലക്കി സ്റ്റാർ ക്ലബ് അംഗങ്ങളും ചേർന്നു പരാതി പറയാൻ തുടങ്ങിയിട്ട് വർഷം ഏറെയായി.
2 പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റെസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു ഭീഷണിയായത്. സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർഥികളും ഇടവേളകളിൽ മൈതാനത്തിനടുത്തെ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്ത് എത്തുന്നത് പതിവായിരുന്നു. ഇത് രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്കയായിരുന്നു. വൈകിയാണെങ്കിലും കെട്ടിടം പൊളിച്ച് മാറ്റിയത് അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഏറെ ആശ്വാസമായി.