കോട്ടിക്കുളത്തും ഉപ്പളയിലും കടലാക്രമണം രൂക്ഷം
Mail This Article
ബേക്കൽ∙ കോട്ടിക്കുളം, ഉപ്പള എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായി. മൂസോടിയിൽ ഇസ്മായിലിന്റെ വീട് കടലാക്രമണത്തിൽ ഭാഗികമായി തകർന്നു. കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കോട്ടിക്കുളം ഗോപാലപ്പെട്ടയിൽ 2 വീടുകൾ കടലാക്രമണ ഭീഷണി നേരിടുകയാണ്. കോട്ടിക്കളത്തെ കാർത്യായനി മോഹനൻ, ശ്യാമള ചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടിത്തറയുടെ മണ്ണ് കടലെടുത്തു. വീട്ടുകാരോടു മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ എം.മായ, ഫിഷറീസ് ഓഫിസർ അബ്ദുല്ല, കോട്ടിക്കുളം വില്ലേജ് ഓഫിസർ കെ.സതീശൻ, പഞ്ചായത്ത് അംഗം വിനയൻ, കോട്ടിക്കുളം ശ്രീകുറുമ്പ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി.ആർ.സുരേന്ദ്രനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു.
റോഡിന് സംരക്ഷണഭിത്തി നിർമിച്ചു
കടലാക്രമണം നേരിടാൻ ഉദുമ ജന്മക്കടപ്പുറത്ത് നാട്ടുകാർ മണൽനിറച്ച നാനൂറിലേറെ ചാക്കുകൾവച്ച് റോഡിനു സംരക്ഷണഭിത്തി നിർമിച്ചു. ജന്മ കടപ്പുറം -നൂമ്പിൽ പുഴ റോഡിന്റെ 15 മീറ്ററോളം ദൂരമാണ് കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.പഞ്ചായത്ത് അംഗം ശകുന്തള ഭാസ്കരൻ, പവിത്രൻ ജന്മക്കടപ്പുറം എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറോളംപേർ ചേർന്നാണു സംരക്ഷണഭിത്തി തീർത്തത്. റോഡ് പൂർണമായി കടലെടുത്താൽ ഇരുപതോളം വീടുകൾ ഒറ്റപ്പെടുന്ന സാഹചര്യമുണ്ട്.