എൻഡോസൾഫാൻ: ഈ വർഷം മരിച്ചത് 12 കുട്ടികൾ; ഫണ്ട് നിലച്ചു, ചികിത്സയും
Mail This Article
കാഞ്ഞങ്ങാട് ∙ നകുൽ രാജ്, പ്രിയങ്ക, സിയാദ്, ശ്രീരാഗ്, മിഥുൻ, ഹരികൃഷ്ണൻ, നിവേദ്യ, കീർത്തിഷ, രജനി, പ്രാർഥന, അശ്വതി ... വിദഗ്ധ ചികിത്സയും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ എണ്ണം വർധിക്കുന്നതായി സമരസമിതി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിദഗ്ധചികിത്സ ആവശ്യമുള്ളവരായിരുന്നു മൂന്നു പേരും. മുതിർന്നവരുടെ കണക്കു കൂടെയെടുത്താൽ സ്ഥിതി ഗുരുതരമാണെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് മംഗളൂരുവിലേക്കോ പരിയാരത്തേക്കോ ഇവരെ റഫർ ചെയ്യും. ഇതിനിടെ ചികിത്സ ലഭിക്കാതെ, വൻതുക മുടക്കാനില്ലാതെ മാസങ്ങൾ തീരും. ഒടുവിൽ മരണവും.
സൗജന്യങ്ങൾ നിലച്ചു; ദുരിതം ബാക്കി
∙ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും മരുന്നും വാഹനസൗകര്യവും സൗജന്യമായിരുന്നു. ജില്ലയിൽ വിദഗ്ധചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയും പരിയാരം കണ്ണൂർ മെഡിക്കൽ കോളജിനെയുമാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറെയാണ്. എന്നാൽ ദേശീയാരോഗ്യ ദൗത്യം ഫണ്ട് നിലച്ചതോടെ ദുരിതബാധിതരുടെ സൗജന്യചികിത്സയും മരുന്നും വാഹനസൗകര്യവും നിലച്ചു. മംഗളൂരുവിലെ ജ്യോതി സർക്കിൾ കെഎംസി, യേനപ്പോയ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ദുരിതബാധിതർക്ക് സൗജന്യചികിത്സ ലഭിച്ചിരുന്നത്. കോടികൾ കുടിശികയായതോടെ ആശുപത്രികൾ സൗജന്യചികിത്സ നിർത്തി. ഇതാണ് മിക്ക രോഗികൾക്കും തിരിച്ചടിയായത്.
ആശ്വാസം പരിയാരം; കയ്യൊഴിയാൻ ശ്രമമെന്ന് ദുരിതബാധിതർ
∙ മംഗളൂരുവിൽ ചികിത്സ കിട്ടാതെ വന്നതോടെ പരിയാരം മാത്രമായി രോഗികൾക്ക് ആശ്രയം. എന്നാൽ ഇവിടെ നിന്നു രോഗികളെ മംഗളൂരുവിലേക്ക് കൂടുതലായി റഫർ ചെയ്യുകയാണെന്ന് ദുരിതബാധിതർ പറയുന്നു. നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയാണ് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തിരുന്നത്. മെഡിക്കൽ സ്റ്റോറുകൾക്കും ലക്ഷങ്ങൾ കുടിശിക വന്നതോടെ മരുന്നു നൽകുന്നത് അവരും നിർത്തി. നേരത്തേതന്നെ വാഹന സൗകര്യം നിർത്തിലാക്കിയിരുന്നു.
അശ്വതി, ഹരികൃഷ്ണൻ, പ്രാർഥന എന്നിവർ കഴിഞ്ഞ ദിവസം മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. പരിയാരത്തുനിന്നു മംഗളൂരുവിലേക്ക് കൊണ്ടു പോയെങ്കിലും അശ്വതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആംബുലൻസ് സൗകര്യം കിട്ടാത്തതും അശ്വതിയുടെ കുടുംബത്തിന് തിരിച്ചടിയായി. സ്വകാര്യ ആംബുലൻസിലാണ് പിന്നീട് അശ്വതിയെ മംഗളൂരുവിലേക്ക് കൊണ്ടു പോയത്. അതേസമയം മുൻവർഷത്തെ കുടിശിക ആശുപത്രികൾക്ക് നൽകിത്തുടങ്ങിയെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. മുഴുവൻ തുകയും കിട്ടാതെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സയ്ക്ക് തയാറാകുമോയെന്ന കാര്യത്തിൽ ഉറപ്പു പറയാനും ആരോഗ്യ വകുപ്പിന് കഴിയുന്നില്ല.