ADVERTISEMENT

കാസർകോട് ∙ മുള്ളേരിയക്കടുത്ത് ‌‌മിഞ്ചിപദവിലെ പ്ലാന്റേഷൻ ഭൂമിയിൽ എൻഡോസൾഫാൻ കുഴിച്ചു മൂടിയിട്ടില്ലെന്നും മൂടിയ കിണറുകൾ കുഴിച്ചു പരിശോധിക്കുന്നതിൽ തടസ്സമില്ലെന്നും പ്ലാന്റേഷൻ കോർപറേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ. പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റിൽ മൂടിയ 5 കിണറുകൾ വീണ്ടും കുഴിച്ചു പരിശോധിക്കണമെന്നു കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണു കേരള പ്ലാന്റേഷൻ കോർപറേഷൻ നിലപാട് വ്യക്തമാക്കിയത്.

‌മുളിയാർ ചോക്കമൂല ബ്ലോക്കിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ ശാന്ത എന്ന തൊഴിലാളി വീണു മരിച്ചതിനെ തുടർന്നാണു ഇങ്ങനെയുള്ള മുഴുവൻ കിണറുകളും മൂടാൻ തീരുമാനിച്ചതെന്നും സംശയം നീക്കാൻ ഇങ്ങനെ മൂടിയ 5 കിണറുകളും തുറന്നു പരിശോധിക്കുന്നതിൽ കോർപറേഷനു തടസ്സമില്ലെന്നും  ഹരിത ്രടൈബ്യുണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചിനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാലിയായ ബാരലുകളിൽ ഭൂരിഭാഗവും കാലക്രമേണ തുരുമ്പെടുത്ത് നശിച്ചതായും പ്ലാന്റേഷൻ കോർപറേഷൻ വ്യക്തമാക്കി.

ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ബെഞ്ച് വിശദമായി പരിഗണിക്കും. ഓൺലൈനായി നടക്കുന്ന സിറ്റിങ്ങിൽ പരാതിക്കാരനായ ഉഡുപ്പിയിലെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് സമർപ്പിച്ച മറുപടിയും പരിഗണിക്കും. നിരോധന സമയത്തു പ്ലാന്റേഷൻ കോർപറേഷന്റെ ഗോഡൗണിൽ അവശേഷിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനി കേരള–കർണാടക അതിർത്തിപ്രദേശമായ മിഞ്ചിപദവിലെ പ്ലാന്റേഷൻ ഭൂമിയിലെ ഉപയോഗശൂന്യമായ കിണറ്റിൽ കുഴിച്ചു മൂടിയെന്നായിരുന്നു പരാതി.

ഇതിന്റെ ഭാഗമായി കാസർകോടിനു സമാനമായി മിഞ്ചിപദവിനോട് ചേർന്നുള്ള കർണാടകയിലെ അതിർത്തി പഞ്ചായത്തുകളിലും എൻഡോസൾഫാൻ ദുരിത ബാധിതരുണ്ടെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ.ജെ.ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ ചുമതലപ്പെടുത്തി. മിഞ്ചിപദവ് സന്ദർശിക്കുകയും നാട്ടുകാരോട് വിവരങ്ങൾ ആരായുകയും ചെയ്ത ശേഷം അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ, പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിൽ മൂടിയ 5 കിണറുകൾ 100 അടി ആഴത്തിൽ കുഴിച്ചു പരിശോധിക്കണമെന്നതാണ് പ്രധാന നിർദേശം.

നാട്ടുകാർ സംശയിക്കുന്നതു പോലെ എൻഡോസൾഫാൻ ഇതിൽ കുഴിച്ചുമൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കാലിയായ ബാരലുകൾ കാണാത്തതിലും സംഘം സംശയം പ്രകടിപ്പിച്ചിരുന്നു.അതേസമയം മിഞ്ചിപദവിൽ മൂടിയ ഒരു കിണറിന്റെ മുകൾ ഭാഗത്തു നിന്നു ശേഖരിച്ച മണ്ണും പ്ലാന്റേഷൻ കോർപറേഷൻ ഓഫിസ് പരിസരത്തെ കിണറ്റിൽ നിന്നു ശേഖരിച്ച വെള്ളവും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ എൻഡോസൾഫാന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് പുഷ്പ സത്യനാരായണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com