ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി അബ്ദുൽ ഹക്കീം
Mail This Article
തൃക്കരിപ്പൂർ ∙ സൈക്ലിങ്ങിൽ വ്യത്യസ്ത തേടുന്ന തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗം പയ്യന്നൂർ കവ്വായിലെ വി.അബ്ദുൽ ഹക്കീം (47) ദിനവും 100 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയുള്ള വ്യായാമം ഒരുമാസം പൂർത്തിയാക്കി. ചെറുവത്തൂരിൽ അപ്‌സര ടെക്‌സ്റ്റൈൽസ് വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഹക്കീം അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാണ് ഓരോ ദിവസവും സെഞ്ച്വറി നേടി മടങ്ങുന്നത്. 100 കിലോമീറ്റർ സഞ്ചരിക്കാൻ രാവിലെ കാലിക്കടവിൽ വന്നു മടങ്ങി തൃക്കരിപ്പൂർ, പടന്ന തീരദേശപാത വഴി കാഞ്ഞങ്ങാട് കല്ലൂരാവി വരെ സഞ്ചരിച്ച് മടങ്ങുകയാണ് ചെയ്യുക. ഈ റൂട്ടിൽ തിരക്ക് കുറവുള്ളതാണ് പ്രധാന ആകർഷണം. സൈക്ലിങ്ങിനു ശേഷം വീട്ടിലെത്തിയാണ് കടയിലേക്ക് പോകുന്നത്.
പ്രഭാത സവാരി നടത്താറുള്ള അദ്ദേഹം തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്ബിന്റെ റൈഡുകളിൽ തൽപരനായാണ് കഴിഞ്ഞ വർഷം ജനുവരിയിൽ സൈക്ലിങ്ങിലേക്ക് വന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ക്ലബ്ബുകളുടെ ചാലഞ്ചുകളിൽ പങ്കെടുത്ത് മികവ് കാട്ടിയിട്ടുണ്ട്. കോയമ്പത്തൂർ സൈക്ലിങ് ക്ലബ് കഴിഞ്ഞമാസം നടത്തിയ 'ടു ഡൈ ഫോർ' (ടിഡിഎഫ്) ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് ടീമിൽ ഏറ്റവും കൂടുതൽ കിലോമീറ്റർ നേടിയത് ഹക്കീമാണ്. ടി.എം.സി.ഇബ്രാഹിം, അരുൺ നാരായണൻ, റഹ്‌മാൻ കാങ്കോൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
ബെംഗളൂരു സൈക്ലിങ് ക്ലബ്ബിന്റെ സെഞ്ചുറി ചാലഞ്ച്, പാലക്കാട് ഫോർട്ട് പെഡലേർസ് ചാലഞ്ച്, കണ്ണൂർ സൈക്ലിങ് ക്ലബ്ബിന്റെ സമ്മർ ചാലഞ്ച്, തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്ബിന്റെ മൺസൂൺ ചാലഞ്ച് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അബ്ദുൽ ഹക്കീമാണ്.