വീടിനകത്ത് ഓരോ ദിവസവും രൂപപ്പെടുന്ന വലിയ മാളങ്ങൾ; ശ്യാമളയ്ക്കും മക്കൾക്കും അന്യമായി സ്വന്തം വീടും
Mail This Article
ചീമേനി∙ വീടിനകത്ത് ഓരോ ദിവസവും രൂപപ്പെടുന്ന വലിയ മാളങ്ങൾ, അടുക്കള നിറയെ ചിതൽപുറ്റുകൾ; അടച്ചുറപ്പില്ലാത്ത വീട്ടിൽ മൂന്നു കുട്ടികളുമായി ഒരു വീട്ടമ്മ ഭയന്നുകഴിഞ്ഞ രാത്രികൾ. തൽക്കാലം അയൽവാസികളായ 15 വീട്ടുകാർ ചേർന്നൊരുക്കിയ വാടകവീടിന്റെ സുരക്ഷയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് കയ്യൂർ–ചീമേനി പഞ്ചായത്ത് ചെറുപ്പയിലെ ശ്യാമളയും മക്കളും.തൊഴിലുറപ്പ് തൊഴിലാളിയായ ശ്യാമള ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.
മേൽക്കൂര തകർന്ന, ഷീറ്റ് വിരിച്ച വീട്ടിലായിരുന്നു എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകൾ നന്ദനയും ആറിലും ഒന്നിലും പഠിക്കുന്ന ആതിദേവും ദേവദത്തും അമ്മയ്ക്കൊപ്പം താമസം. മാസങ്ങൾക്കു മുൻപാണ് വീടിനകത്ത് മാളങ്ങൾ രൂപപ്പെടാൻ തുടങ്ങിയത്. വലിയ മാളങ്ങളിലൂടെ ഇഴജന്തുക്കളും വരാൻ തുടങ്ങി. എന്തുചെയ്യണമെന്ന് അറിയാതെ മക്കളെയും ചേർത്തുപിടിച്ച് കഴിയുന്ന ശ്യാമളയുടെ വേദന അധികൃതർ കണ്ടില്ല.
മക്കളുമായി പേടിക്കാതെ കഴിയാനൊരു വീട്, ഇഴജന്തുക്കളെ പേടിക്കാതെ മക്കൾക്ക് ഇരുന്നു പഠിക്കാനൊരിടം; ഇതാണ് ഈ കുടുംബത്തിന്റെ സ്വപ്നം. ശ്യാമളയ്ക്കും കുടുംബത്തിനും സ്വന്തം വീടെന്ന ലക്ഷ്യവുമായി അയൽവാസികൾ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കൺവീനർ രാജീവന്റെ നമ്പർ– 97450 12400.