ADVERTISEMENT

കാസർകോട് ∙ പാചകവാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ഉത്തര മലബാറിൽ പാചകവാതക ക്ഷാമം രൂക്ഷം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെയാണ് സമരം ബാധിച്ചത്. മംഗളൂരുവിലെ ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി പ്ലാന്റുകളിൽ നിന്നുള്ള ലോറി ഡ്രൈവർമാണ് വേതന വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഈ മാസം 16ന് തുടങ്ങിയ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. 150ലേറെ ഡ്രൈവർമാരാണ് സമരത്തിലുള്ളത്.

ഈ വർഷം കേരളത്തിലെ തൊഴിൽ വകുപ്പ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ ലോറി ഉടമകൾ അംഗീകരിക്കാൻ തയാറാക്കണമെന്നാണ് ഇവരുടെ ആവശ്യം. ചെറിയ ട്രക്കിനു കിലോമീറ്ററിനു 6 രൂപയും 10 ചക്രമുള്ളതിന് 7.20 രൂപയുമാണ് നിലവിൽ ഡ്രൈവർമാർക്കു നൽകുന്ന വേതനം. കാസർകോട്, കണ്ണൂർ ജില്ലകളിലേക്കു മംഗളൂരുവിൽ നിന്ന് ദൂരം കുറവായതിനാൽ ചെറിയ വേതനം മാത്രമാണ് ഡ്രൈവർമാർക്കു ലഭിക്കുന്നത്.

അതുകൊണ്ട് ചെറിയ ട്രക്കിനു 1365 രൂപയും വലിയതിന് 1675 രൂപയും എന്ന ക്രമത്തിൽ ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിനു മിനിമം വേതനം നിശ്ചയിക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. തുടർന്നുള്ള കിലോമീറ്ററുകൾക്ക് വർധന ആവശ്യപ്പെടുന്നുമില്ല.ക്ലീനർ ഇല്ലാത്തതിനാൽ ഡ്രൈവർമാർ തന്നെയാണ് ക്ലീനർമാരുടെ പണിയും എടുക്കുന്നത്. അതുകൊണ്ട് ക്ലീനർ ബാറ്റയായി 600 രൂപയും ആവശ്യപ്പെടുന്നു. ഇപ്പോൾ 300 രൂപയാണ് ക്ലീനർ ബാറ്റ. പക്ഷേ ഇതു ചില ലോറി ഉടമകൾ നൽകുന്നില്ലെന്ന പരാതിയുണ്ട്. മാസം 15 ലോഡിൽ കൂടുതൽ എടുക്കുന്ന ഡ്രൈവർമാർക്കു 1250 രൂപ നേരത്തെ ഇൻസെന്റീവായി തീരുമാനിച്ചിരുന്നെങ്കിലും അതും കൃത്യമായി നൽകാറില്ല.

വേതനം നൽകുന്നതിലും ഏകീകരണമില്ല. ഓരോ തീയതികളിലാണ് ഒരേ പ്ലാന്റിലെ ഡ്രൈവർമാർക്കു വേതനം നൽകുന്നത്. ഇതിൽ ഏകീകരണം വേണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു.മംഗളൂരുവിലെ 3 പ്ലാന്റുകളിൽ നിന്നായി നൂറിലേറെ ലോഡ് പാചകവാതക സിലിണ്ടറുകളാണ് ഉത്തര മലബാറിൽ എത്തുന്നത്. സമരം നീണ്ടുപോയാൽ പാചകവാതകം കിട്ടാതെ ഉപയോക്താക്കൾ ദുരിതത്തിലാകും.

ജില്ലയിൽ ഗാർഹിക–വാണിജ്യ ആവശ്യങ്ങൾക്കായി പ്രതിദിനം 15000ലേറെ സിലിണ്ടറുകളാണ് ആവശ്യം. ലോറി ഡ്രൈവർമാരുടെ സമരം കാരണം പാചകവാതക നീക്കം നിലച്ചതോടെ ഏജൻസികളിൽ വിതരണവും തടസ്സപ്പെട്ടു. ഹോട്ടലുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ പ്രതിസന്ധി. കാസർകോട് മാരുതി ഏജൻസി, കാഞ്ഞങ്ങാട് മഡോണ ഏജൻസി, നീലേശ്വരം ഗ്യാസ് ഏജൻസി എന്നിവ സ്വന്തം നിലയിൽ ടാങ്കറുകൾ അയച്ച് സിലിണ്ടറുകൾ കൊണ്ടുവരാൻ തുടങ്ങി. 28 ഗ്യാസ് ഏജൻസികളുള്ളതിൽ ബാക്കി 25 എണ്ണത്തിലും ഇപ്പോഴുള്ളത് കാലി സിലിണ്ടറുകൾ മാത്രം.

English Summary:

A strike by LPG truck drivers in North Malabar, Kerala, has entered its fourth day, causing a severe cooking gas shortage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com