കാട്ടിൽ കിടക്കുന്ന പുലിയെ നാട്ടിലെത്തിക്കുന്നത് തെരുവുനായ്ക്കൾ; ഇത് പുലിയുടെ ഇഷ്ട ഭക്ഷണം
Mail This Article
ബോവിക്കാനം ∙ ജില്ലയിൽ പുലികളുടെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണം തെരുവു നായകളുടെ വർധനയെന്ന് വിദഗ്ധരുടെ നിഗമനം. പിടികൂടാനുള്ള എളുപ്പം കൊണ്ട് പുലികളുടെ ഇഷ്ട ഭക്ഷണമാണ് നായകൾ. കാടിന്റെ അതിർത്തിയിൽ തന്നെ കിടക്കുന്ന ഒട്ടേറെ ടൗണുകൾ കാസർകോടുണ്ട്. വനത്തിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ തന്നെ നായ്ക്കളെ പിടിച്ചുകൊണ്ടു പോകാൻ പുലിക്കു സാധിക്കും. നേരത്തെ തെരുവുനായ ശല്യം കൂടുതലായി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ അടുത്തിടെ ഇത് കാര്യമായി കുറഞ്ഞത് ഇക്കാര്യം ശരിവയ്ക്കുന്നതായി വനം വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.
ഒട്ടേറെ വളർത്തു നായ്ക്കളെയും കാണാതായിട്ടുണ്ട്. ദേലംപാടി പഞ്ചായത്തിലെ മണ്ടക്കോൽ, നെല്ലിത്തട്ട്, പരപ്പ, തീർഥക്കര ഭാഗങ്ങളിൽ നേരത്തെ തന്നെ പുലിയെ കണ്ടിട്ടുണ്ടെങ്കിലും പയസ്വിനിപ്പുഴയുടെ മറുകരയിലുള്ള കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ പുലിയെ കാണാൻ തുടങ്ങിയത് ഒരു വർഷത്തിനിടയിലാണ്. പുലി എത്തിയ ശേഷം വളർത്തു നായ്ക്കളെയാണ് ആദ്യം കാണാതാകുന്നത്. തെരുവുനായ്ക്കളുടെ എണ്ണവും അടുത്തകാലത്ത് കുറഞ്ഞതായി നാട്ടുകാർ പറയുന്നു.
കർണാടകയിലെ തലക്കാവേരി വനമേഖലയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന കാസർകോട് വനത്തിലേക്ക് പുലി എത്തിയത് ഇവിടെ നിന്നാകാമെന്ന് കരുതുന്നു. കാട്ടിൽ കടുവകളുടെ എണ്ണം കൂടിയാലും പുലികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. നായകളെ ഇഷ്ടം പോലെ ലഭിച്ചാൽ പുലി പിന്നീട് ഉൾക്കാട്ടിലേക്ക് തീറ്റ തേടി പോകാനും സാധ്യത കുറവ്. ജനവാസ മേഖലയിലെത്തിയ പെൺപുലി പ്രസവിക്കുകയാണെങ്കിൽ ആ കുഞ്ഞുങ്ങളും അതേ രീതിയിൽ വളരുമെന്ന് ഗവേഷകർ പറയുന്നു.
പുലിയെ കണ്ടെന്നു നാട്ടുകാർ പലതവണ പറഞ്ഞപ്പോഴും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. കാട്ടുപൂച്ചയോ സമാനമായ മറ്റു ജീവികളോ ആകാമെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ രണ്ടാഴ്ച മുൻപു ദേലംപാടി മല്ലംപാറയിൽ പുള്ളിപ്പുലി കെണിയിൽ കുടുങ്ങി ചത്തതോടെ പുലി ഉണ്ടെന്ന് വനംവകുപ്പിനും അംഗീകരിക്കേണ്ടി വന്നു.
2 ദിവസം മുൻപ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണിക്കു സമീപം റോഡിൽ പുലിയെ കണ്ടിരുന്നു. ഇതിനു പിന്നാലെ മിന്നംകുളത്ത് ബാലകൃഷ്ണൻ നായരുടെ വളർത്തുനായയെ കാണാതാവുകയും ചെയ്തു. ഇന്നലെ പുലർച്ചെ 6ന് കാനത്തൂർ ബീട്ടിയടുക്കത്ത് റോഡരികിൽ നിന്ന് പുലിയുടെ അലർച്ച കേട്ടതായി യാത്രക്കാരിയും പറഞ്ഞിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, പന്നി എന്നിവയ്ക്കു പിന്നാലെ പുലി കൂടി എത്തിയതോടെ വനാതിർത്തി ഗ്രാമങ്ങൾ മുൾമുനയിലായി.
ചെറിയ പേടിയല്ല പുലിപ്പേടി
കാടാകുമ്പോൾ പുലി ഉണ്ടാകില്ലേ?. ഇങ്ങനെ പറഞ്ഞു നിസ്സാരമായി തള്ളാവുന്നതല്ല ജില്ലയിലെ പുലിഭീതി. കാടും നാടും ഇടകലർന്നു നിൽക്കുന്ന പ്രദേശങ്ങളാണ് ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിൽ കൂടുതലും. സംരക്ഷിത വനത്തിലൂടെയുള്ള റോഡുകളാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. അതിനാൽ പുലി കാട്ടിലായാലും ജനങ്ങളുടെ ജീവന് ഭീഷണിയാണ്. പുലി മനുഷ്യരെ ആക്രമിക്കില്ലെന്ന വാദവും ശരിയല്ല. ഏതു സമയത്തു വേണമെങ്കിലും പുലി മുന്നിലെത്തിയ ആളുകളെ ആക്രമിക്കാം.
ട്യൂഷനും മദ്രസകളിലേക്കും പോകുന്ന കുട്ടികൾ പുലർച്ചെ 6 മുതൽ ഈ റോഡുകളിലൂടെ പോകുന്നുണ്ട്. 3 പുലികളെ നെല്ലിത്തട്ടിൽ വച്ച് നേരത്തെ നാട്ടുകാർ ഒന്നിച്ചു കണ്ടിരുന്നു. അതിൽ കൂടുതൽ പുലികൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ക്യാമറയിൽ പതിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ഒരു ജീവൻ നഷ്ടമാകും വരെ കാത്തിരിക്കാതെ പുലികളെ കൂട് വച്ചു പിടികൂടണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.