ജീവനക്കാർക്ക് ഉപരിപഠനം 30 കിലോമീറ്ററിനുള്ളിൽ മാത്രം; അവസര നഷ്ടമെന്ന് പരാതി
Mail This Article
കാസർകോട് ∙ ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരപരിധിയിൽ ഉള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനം നടത്താൻ അനുമതി നൽകൂ എന്ന സർക്കാർ ഭരണപരിഷ്കാര ഉത്തരവ് കാരണം പല ജീവനക്കാർക്കും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടുത്തുന്നതായി പരാതി. ഉദ്യോഗക്കയറ്റത്തിനും മറ്റും ബിടെക് കോഴ്സുകൾക്ക് ഉൾപ്പെടെ പാർട്ട് ടൈം ആയി പഠിക്കുന്ന ജീവനക്കാരുണ്ട്.
ബിടെക് പാർട്ട് ടൈം കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിലവിൽ ജില്ലയിൽ ഇല്ല. കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ എൽബിഎസ് സെന്റർ നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് എഴുതി അർഹത നേടിയെയെങ്കിലും ജില്ലയിൽ ഒരു എൻജിനീയറിങ് കോളജിലും ജീവനക്കാർക്ക് പഠിക്കുന്നതിനുള്ള പാർട്ട് ടൈം കോഴ്സ് ലഭ്യമല്ല. ഇവർ കണ്ണൂർ ജില്ലയിലെ എൻജിനീയറിങ് കോളജുകളെ ആശ്രയിക്കണം.
എന്നാൽ 30 കിലോ മീറ്റർ പരിധിയിലുള്ള സ്ഥാപനത്തിൽ പഠിക്കണമെന്ന സർക്കാർ നിബന്ധന പ്രകാരം ഇത് നടക്കില്ല. കഴിഞ്ഞ തവണ ജില്ലയിൽ എൽബിഎസ് മുഖേന ഇരുപത്തഞ്ചോളം ജീവനക്കാർ ആണ് 1000 രൂപ വീതം ഫീസ് അടച്ച് ലാറ്ററൽ എൻട്രി ടെസ്റ്റ് എഴുതിയത്. യോഗ്യത നേടിയ ശേഷം കോഴ്സിനു ചേരാൻ അവസരം തേടുമ്പോഴാണ് കോഴ്സ് ഇല്ലെന്ന് പറയുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
എഐസിടിഇ ഉത്തരവിൽ ജോലി ചെയ്തു കൊണ്ടു തന്നെ താമസ സ്ഥലത്തു നിന്നോ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നോ 75 കിലോമീറ്റർ പരിധിയിൽ പഠിക്കാം.എന്നാൽ സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം.30 കിലോമീറ്ററാണ് ദൂരപരിധി. ഈ പരിധിക്കുള്ളിൽ ജീവനക്കാർക്ക് ബിടെക് കോഴ്സുകൾക്ക് പഠിക്കാൻ കഴിയുന്ന സ്ഥാപനം ഇല്ല. ജീവനക്കാർക്ക് ഉപരിപഠന സൗകര്യം ഏർപ്പെടുത്തുന്നതിന് കാസർകോട് ജില്ലയിൽ തന്നെ ആവശ്യമായ കോഴ്സുകൾ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂര വിദ്യാഭ്യാസ, ഓൺ ലൈൻ കോഴ്സുകളിലും ചേരാനുള്ള അനുമതിയുമ്യി ബന്ധപ്പെട്ട മാർഗരേഖ കഴിഞ്ഞ ജൂൺ ഏഴിനാണ് സർക്കാർ പുറത്തിറക്കിയത്. ജീവനക്കാർ പഠിക്കാൻ താൽപര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുൻപ് വകുപ്പ് മേധാവിക്ക് അപേക്ഷ നൽകണം.
അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ വകുപ്പ് മേധാവി തീരുമാനം എടുക്കണം. ബന്ധപ്പെട്ട ജില്ലാ മേധാവി മുഖേന വകുപ്പ് മേധാവിക്ക് നേരിട്ടോ ഓൺ ലൈൻ ആയോ അപേക്ഷ നൽകാം. അനുമതി നിഷേധിച്ചാൽ അപ്പീൽ നൽകാം. പഠന കോഴ്സിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ഓഫിസ് സമയത്തിൽ ഒരു ഇളവും അനുവദിക്കില്ല. ഓഫിസ് സമയത്ത് ഓഫ്‌ലൈൻ, ഓൺലൈനുകളിലും ഒരു കോഴ്സിലും പങ്കെടുക്കാൻ പാടില്ല.
അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ജീവനക്കാരുടെ സേവനം പ്രവൃത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിർദേശം അനുസരിച്ച് ഓഫിസിൽ ലഭിക്കണം.കോഴ്സിൽ ചേർന്നു പഠിക്കുന്നവർക്ക് ഭരണ സൗകര്യാർഥം നടത്തുന്ന സ്ഥലം മാറ്റത്തിൽ നിന്നു മേൽ കാരണം കൊണ്ടു സംരക്ഷണം നൽകില്ലെന്നും സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു.