കുടുംബശ്രീ അയൽക്കൂട്ടത്തിൽ 1.8 ലക്ഷത്തിന്റെ ക്രമക്കേടെന്ന് റിപ്പോർട്ട്
Mail This Article
രാജപുരം ∙ കുടുംബശ്രീ അയൽക്കൂട്ടത്തിൽ 1.8 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. കോടോം ബേളൂർ ആനപ്പെട്ടിയിലെ അശ്വതി കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സാമ്പത്തിക ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. അയൽക്കൂട്ടം പ്രസിഡന്റും എഡിഎസ് പ്രസിഡന്റുമായിരുന്ന ബിന്ദു ബാലകൃഷ്ണനാണ് പണം ബാങ്കിൽ നിക്ഷേപിക്കാതെ ക്രമക്കേട് നടത്തിയതെന്നാണ് അംഗങ്ങളുടെ ആരോപണം. അംഗങ്ങളുടെ പരാതിയെ തുടർന്ന് 2023 സെപ്റ്റംബർ 22ന് ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ, സിഡിഎസ് ചെയർപഴ്സൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.
സാമ്പത്തിക ഇടപാടിൽ ഗുരുതരവീഴ്ച സംഭവിച്ചതായി മിനിട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 3 മാസത്തിനകം തുക തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെ തുക ബാങ്കിൽ തിരിച്ചടച്ചിട്ടില്ല. അയൽക്കൂട്ടം അംഗങ്ങൾ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ വിളിച്ചപ്പോഴാണ് ലോൺ ഉൾപ്പെടെയുള്ള സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കുന്നില്ലെന്ന് അറിഞ്ഞതെന്ന് നിലവിലെ പ്രസിഡന്റ് എം.ഉഷ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 2018 മുതൽ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും മനസ്സിലായി. ഇത്രയും വർഷത്തെ ഓഡിറ്റ് ഒന്നിച്ച് നടത്തിയപ്പോഴാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ബിന്ദു ബാലകൃഷ്ണനെ എഡിഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു.
പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ വിജിലൻസ്, പൊലീസ് എന്നിവർക്കും പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ പണം തിരിച്ചടയ്ക്കില്ലെന്ന നിലപാടാണ് ബിന്ദു ബാലകൃഷ്ണൻ സ്വീകരിച്ചതെന്ന് അംഗങ്ങൾ പറയുന്നു. അയൽക്കൂട്ടം അംഗങ്ങളുടെ പരാതിയുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിഡിഎസ് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സിഡിഎസിനെ ചുമതലപ്പെടുത്തിയിരുന്നതായും തുടർ നടപടി ആലോചിക്കാൻ വീണ്ടും യോഗം വിളിക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ എഡിഎംസി ഡി.ഹരിദാസ് പറഞ്ഞു. ഇതു സംബന്ധിച്ച് ബിന്ദു ബാലകൃഷ്ണനെ പ്രതികരണമറിയാൻ പല തവണ ‘മനോരമ’ ഫോണിൽ ബന്ധപ്പെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.