ഹർത്താൽ കേസുകളിൽ ഡീനിന് ജാമ്യം; ഡീനിന് ജാമ്യക്കാരനായി സത്യനാരായണൻ
Mail This Article
കാഞ്ഞങ്ങാട് ∙ പെരിയ ഇരട്ടക്കൊലപാതകം നടന്ന ദിവസം പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഡീൻ കുര്യാക്കോസ് എംപിക്ക് ജാമ്യം അനുവദിച്ചു. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണനും കോൺഗ്രസ് നേതാവ് പത്മകുമാർ മൂരിയാനവും ജാമ്യം നിന്നു. ആൾജാമ്യത്തിനു പുറമേ 12 കേസുകളിൽ 30,000 രൂപ വീതവും ഒരു കേസിൽ 50,000 രൂപയും ഡീൻ കെട്ടിവയ്ക്കണം.
ഈ ഹർത്താലുമായി ബന്ധപ്പെട്ട് ഡീനിനെതിരെ മറ്റുജില്ലകളിലുള്ള 86 കേസുകളിൽക്കൂടി ജാമ്യം എടുക്കാനുണ്ട്. ഡീനിനെതിരെ സംസ്ഥാന വ്യാപകമായി 238 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും ചില കേസുകളിൽ നിന്ന് ഒഴിവാക്കി. തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്ന് ഡീനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ കോടതി ലോക്സഭാ സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. അന്നത്തെ യുഡിഎഫ് ചെയർമാൻ എം.സി.കമറുദ്ദീൻ, കൺവീനർ എ.ഗോവിന്ദൻ നായർ എന്നിവരുൾപ്പെടെയുള്ളവരും ജാമ്യമെടുത്തു. യുഡിഎഫും ജില്ലയിൽ അന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഡീനിനു വേണ്ടി അഡ്വ. കെ.ലതീഷ് ഹാജരായി.
ഡീനിന് ജാമ്യക്കാരനായി സത്യനാരായണൻ
പെരിയ ∙ ‘നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ ഡീൻ കേസുകളിൽ പ്രതിയായത്...ജാമ്യത്തിന് ആളുവേണമെന്ന് പാർട്ടി പറഞ്ഞപ്പോൾ മറ്റാരെയും തേടിപ്പോകണ്ടെന്നും ഞാൻ നിൽക്കാമെന്നു പറഞ്ഞതും അതുകൊണ്ടാണ്..’ പെരിയ കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതക ദിനത്തിലെ ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഡീൻ കുര്യാക്കോസ് എംപിക്കെതിരെയുള്ള 13 കേസുകളിലും ഇന്നലെ ജാമ്യം ലഭിച്ചു. ഇതിൽ ഒരു ജാമ്യക്കാരൻ സത്യനാരായണനാണ്. രണ്ടാം ജാമ്യക്കാരൻ കല്യോട്ട് സ്വദേശിയും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ പത്മകുമാർ മൂരിയാനവും.
ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് 2019 ഫെബ്രുവരി 17 ന് ശരത്‌ലാലും സുഹൃത്ത് കൃപേഷും കൊല്ലപ്പെടുന്നത്. തുടർന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ടാണ് ഡീനിനെ പ്രതിചേർത്ത് കേസുകൾ റജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട്ട് അഭിഭാഷകരുമായി ചർച്ച ചെയ്ത ഡീൻ, രാവിലെ പത്തോടെ കല്യോട്ടെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പ്രാർഥന നടത്തിയശേഷം ശരത്‌ലാലിന്റെ വീട്ടിലെത്തി. തുടർന്ന് സത്യനാരായണനും കോൺഗ്രസ് നേതാവ് സാജിദ് മൗവ്വൽ അടക്കമുള്ള നേതാക്കൾക്കുമൊപ്പം കോടതിയിലേക്ക് പോയി. 2.30 ന് ഹൊസ്ദുർഗ് കോടതിയിലെത്തി.