പുലി ഭീതി ഒഴിയാതെ കല്ലപ്പള്ളി നിവാസികൾ
Mail This Article
രാജപുരം ∙ പുലി ഭീതി ഒഴിയാതെ പനത്തടി പഞ്ചായത്ത് കല്ലപ്പള്ളി നിവാസികൾ. ചൊവ്വാഴ്ച രാത്രി തൊഴുത്തിൽ കെട്ടിയ, കല്ലപ്പള്ളി ദൊഡ്ഡമനയിലെ ചന്ദ്രശേഖരയുടെ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ലതാ അരവിന്ദ്, രാധാകൃഷ്ണ ഗൗസ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്ത്മല, പഞ്ചായത്തംഗം പി.കെ.സൗമ്യമോൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
വനം പനത്തടി സെക്‌ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വിഷ്ണു കൃഷ്ണൻ, വി.വിനീത്, സൗമ്യ, പ്രകാശൻ, സെൽജോ ജോൺസൻ, വെറ്ററിനറി ഡോ.അരുൺ എന്നിവർ പരിശോധന നടത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. രാത്രി പരിശോധന നടത്തുമെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി. സേസപ്പ അറിയിച്ചു. കല്ലപ്പള്ളി, ഭീരുദണ്ഡ്, രംഗത്ത്മല തുടങ്ങിയ പ്രദേശങ്ങളില്‍ പുലിയിറങ്ങി വളർത്തു നായ്ക്കളെ കൊന്നിരുന്നു. ഇവിടങ്ങളില്‍ വനംവകുപ്പ് രാത്രി പരിശോധന നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.