ADVERTISEMENT

രാജപുരം ∙ ഏലക്കയുടെ സുഗന്ധം പരന്നിരുന്ന പനത്തടി പഞ്ചായത്തിലെ കുറിഞ്ഞിയിൽ ഇന്ന് മണക്കുന്നത് കർഷകരുടെ കണ്ണീരിന്റെ മണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്ത മഴയിൽ ഏലം തൈകൾ ചീഞ്ഞ് നശിച്ചതോടെ വായ്പയെടുത്ത് നടത്തിയ കൃഷിയിൽ നിന്നുള്ള വരുമാനം കണ്ണീർ മാത്രമായി. ഒന്നര ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് കുറി‍ഞ്ഞിയിലെ ഫ്രാൻസിസ് ഒഴുങ്ങാലിൽ 3 വർഷം മുൻപ് അര ഏക്കറിലധികം സ്ഥലത്ത് ഏലം കൃഷി തുടങ്ങിയത്. കുറിഞ്ഞിയിലെ തണുത്ത കാലാവസ്ഥ ഏലം കൃഷിക്ക് അനുയോജ്യമാണെങ്കിലും കനത്ത മഴ വില്ലനായി മാറിയതോടെ ഏലം കൃഷി പരാജയമായി വൻ തുക നഷ്ടത്തിലുമായി. 

ഇടുക്കി രാജാക്കാട് നിന്നു ഞർളാണി ഇനത്തിൽ പെട്ട ഇരുന്നൂറോളം തൈകളാണ് അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്. 3 വർഷത്തെ കൃഷിയിൽ ഒരു തവണ മാത്രമാണ് വിളവെടുക്കാൻ സാധിച്ചത്. ഒരു തൈകൾക്ക് രോഗം ബാധിച്ചാൽ പെട്ടെന്ന് തന്നെ മറ്റു തൈകളിൽ വ്യാപിക്കുന്നതിനാൽ രോഗ പ്രതിരോധത്തിന് സമയം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

ഏലത്തിന് വിപണി കണ്ടെത്താനും ബുദ്ധിമുട്ടുണ്ട്. ലോക്കൽ മാർക്കറ്റുകളിൽ ഏലത്തിന് ആവശ്യക്കാരില്ല. വിളവെടുക്കുന്ന പച്ച ഏലയ്ക്ക നിറ വ്യത്യാസം കൂടാതെ സംസ്കരിച്ച് എടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും സ്ഥാപിക്കണം. ഇതിനെല്ലാം നല്ല ചെലവ് വരുന്നതായി  കർഷകർ പറയുന്നു. കുറിഞ്ഞിയിൽ ഫ്രാൻസിസ് കൃഷി തുടങ്ങിയെങ്കിലും പിന്നീട് ഭാര്യ ഉൾപ്പെടുന്ന ജ്യോതി ജെഎൽജി ഗ്രൂപ്പിനെ ഏൽപിച്ചാണ് കൃഷി നടത്തിയത്. കൃഷിക്ക് പെട്ടെന്നുള്ള രോഗബാധയിൽ ഇവരും കണ്ണീരണിയുകയാണ്.

ഏലം കൃഷിക്ക് മലയോരത്ത് തിരിച്ചടികൾ ഉണ്ടെങ്കിലും പൊരുതി ജയിക്കാനൊരുങ്ങി പെരുതടി പുളിംകൊച്ചിയിൽ മാ കതിർ ജെഎൽജി ഏലം കൃഷിക്ക് തുടക്കമിട്ടുണ്ട്. കുറിഞ്ഞിയിലെ കൃഷി നാശത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് പുതിയ കൃഷി. 200 തൈകളാണ് നട്ടത്. ഏലം കൂടാതെ ജാതിക്ക, കൊക്കോ എന്നിവയും ഇതോടൊപ്പം കൃഷി ഇറക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദേശത്തോടെയാണ് കൃഷി ആരംഭിച്ചിട്ടുള്ളത്.

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥ ഏലം കൃഷിക്ക് അനുയോജ്യമാണെന്ന് കൃഷി വിദഗ്ധർ പറയുന്നു. പക്ഷേ പരിചരണവും കരുതലും കൂടുതൽ വേണം. കർഷകർക്ക് സഹായമായി കൃഷിഭവനുകളും കൂടി മുന്നോട്ടു വന്നാൽ മലയോരത്ത് ഏലത്തിന്റെ സുഗന്ധം പരക്കും.

പെട്ടെന്ന് രോഗ ബാധയേൽക്കുന്ന ഏലം കൃഷിക്ക് പഞ്ചായത്തും കൃഷി വകുപ്പും കൃഷിക്ക് സഹായങ്ങൾ ചെയ്യണം. മഴയത്ത് തണ്ട് പഴുത്താണ് കൃഷി നശിച്ചത്. തണ്ട് തുരപ്പൻ പുഴുവിന്റെ ആക്രമണവും കൃഷി നശിക്കാൻ കാരണമായി. രോഗ പ്രതിരോധത്തിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും നിലവിലുണ്ട്. പെട്ടെന്ന് പരിചരണം നടത്താൻ പാകത്തിൽ അംഗങ്ങളുള്ള കർഷക ഗ്രൂപ്പുകൾക്ക് കൃഷിയിൽ വിജയ സാധ്യതയുണ്ട്. കൃഷിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചാൽ വീണ്ടും കൃഷി നടത്തും.

English Summary:

Cardamom farmers in Kurinji, Kerala, are facing devastating losses due to heavy rains and crop diseases, exacerbated by climate change.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com