റോഡുണ്ടെങ്കിൽ കുഴി മസ്റ്റാണോ? വാഹനം കുഴിയിൽ വീഴാതെ ഒരുയാത്ര സ്വപ്നം
Mail This Article
കാഞ്ഞങ്ങാട് ∙ വാഹനം കുഴിയിൽ വീഴാതെ ഒരുയാത്ര ഇപ്പോൾ ഉപ്പിലിക്കൈ, മോനാച്ച നിവാസികളുടെ സ്വപ്നമാണ്. പ്രധാന റോഡിൽ നിറയെ കുഴി വീണതോടെ റോഡിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതി! മഴ വെള്ളം നിറഞ്ഞാൽ കുഴിയുടെ ആഴം നടുവിനേൽക്കുന്ന ആഘാതത്തിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ... കാഞ്ഞങ്ങാട് നഗരസഭയിലെ വാഴുന്നോറടി, ഉപ്പിലിക്കൈ, മോനാച്ച, നീലേശ്വരം റോഡാണ് നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്നത്.
വീതി കുറഞ്ഞതും അപകടം പതിയിരിക്കുന്നതുമായ റോഡിൽ ഇപ്പോൾ കുഴി കൂടി വന്നതോടെ ജീവൻ പണയപ്പെടുത്തിയാണ് നാട്ടുകാരുടെ യാത്ര. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലെ കുഴി അടയ്ക്കാൻ പോലും അധികൃതർ തയാറാകുന്നില്ല.
കേന്ദ്രീയ വിദ്യാലയം, ആർടിഒ ടെസ്റ്റ് ഗ്രൗണ്ട്, ഉപ്പിലിക്കൈ സ്കൂൾ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. സ്കൂൾ വാഹനങ്ങളും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളും ഇതുവഴി സർവീസ് നടത്തുന്നു.റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്ര പോലും ദുരിതമാണ്.ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിലെ കുഴിയിൽ വീണു അപകടത്തിൽ പെടുന്നതും പതിവാണ്.
സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്
വാഴുന്നോറടി, ഉപ്പിലിക്കൈ,മോനാച്ച, നീലേശ്വരം റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എച്ച്.ആർ.വിനീത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗോകുൽദാസ് ഉപ്പിലിക്കൈ, അനീഷ് ചേടി റോഡ് എന്നിവർ പ്രസംഗിച്ചു.