അവസാനത്തെ ആനയും വേലി കടന്നു; കർഷകർക്ക് ആശ്വാസം
Mail This Article
മുള്ളേരിയ∙ ഒറ്റയാനെ കൂടി സോളർ തൂക്കുവേലി കടത്തി കർഷകർക്കു വനംവകുപ്പിന്റെ ഓണസമ്മാനം. മുഴുവൻ ആനകളും വേലി കടന്നതോടെ, അഴിച്ചു വെച്ച വേലി ചാർജ് ചെയ്തു പ്രവർത്തനക്ഷമമാക്കി. ഇന്നലെ പുലർച്ചെയാണു കാട്ടാന വേലി കടന്നുപോയത്. പാണ്ടി അർത്യയിൽ നിന്നു വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം(ആർആർടി) തുരത്തി രാത്രിയോടെ വേലിക്കു സമീപത്തെത്തിച്ചിരുന്നു. ആന കടക്കുന്നതിനായി വേലിയുടെ ചാർജ് ഓഫാക്കുകയും ചെയ്തു.
രാവിലെ വനപാലകർ നോക്കിയപ്പോഴാണ് ആന കടന്നുപോയതായി വ്യക്തമായത്. മാസങ്ങൾക്കു മുൻപു വേലി കടന്നെത്തിയ ആനകളിൽ രണ്ടെണ്ണത്തിനെ ആർആർടി സംഘം കഴിഞ്ഞ മാസം 28 നു വേലി കടത്തിയിരുന്നു. അവശേഷിച്ച ഒറ്റയാൻ കൂടി കടന്നതോടെ മാസങ്ങൾക്കു ശേഷം ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിലെ കർഷകർക്ക് ആശ്വാസമായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് നിർമിച്ച സോളർ തൂക്കുവേലി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കിയ ശേഷം കാട്ടാനക്കൂട്ടം വേലിക്ക് അപ്പുറത്താണ്. പക്ഷേ ഇടയ്ക്കിടെ ഒറ്റയാന്മാർ വേലി തകർത്തു വരുന്നുണ്ട്.
മരങ്ങൾ ഒടിച്ചു വേലിക്കു മുകളിലേക്കിട്ടു തകർത്താണു അവയുടെ വരവ്. അതു തടയാൻ നിരീക്ഷണം ശക്തമാക്കുമെന്ന് ഡിഎഫ്ഒ കെ.അഷ്റഫ് അറിയിച്ചു. അതിർത്തിയിൽ നിർമിച്ച 21 കിമീ സോളർ വേലിയുടെ കാട് വെട്ടി തടസ്സങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പുലിപ്പറമ്പിൽ നിർമിക്കുന്ന ക്യാംപ് ഷെഡിന്റെ പണി പൂർത്തിയാകുന്നതോടെ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ജയകുമാരൻ, പി.പ്രവീൺ കുമാർ, കെ.രാജു തുടങ്ങിയവർ ആനയെ തുരത്തലിനു നേതൃത്വം നൽകി.