ഓർമകളെ തിരിച്ചുപിടിച്ച് ഗ്രാമങ്ങളിലെ ഓണാഘോഷം
Mail This Article
തൃക്കരിപ്പൂർ ∙ തലപ്പന്തുകളിയും കബഡിയും ഷോഡിയും കുട്ടിയും കോലും കോട്ടയിൽ കുത്തും ചിങ്ങവെയിലിന്റെ ഓണപ്രഭയിൽ ഗ്രാമങ്ങളെ ഉണർവേറ്റി. ഓണക്കളികൾ പോയ കാലത്തിന്റെ നൻമയോർമയിലേക്കു നയിച്ചപ്പോൾ ഓണക്കളികൾക്കൊപ്പം ഇടയിലക്കാട് കാവിലെ മുപ്പതിൽ പരം വാനരരൻമാർ നാട്ടുകാർക്കൊപ്പം ഓണസദ്യ ഉണ്ടു. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി ഒരുക്കിയ സവിശേഷമായ വാനരസദ്യ കാണാനും കാഴ്ചകൾ പങ്ക് വയ്ക്കാനും വിവിധ ദിക്കുകളിൽ നിന്നു ആളുകളെത്തി. ഓണാഘോഷത്തിന്റെ ഭാഗമായാണ് അവിട്ടം നാളിൽ വാനരസദ്യ ഒരുക്കിയത് ഓണസദ്യയുണ്ണാൻ റോഡരികിലൊരുക്കിയ ഡെസ്കുകളിൽ വാനരസംഘം നേരത്തെ നിലയുറപ്പിച്ചിരുന്നു.
2 പതിറ്റാണ്ടുകാലം മുറതെറ്റാതെ വാനരരെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ ’പപ്പീ’...യെന്നു നീട്ടി വിളിച്ച് വാനരനായകനെ വരുത്താൻ അവർ ഉണ്ടായില്ല. എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടിൽ നിന്ന് ഉപ്പു ചേർക്കാത്ത ചോറ് കുട്ടികൾക്ക് കൈമാറി. പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു 17 വിഭവങ്ങളായി വാഴയിലയിൽ നിരത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളവും നൽകി. വാനരസദ്യയുടെ 17 ാമത് വർഷമാണിത്. വാനരസദ്യ കാണാൻ നേരത്തെ തന്നെ ജനക്കൂട്ടം എത്തിത്തുടങ്ങിയിരുന്നു. സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെയുള്ളവർ കാഴ്ചക്കാരായെത്തി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ, ഗ്രന്ഥാലയം പ്രസിഡന്റ് കെ.സത്യവ്രതൻ, സെക്രട്ടറി വി.കെ.കരുണാകരൻ, ബാലവേദി കൺവീനർ എം.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.