നവാതിഥിയായി ചെങ്കണ്ഠൻ മണലൂതി
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലയിലാദ്യമായി ചെങ്കണ്ഠൻ മണലൂതിയെ (റെഡ് നെക്കഡ് സ്റ്റിന്റി) നീലേശ്വരം അഴിത്തലയിൽ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളായ ശ്യാംകുമാർ പുറവങ്കര, ശ്രീലാൽ കെ.മോഹൻ എന്നിവരാണ് കഴിഞ്ഞ ദിവസം അഴിത്തല ബീച്ചിൽ ഈ പക്ഷിയെ കണ്ടെത്തിയത്.
ഇതോടെ ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 406 ആയി. ദേശാടനപ്പക്ഷികളെത്തുന്ന സീസണിന്റെ തുടക്കത്തിൽ തന്നെയാണു പുതിയ പക്ഷിയെ കണ്ടെത്താനായത്. സംസ്ഥാനത്ത് രണ്ടാമതായായാണ് റെഡ് നെക്കഡ് സ്റ്റിന്റിനെ കണ്ടെത്തുന്നത്. 2022ൽ കൊല്ലത്താണ് ആദ്യമായി കണ്ടെത്തിയത്. ഈ മേഖലയിൽ വിദഗ്ധനായ ഡേവ് ബേക്ക്‌വെല്ലാണ് അഴിത്തലയിലെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. മണലൂതി ഇനത്തിൽ പെട്ട പക്ഷികളെ കൂടുതലായി കാണുന്നത് ഇന്ത്യയുടെ കിഴക്കൻ തീരത്താണ്. ഇവയുടെ ദേശാടന പാതയുടെ പ്രത്യേകത മൂലമാണിത്. പടിഞ്ഞാറൻ തീരത്ത് ഗുജറാത്തിലും കേരളത്തിലും മാത്രമാണ് ഇവയെ മുൻപ് ഓരോ തവണ കണ്ടെത്തിയുട്ടുള്ളത്. അലാസ്കയിലെ പടിഞ്ഞാറ്, വടക്ക് മേഖലകളാണ് ഇവയുടെ പ്രജനന കേന്ദ്രങ്ങൾ.