ADVERTISEMENT

കാഞ്ഞങ്ങാട് ∙ മോഹിപ്പിച്ച് കുതിച്ചുയർന്നും നിരാശരാക്കി കുത്തനെ ഇടിഞ്ഞും ചാഞ്ചാടി തേങ്ങവില. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 48 രൂപയുണ്ടായിരുന്ന തേങ്ങ വില ഇന്നലെ ഒറ്റയടിക്ക് 40 രൂപയായി കുറഞ്ഞു. 48 രൂപയ്ക്കു കർഷകരിൽ നിന്നു പച്ചത്തേങ്ങ വാങ്ങിയ സഹകരണ സംഘങ്ങളും കച്ചവടക്കാരും ഒറ്റദിവസത്തെ വിലയിടിവിനെ തുടർന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വില ഇനിയും കുതിച്ചുയരുമെന്നു കരുതിയ കർഷകർക്കും വിലയിടിവ് തിരിച്ചടിയായി. അതേസമയം തേങ്ങയ്ക്ക് നല്ല വിലയുണ്ടെങ്കിലും വിൽക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയിലാണ് കർഷകർ. തേങ്ങയ്ക്ക് ഇത്രയും ഉയർന്ന വില ലഭിച്ച കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ലെന്നിരിക്കെ സാഹചര്യം പണമായി കീശയിലാക്കാൻ പറ്റാത്ത സ്ഥിതിയായി കർഷകന്. ഓണത്തിന് മുൻപ് 32.50 രൂപയായിരുന്നു തേങ്ങ വില. ഇതാണ് കുത്തനെ കൂടി 48 വരെയായി ഉയർന്നത്. കഴിഞ്ഞ 7 കൊല്ലമായി തേങ്ങയ്ക്ക് ഇത്രയധികം വിലയുണ്ടായിട്ടില്ല. പച്ചത്തേങ്ങ കിലോഗ്രാമിന് 19.50 രൂപയായി ഏറ്റവും താഴ്ന്ന വിലയ്ക്കു കണ്ണീരോടെ വിറ്റിരുന്ന കാലത്തുനിന്നാണ് കിലോഗ്രാമിന് 50 രൂപയിലേക്ക് തേങ്ങ വില കൂടിയത്. പച്ചത്തേങ്ങയ്ക്കൊപ്പം കൊട്ടത്തേങ്ങ, രാജാപൂർ, ഉണ്ട, മിൽ കൊപ്ര‌ എന്നിവയുടെ വിലയും കുത്തനെ കൂടി.

എന്തുകൊണ്ടാണ് തേങ്ങയ്ക്ക് അപ്രതീക്ഷിതമായി വില കൂടിയതെന്നു പിടികിട്ടാതിരിക്കുകയാണ് കർഷകർ. കേരളത്തിലേക്ക് അടുത്തിടെ കൂടുതൽ തേങ്ങ വന്നിരുന്നത് തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നുമായിരുന്നു. വരൾച്ച കാരണം കർണാടകയിലും തമിഴ്നാട്ടിലും കഴിഞ്ഞ സീസണിൽ ഉൽപാദനം കുറഞ്ഞു. ഉത്തരേന്ത്യയിൽ ഉത്സവ സീസണുകൾ തുടങ്ങിയതോടെ എണ്ണയുടെ ആവശ്യം കൂടി. രണ്ടും ഗുണമായത് കേരളത്തിലെ കർഷകർക്കായിരുന്നു. ഓണം സീസണിൽ ഉണ്ടായിരുന്ന 35 രൂപയിൽ നിന്നാണ് കിലോഗ്രാമിന് 47 എത്തിയത്. 2017ൽ പച്ചത്തേങ്ങ കിലോഗ്രാമിന് 47 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് കുറഞ്ഞു. 2018ൽ 27ഉം 2023ൽ 26ഉം ആയി താഴ്ന്നു. 2021ൽ ആണ് ഏറ്റവും കുറഞ്ഞ വിലയുണ്ടായത്–19.50 രൂപ.

ഉൽപാദനം കുറഞ്ഞു
നാളികേര ഉൽപാദനം ഏറ്റവും കുറഞ്ഞൊരു സീസണിലൂടെയാണു കടന്നുപോകുന്നത്. രണ്ടു വർഷം മുൻപ് 1000 തേങ്ങ ലഭിച്ചിരുന്ന പറമ്പിൽ നിന്ന് 500 തേങ്ങപോലും ലഭിക്കാത്ത അവസ്ഥയാണ്. തെങ്ങിനു വളം ചെയ്താൽ ഫലം ലഭിക്കില്ലെന്നൊരു ചിന്ത കർഷകനു വന്നതോടെ തടംതുറക്കുന്നതും വളം ചെയ്യുന്നതു നിർത്തി. ഏതൊരു കർഷകനോടു ചോദിച്ചാലും രണ്ടുവർഷമായി വളമൊന്നും ചെയ്യാറില്ലെന്നാണു പറയുന്നത്. നന്നായി വളം ചെയ്താൽ മാത്രമേ തെങ്ങിൽ തേങ്ങ കൂടുതൽ ഉണ്ടാകൂ. രണ്ടുവർഷമായി വളം ചെയ്യാത്തതിന്റെ നഷ്ടം ഇപ്പോഴാണുണ്ടാകുന്നത്. കാക്കയങ്ങാട്ടെ നാളികേര കർഷകനായ മാത്യു കാക്കയങ്ങാടിന് കഴിഞ്ഞ ഇതേ സീസണിൽ 4000 തേങ്ങയാണ് ലഭിച്ചിരുന്നതെങ്കിൽ ഓണത്തിനു മുൻപ് ലഭിച്ചത് 700 തേങ്ങ. തേങ്ങയിടാനും പൊതിക്കാനും വാഹനത്തിൽ കൊണ്ടുപോകാനും കൂലിപ്പണിക്കുമായി ചെലവു വന്നത് 7000 രൂപ. ഒന്നും ബാക്കിയില്ലാത്ത അവസ്ഥ. ഇങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ തെങ്ങിനു വളം ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അര ലക്ഷം രൂപയാണ് ഒരു കൊല്ലത്തിൽ തെങ്ങിനു വളമിടാൻ വേണ്ട ചെലവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ പകുതിപോലും തേങ്ങയിട്ടാൽ ലഭിക്കില്ലെന്നാണ് അനുഭവം വച്ച് അദ്ദേഹം പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഉൽപാദനം കുറയാൻ മറ്റൊരു കാരണം. കഴിഞ്ഞ ഫെബ്രുവരി–മേയ് സീസണിലെ കത്തുന്ന ചൂടിൽ മച്ചിങ്ങയെല്ലാം പൊഴിഞ്ഞുപോയി. സാധാരണ വേനൽമഴ ലഭിക്കാറുണ്ടെങ്കിലും ഇക്കുറി അതുമുണ്ടായില്ല. മലയോരമേഖലയിൽ കുരങ്ങന്മാരുടെ ശല്യം കൂടിയതും കർഷരെ കൃഷിയിൽനിന്നു പിൻതിരിയാൻ പ്രേരിപ്പിച്ചു.

സംഭരണം പാളുന്നു
തേങ്ങയ്ക്കു വില കുറയുമ്പോൾ കർഷകർക്കു താങ്ങാകാൻ സർക്കാരിനു കഴിയാറില്ല. താങ്ങുവില വേണമെന്ന് കർഷകർ ആവശ്യപ്പെടുന്ന സമയത്തൊന്നും അതിനു തയാറാകാറില്ല. താങ്ങുവില പ്രഖ്യാപിച്ചാൽ തന്നെ സംഭരണം കൃത്യമായി നടക്കാറുമില്ല. കൃഷിഭവൻ വഴി സംഭരണകേന്ദ്രങ്ങളിൽ നൽകുന്ന തേങ്ങയുടെ പണം ലഭിക്കാൻ കർഷകർ പലതവണ നടക്കേണ്ടിയും വന്നു. പുറത്തെ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരുന്നു തേങ്ങ സംഭരിച്ചതൊക്കെ. ഇതെല്ലാം കർഷകനെ മാനസികമായി തകർത്തു. ഇതോടെ പലരും കൃഷിക്കു വേണ്ട പ്രാധാന്യം നൽകി. അതാണിപ്പോൾ ആവശ്യം വന്നപ്പോൾ വിൽക്കാൻ തേങ്ങയില്ലാത്ത അവസ്ഥയിലെത്തിച്ചത്. 

വെളിച്ചെണ്ണ വില ഉയരും
തേങ്ങയുടെ വില കയറുന്നതുപോലെയാണ് വെളിച്ചെണ്ണയുടെയും. ലീറ്ററിന്190 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 230–240 രൂപയാണ്. ഇത് ഇനിയും കൂടുമെന്നാണ് ഉൽപാദകർ പറയുന്നത്. ജില്ലയിലെ പല വെളിച്ചെണ്ണ നിർമാണ കമ്പനികൾക്കും ആവശ്യത്തിനു തേങ്ങ ലഭിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നുള്ള കമ്പനികൾ ഇവിടെ വന്ന് തേങ്ങ കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോകുന്നതിനാൽ പലരും ഇതര ജില്ലകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സർക്കാർ വിവിധ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 22.5% ആക്കി വർധിപ്പിച്ചതും വെളിച്ചെണ്ണ വില കൂടാൻ കാരണമാകും. പാം ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ വില കൂടിയിട്ടുണ്ട്. കിലോഗ്രാമിന് 90 രൂപയായിരുന്ന പാം ഓയിലിന്റെ വില 130 ആയി. വെളിച്ചെണ്ണ വില കുറച്ചുകാലത്തേക്കെങ്കിലും ഉയർന്നുതന്നെ നിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

English Summary:

This article examines the volatile coconut market in Kanhangad, Kerala, where prices have soared and crashed, leaving farmers struggling to cope. The article explores the reasons behind the price fluctuations, including fluctuating production, climate change, and procurement issues. It also discusses the impact on the coconut oil market and the need for government intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com