കരിന്തളത്ത് കാട്ടുപന്നിയുടെയും പുലിയുടെയും ഇടയിൽ ജീവിതം
Mail This Article
നീലേശ്വരം ∙ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്കരമാകുന്നു. കാർഷിക വിളകൾ നശിപ്പിച്ചും ജീവനു ഭീഷണിയായും നിലവിൽ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയവ ഒന്നും തന്നെ വിളവെടുക്കാൻ കിട്ടുന്നില്ല. ഇതിന്റെ ഭാഗമായി കൃഷി ചെയ്യാൻ കർഷകർ തയറാകാതിരിക്കുകയും തൊഴിലാളികൾക്ക് പണി ഇല്ലാതാവുകയും ചെയ്യുന്നു. ടാപ്പിങ് തൊഴിലാളികളെ പലപ്പോഴും പുലർച്ചെ കാട്ടുപന്നി ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
മീർകാനത്തെ ടാപ്പിങ് തൊഴിലാളിയായ സോണി കാട്ടുപന്നിയുടെ അക്രമണത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ഏറെ നാളായി ചികിത്സയിലാണ്. കൂടാതെ, പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയെന്ന വാർത്ത ജനങ്ങളിൽ വലിയ ഭീതിയാണ് പടർത്തിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ വെടിവയ്ക്കാൻ അനുവാദം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തിൽ പ്രായോഗികമാകുന്നില്ല. വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക തൊഴിലാളി യൂണിയൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 4 ന് കരിന്തളത്തുള്ള ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.