പച്ചക്കറി കടയിൽ എത്തിയ ആൾ കുഴഞ്ഞു വീണു, സൈറൺ മുഴക്കി ആംബുലൻസ് എത്തി; കൂടിയിരുന്നവർ ആശങ്കയിലായി
Mail This Article
ചെറുവത്തൂർ ∙ പച്ചക്കറി കടയിൽ എത്തിയ ആൾ കുഴഞ്ഞു വീണു. സൈറൺ മുഴക്കി ആംബുലൻസ് എത്തി, കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തകർകുഴഞ്ഞ് വീണ ആളുടെ ജീവൻ രക്ഷിച്ചു. ഈ സംഭവമെല്ലാം ചുറ്റും കൂടിയിരുന്നവരെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ ചീമേനി ടൗണിലായിരുന്നു സംഭവം. ദേശീയ ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം, ചീമേനി ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, ജിഎച്ച്എസ്എസ് ചീമേനി എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഒരുക്കിയ മോക്ഡ്രിൽ ആയിരുന്നു ഇത്.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എച്ച്.ലിൻഡ ഹൃദയ സംരക്ഷണത്തിനായി എടുക്കേണ്ട മുൻ കരുതലുകൾ, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം എന്നിവയെ കുറിച്ച് വിശദീകരിച്ചു. നാടക കലാകാരൻ അശോകൻ പെരിങ്ങാര, എച്ച്ഐ കെ.രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.പ്രസീത, ഷോർട്ട് ഫിലിം സംവിധായകൻ സജിത്ത് കെ.രാജീവ്, ആംബുലൻസ് ഡ്രൈവർ സുബിൻ എന്നിവരാണ് മോക്ഡ്രില്ലിനു നേതൃത്വം നൽകിയത്. തുടർന്ന് നടന്ന കൂട്ടയോട്ടം കയ്യൂർ–ചീമേനി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ശശിധരൻ ഫ്ലാഗ്ഓഫ് ചെയ്തു.