അപകടവളവിൽ സുരക്ഷ ഉറപ്പാക്കണം: ജില്ലാ വികസനസമിതി യോഗം
Mail This Article
വിദ്യാനഗർ ∙ ചെർക്കള–മുള്ളേരിയ –ജാൽസൂർ റോഡിലെ സ്ഥിരം അപകട മേഖലയായ കോട്ടുർ വളവിൽ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയാണ് ഈ വിഷയം ഉന്നയിച്ചത്. സുരക്ഷ ഉറപ്പാക്കാനായി ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ 3 അപകടങ്ങളാണ് ഉണ്ടായത്.ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നു. അപകട മേഖലയായ കോട്ടുർ വളവിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി വേണമെന്നു വിവിധ സംഘടനകളും ജനപ്രതിനിധികളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് ഏറെയായി. അതിനാൽ ആവശ്യമായ പരിശോധന നടത്താൻ ബന്ധപ്പെട്ടവരെ യോഗം ചുമതലപ്പെടുത്തി. ചെർക്കള–ജാൽസൂർ, കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതകളിൽ തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്നു യോഗത്തിൽ ആവശ്യം ഉയർന്നു.
കാസർകോട് ടൗണിലെ പാർക്കിങ് പ്രശ്നം പരിഹരിക്കണം
കാസർകോട് ജനറൽ ആശുപത്രിയിലെ നബാർഡ് ഫണ്ടിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. കാസർകോട് നഗരത്തിൽ എം.ജി റോഡിലുള്ള പാർക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനായി നഗരസഭാതല ഗതാഗത കമ്മിറ്റി യോഗം ചേരുന്നതിന് തീരുമാനിച്ചു. കലക്ടറേറ്റ് കോംപൗണ്ടിനകത്ത് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഓഫിസ് വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ട് കണ്ടെത്തണമെന്ന് എംഎൽഎ നിർദേശിച്ചു.
കാസർകോട് നഗരസഭയിലെ പുഴക്കരക്കുണ്ടിൽ അപകടാവസ്ഥയിലുള്ള ചുറ്റുമതിൽ പൊളിച്ച് പണിയുന്നതിന് നഗര സഭ രൂപീകരിച്ച പദ്ധതിക്ക് ഡിപിസി അംഗീകാരം നേടിയിട്ടുണ്ട്. കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പുറത്ത് രാത്രികാലങ്ങളിൽ ബസുകൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. വിഷയത്തിൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടു. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർമാരുടെ ഒഴിവുണ്ടെന്നും അതിനാൽ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകേണ്ടി വരുന്നു.
മാതൃകാ വയോജന പാർക്ക് നിർമിക്കാൻ ആലോചന
ചട്ടഞ്ചാലിൽ വയോജന പാർക്കിന് ആവശ്യമായ ഭൂമി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളതിനാൽ നിർമാണത്തിന് തടസ്സം വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ പറഞ്ഞു. ദേശീയപാതയോരത്ത് ചട്ടഞ്ചാലിൽ വയോജന പാർക്കിനായി അനുവദിച്ച ഭൂമിയിൽ കേസുകളിൽ പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണെന്നും അവ മാറ്റി നൽകിയാൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായ പാർക്കിന്റെ പ്രവർത്തനം ആരംഭിക്കാമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ഷാനവാസ് പറഞ്ഞു. 50 സെന്റ് സ്ഥലത്ത് ജില്ലയിലെ മാതൃകാ വയോജന പാർക്ക് നിർമിക്കാനാണ് ആലോചിക്കുന്നത്. ഉദുമ സബ് റജിസ്ട്രാർ ഓഫിസിന് സമീപത്ത് ബസ് സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.