ട്രെയിനിൽ നിന്ന് കാസർകോട് സ്വദേശിനിയുടെ സ്വർണവും പണവും കവർന്നു
Mail This Article
കാസർകോട് ∙ ട്രെയിൻ യാത്രക്കാരിയായ കാസർകോട് സ്വദേശിനിയുടെ 3 പവൻ സ്വർണമാലയും 5000 രൂപയും സ്വർണ നിറത്തിലുള്ള കൊന്ത മാലയും അടങ്ങിയ ബാഗ് കവർന്നു. പിന്നീട് സ്വർണവും പണവും എടുത്തതിനു ശേഷം ബാഗ് ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 29നു രാത്രി കൊല്ലം ജംക‍്ഷനിൽ നിന്നു കാസർകോട്ടേക്കു കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ് പ്രസിൽ റിസർവേഷൻ എസ് 5 കംപാർട്മെന്റിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. കൊല്ലത്തെ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ഇതിനിടെയാണ് കവർച്ച.
കഴുത്തിൽ അണിഞ്ഞ മാല ബാഗിലിട്ടു തലയുടെ ചുവടെ വച്ച് രാത്രി 12മണിയോടെയാണ് കിടന്നത്. പിന്നീട് ഉണർന്നു സമയം നോക്കാനായി ബാഗിലെ കണ്ണട എടുക്കാൻ നോക്കിയപ്പോഴോണ് ബാഗ് നഷ്ടമായത് അറിയുന്നത്. അപ്പോഴേയ്ക്കും സമയം 2.30 ആയിരുന്നു. ബാഗ് കാണാതായ വിവരം കൂടെയുള്ള ബന്ധുക്കളെയും അവർ പൊലീസിനെയും അറിയിച്ചു. ഇതിനിടെ ട്രെയിൻ കുറ്റിപ്പുറത്ത് എത്തിയിരുന്നു. ഇതിനിടെ കണ്ണടയും ആധാര കാർഡും മറ്റും അടങ്ങിയ ബാഗ് അതേ കംപാർട്മെന്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ മറ്റു യാത്രക്കാർ കാണുകയും ബന്ധുക്കളെത്തി ഉറപ്പു വരുത്തുകയും ചെയ്തു. ബാഗ് പരിശോധിച്ചപ്പോഴേക്കും പണവും സ്വർണമാലയും സ്വർണ നിറത്തിലുള്ള കൊന്ത മാലയും അതിൽ ഇല്ലായിരുന്നു. ട്രെയിനിലുണ്ടായിരുന്ന പൊലീസുകാർക്ക് പരാതി നൽകി. ഇന്നലെ രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസ് കേസെടുത്തത്.