റെയിൽവേ സ്റ്റേഷനിലെ വേസ്റ്റ് ബിന്നുകളിൽ സാനിറ്ററി നാപ്കിൻ തള്ളൽ വ്യാപകം
Mail This Article
കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലെ വേസ്റ്റ് ബിന്നുകളിൽ സാനിറ്ററി നാപ്കിൻ വ്യാപകമായി തള്ളുന്നു. ആളൊഴിഞ്ഞ ഭാഗങ്ങൾ, മേൽനടപ്പാലം എന്നിവിടങ്ങളിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിലാണ് സാനിറ്ററി നാപ്കിൻ കവറുകളിലാക്കി കൊണ്ടുവന്ന് തള്ളുന്നത്. ഓരോ ദിവസവും നൂറുകണക്കിന് നാപ്കിനുകളാണ് കവറുകളിലാക്കി വേസ്റ്റ് ബിന്നുകളിൽ തള്ളുന്നതെന്നും ഇതു സംസ്കരിക്കാൻ വഴിയില്ലാതെ ഏറെ ബുദ്ധിമുട്ടുന്നതായും റെയിൽവേ ക്ലീനിങ് സൂപ്പർവൈസർ കെ.മനോരമ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നാപ്കിൻ കെട്ടുകൾ തള്ളുന്നത്.
കാറുകളിൽ എത്തിയും ആളുകൾ ഉപയോഗശൂന്യമായ നാപ്കിൻ കെട്ടുകൾ വേസ്റ്റ് ബിന്നിൽ തള്ളുന്നുണ്ട്. ഒരുതവണ ഇതു ശ്രദ്ധയിൽ പെട്ട ഓട്ടോഡ്രൈവർമാർ എതിർത്തെങ്കിലും വകവയ്ക്കാതെ മാലിന്യം തള്ളി കടന്നുകളയുകയായിരുന്നു. നാപ്കിൻ സംസ്കരിക്കാൻ നിലവിൽ റെയിൽവേ സ്റ്റേഷനിൽ സൗകര്യമില്ല. വ്യാപകമായി തള്ളുന്ന ഇത്തരം മാലിന്യങ്ങൾ കൊണ്ടു സ്റ്റേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാരാണ് പൊറുതി മുട്ടുന്നത്. വീടുകളിൽ തന്നെ ഇവ സംസ്കരിക്കാനുള്ള വഴി കണ്ടെത്തണമെന്നും പൊതുസ്ഥലം മാലിനമാക്കാതിരിക്കാൻ സഹായിക്കണമെന്നും ജീവനക്കാർ പറയുന്നു.