സ്റ്റോപ് ഉണ്ട്.. ബസില്ല..! ; കുംബഡാജെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിൽ ബസ് സർവീസുകൾ കുറവ്
Mail This Article
കുംബഡാജെ ∙ കുംബഡാജെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസില്ല. ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കുമബഡാജെ പഞ്ചായത്തിലെ കെ.കെ.നാരംപാടി, കർക്കടകകോളി നാട്ടക്കൽ ജില്ലാ പഞ്ചായത്ത് റോഡിൽ ബസ് സർവീസില്ല. ബെളിഞ്ച പ്രദേശത്തുള്ള വിദ്യാർഥികൾക്ക് നാട്ടക്കല്ലിലേക്ക് ബസ് സർവീസുണ്ടായിരുന്നെങ്കിൽ ബെള്ളൂർ ഹയർസെക്കൻഡറി സ്കൂളിലെത്താനാകും.
മറ്റു യാത്രക്കാർക്കും ഇതുവഴി മുള്ളേരിയ, സുള്ള്യപദവ് എന്നിവിടങ്ങളിലേക്കും പോകാം. ഈ റൂട്ടിൽ ബസ് സർവീസില്ലാത്തതിനാൽ വിദ്യാർഥികൾ ബദിയടുക്ക പഞ്ചായത്തിലെ വിദ്യാലയങ്ങളിലേക്ക് 10 കിലോമീറ്റർ കറങ്ങിയാണ് പോകുന്നത്. ഇതേ പഞ്ചായത്തിലെ ബെളിഞ്ച, മുക്കൂർ, മൗവ്വാർ റോഡിലും ബസ് സർവീസില്ല.
പുത്തിഗെ പഞ്ചായത്തിൽ കാസർകോട്, സീതാംഗോളി വഴി മലയോര ഹൈവേ കടന്നുപോകുന്ന അംഗടിമുഗർ പെർമുദെ, ചേവാർ, പൈവളിഗെ, മിയാപദവ്, വോർക്കാടി, നങ്ങാരപദവ് വഴിയും ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇതുവഴി സർവീസ് തുടങ്ങിയാൽ കർണാടകയിലെ വിവിധ മെഡിക്കൽ കോളജ്, മംഗളൂരു ടൗൺ എന്നിവിടങ്ങളിലേക്ക് നേരിട്ട് പോകാനാകും.എൻമകജെ പഞ്ചായത്തിലെ പെർള, അഡ്യനടുക്ക, പെറുവായി, ബായാർ, കൈക്കമ്പ, ഉപ്പള റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസില്ലാത്തത് ദുരിതമാകുന്നു.
അതിർത്തി പഞ്ചായത്തായ എൻമകജെ പഞ്ചായത്തിലുള്ളവർക്ക് മഞ്ചേശ്വരം താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ്, മഞ്ചേശ്വരം ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വകാര്യ ബസുകളുണ്ടെങ്കിലും അവ ഇടയ്ക്കിടെ സർവീസ് മുടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. 30 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിനു പകരമായി അല്ലെങ്കിൽ പെർള, സീതംഗോളി, കുമ്പള വഴി ഉപ്പളയിലെത്താൻ 45 കിലോമീറ്റർ ചുറ്റി യാത്രചെയ്യണം.