ADVERTISEMENT

രാജപുരം ∙ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ പൂടുംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങി മലനാട് വികസന സമിതി. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ചക്രസ്തംഭന സമരത്തിലും ബളാംതോട് നടത്തിയ ഉപവാസ സമരത്തിലും പ്രതിഷേധമിരമ്പി. 

ഉപവാസ സമരം രാജപുരം സെന്റ് പയസ് ടെൻത് കോളജ് പ്രഫ.സിനോഷ് സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ആർ.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പ‍ഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ജില്ലാ പ‍ഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്തംഗങ്ങളായ സുപ്രിയ ശിവദാസ്, രാധാ സുകുമാരൻ, കെ.കെ.വേണുഗോപാൽ, കെ.എസ്.പ്രീതി, എൻ.വിൻസന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എം.പത്മകുമാരി, രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ, എം.കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്‍,

മലനാട് വികസന സമിതി വൈസ് ചെയർമാൻ കെ.ജെ.സജി, ജനറൽ സെക്രട്ടറി ബി.അനിൽകുമാർ, ട്രഷറർ അജി ജോസഫ്, പി.എ.ജോസഫ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ, വിവിധ സന്നദ്ധ സംഘടന‍, ഓട്ടോ ടാക്‌സി‍, വ്യാപാരി വ്യവസായി, റസിഡൻഷ്യൽ അസോസിയേഷൻ‍, ജെസിഐ, റാണിപുരം ഇക്കോ ടൂറിസം റിസോർട്ട് അസോസിയേഷൻ‍, ചുമട്ടു തൊഴിലാളികൾ, ലയൺസ് ക്ലബ്, കെസിസി രാജപുരം ഫൊറോന, ഓൾ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ, കേരള ടാക്‌സി ഡ്രൈവർ ഓർഗനൈസേഷൻ, എസ്‌വൈഎസ്, എൻഎസ്എസ് കരയോഗം, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, കിസാൻ ചാരിറ്റബിൾ സൊസൈറ്റി‍, സുന്നി മഹല്ല്, എകെസിസി, വൈഎംസിഎ, വിവിധ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. 

വൈകിപ്പിച്ചത് ഭാരത്​മാല?
2018ലാണ് പൂടംകല്ല്-പാണത്തൂർ റോഡ് നവീകരണത്തിന്റെ പ്രാഥമിക സർവേ പൂർത്തിയാക്കിയത്. അതേവർഷം തന്നെ കാഞ്ഞങ്ങാട് മുതൽ ഈ പാതയെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി. അതോടെ മൂന്നാംഘട്ട നവീകരണം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ഭാരത്‌മാല പിന്നാലെ നിലച്ചു. പ്രതിഷേധം വീണ്ടുമുയർന്നതോടെ പൊതുമരാമത്ത് 79 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് കൈമാറി.

എസ്റ്റിമേറ്റിൽ പിഴവ്
പദ്ധതി ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എസ്റ്റിമേറ്റ് തയാറാക്കിയതിൽ അപാകത കണ്ടതിനെ തുടർന്ന് കരാർ നടപടികൾ റദ്ദ് ചെയ്തു. ഇതിനെതിരെ മലയോരത്ത് വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് 2021ലാണ് പൂടുംകല്ല്-ചിറങ്കടവ് വരെ 17.2 കിലോമീറ്റർ നവീകരണത്തിന് കിഫ്ബി പദ്ധതിയിൽ 59.94 കോടി രൂപ അനുവദിച്ച് കരാർ‌ നടപടികൾ‌ പൂർത്തിയാക്കിയത്. തുടർന്ന് 2022 ഏപ്രിൽ 13ന് നിർമാണം ആരംഭിച്ചു. 

കാലാവധി നീട്ടി..നീട്ടി
18 മാസമായിരുന്നു കാലാവധി. തുടർന്ന് കാലാവധി 9 മാസം കൂടി നീട്ടി നൽകി. എന്നിട്ടും ആദ്യ ഘട്ട ടാറിങ് പൂർത്തിയാക്കാനായത് കോളിച്ചാൽ 18ാം മൈൽ വരെയുള്ള 9 കിലോമീറ്റർ മാത്രമാണ്. നീട്ടി നൽകിയ കാലാവധി കഴിഞ്ഞിട്ട് ഇപ്പോൾ 5 മാസം കഴിഞ്ഞു. നിലവിൽ റോഡിന്റെ നിർമാണം പൂർണമായും നിലച്ച മട്ടാണ്.

റോഡിന്റെ അനാസ്ഥയ്ക്കെതിരെ വികസന സമിതിയുടെ നേതൃത്വത്തിൽ മലയോരത്ത് പ്രതിഷേധം കനക്കുന്നതിനിടെ കരാർ കാലാവധി തീരുന്നതിന് രണ്ടാഴ്ച മുൻപ് പ്രവൃത്തികൾ നിർത്തിവയ്ക്കുന്നതായി കാണിച്ച് കെആർഎഫ്ബി അധികൃതർക്ക് കരാറുകാരൻ പണി നിർത്തി വയ്ക്കുന്നതായി കത്ത് നൽകിയിരുന്നു. ‍

പണി വൈകുന്നതിന് കാരണം എന്ത്?
സമയ ബന്ധിതമായി മരങ്ങൾ മുറിച്ച് നീക്കാത്തതും, വൈദ്യുത തൂണുകൾ മാറ്റാത്തതുമാണ് പണി വൈകാൻ കാരണമെന്ന് കരാറുകാരൻ നൽകിയ കത്തിൽ പറയുന്നു. വീണ്ടും കാലാവധി നീട്ടി നൽകണമെന്നാണ് പ്രധാന ആവശ്യം. കാലാവധി നീട്ടിയാലും പണി പൂർത്തിയാക്കാൻ സാധിക്കാത്തതാണ് റോഡ് നവീകരണം വൈകുന്നതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. ഇനി കാലാവധി നീട്ടി നൽകണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ്‍ വേണമെന്നാണ് വിശദീകരണം.

സമരം എന്തിന്?
കോളിച്ചാൽ മുതൽ ചിറങ്കടവ് വരെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടിയുള്ള ദുരിത യാത്രയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ജനങ്ങൾ സമര പന്തലിൽ എത്തിയത്.

English Summary:

The Malanad Vikasana Samiti, along with local residents, have launched a protest against the stalled renovation of the Kanhangad-Panathur highway in Rajapuram, Kerala. The project, marred by delays, contract disputes, and bureaucratic hurdles, has left the vital road in a dilapidated state, causing hardship for commuters. The Samiti demands immediate action and a swift resolution to resume the much-needed infrastructure development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com