ADVERTISEMENT

സുള്ള്യ ∙ നാലായിരത്തോളം വിദ്യാർഥികൾക്ക് ഭരതനാട്യം പഠിപ്പിച്ചു. രണ്ടായിരത്തിലധികം വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചു. ഇങ്ങനെ ഭരതനാട്യവും, നൃത്തവും പ്രാണവായു പോലെ കൊണ്ടു നടക്കുന്ന ഡോ.ചേതന രാധാകൃഷ്ണ ഭരതനാട്യം കലയെ ജീവിതസപര്യയാക്കിയ കലാകാരിയാണ്. സുള്ള്യ കനകമജലു പി.എം.രാധാകൃഷ്ണന്റെ ഭാര്യയായ ഡോ.ചേതന കാഞ്ഞങ്ങാട് സ്വദേശിനിയാണ്. 1992ൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച ചേതന കഴിഞ്ഞ 3 പതിറ്റാണ്ടായി നൃത്തകലാ രംഗത്തും, ഭരതനാട്യ വേദികളിലും സജീവ സാന്നിധ്യമാണ്.

ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സ് എന്ന നൃത്ത വിദ്യാലയം വഴി ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ന‍ൃത്തം പഠിപ്പിച്ചു. മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗുരുദേവ അക്കാദമിയിൽ ഇപ്പോൾ മൂന്നൂറോളം വിദ്യാർഥികൾ പഠിക്കുന്നു, കാഞ്ഞങ്ങാട് കോട്ടച്ചേരി കൃഷ്ണരായ ഷേണായ് – ജയന്തി ഷേണായ് ദമ്പതികളുടെ മകളായ ഡോ.ചേതന, ഡോ.ബി.എ.ഷേണായി - ഇന്ദിര ഷേണായി, കോട്ടച്ചേരി അനന്തരായ ഷേണായി - ശാന്താ ഭായി ഷേണായി ദമ്പതികളുടെ കൊച്ചു മകളാണ്. 

അച്ഛൻ കൃഷ്ണരായ ഷേണായിയുടെ ജോലിയുമായി ബന്ധപ്പെട്ട് കർണാടകയിലെ മണ്ഡ്യയിൽ എത്തിയതാണ് ഇവരുടെ കുടുംബം. ഏഴാമത്തെ വയസ്സിൽ ഭരതനാട്യ പഠനം തുടങ്ങിയ ചേതന കർണാടക സ്റ്റേറ്റ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് നടത്തുന്ന ഭരതനാട്യം പരീക്ഷയിൽ ജൂനിയർ, സീനിയർ ഗ്രേഡ് പാസായി. സ്വർണ മെഡൽ ഉൾപ്പെടെ ഒന്നാം റാങ്കോടെ വിദ്വത്ത് നേടി. ബിഎ പർഫോർമിങ് ആർട്സ് ബിരുദം പൂർത്തിയാക്കി. ഒന്നാം റാങ്കും, സ്വർണമെഡൽ അടക്കം ഭരതനാട്യം, സംസ്കൃതം എന്നിവയിൽ ബിരുദാനന്തര ബിരുദവും ഭരതനാട്യത്തിൽ പിഎച്ച്ഡി, ഡിലിറ്റ് എന്നിവയും സ്വന്തമാക്കി. 

മൈസൂരു സർവകലാശാലയിലും ഗംഗുഭായി ഹാനഗൽ സംഗീത, നൃത്ത സർവകലാശാലയിലും ഭരതനാട്യം അധ്യാപികയായി 10 വർഷത്തിലധികം സേവനമനുഷ്ഠിച്ച ചേതന ഇപ്പോൾ പൂർണമായും തന്റെ ഗുരുദേവ അക്കാദമിയിൽ ഭരതനാട്യം പഠിപ്പിക്കുന്നു ഒപ്പം വേദികളിൽ നിന്നു വേദികളിലേക്ക് ന‍ൃത്ത ചുവടുകളുമായി കലാ സപര്യ തുടരുന്നു. ദേശീയ അന്തർ ദേശീയ വേദികളിൽ ഉൾപ്പെടെ ആയിരക്കണക്കിനു ഭരതനാട്യം, നൃത്ത പരിപാടികൾ അവതരിപ്പിച്ചു. അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും നൃത്ത ജീവിതത്തിനും താങ്ങായി എന്നും ഭർത്താവ് പി.എം.രാധാകൃഷ്ണ ഒപ്പമുണ്ട്. 

പ്രശസ്ത തെലുങ്ക്, കന്നഡ ചലച്ചിത്ര താരം പായൽ രാധാകൃഷ്ണ ഇവരുടെ മകളാണ്, മകൻ മൃണാൾ വിദ്യാർഥിയാണ്.ഡോ.ചേതനയുടെ നേതൃത്വത്തിൽ സംസ്ഥാന, ദേശീയ നൃത്ത ഉത്സവങ്ങൾ, ഭരതനാട്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുന്നു. അതിർത്തി പ്രദേശമായ സുള്ള്യ കനകമജലുവിൽ ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കായി എല്ലാ വർഷവും നൃത്തശിൽപശാല, നൃത്തോത്സവം എന്നിവ സംഘടിപ്പിക്കുന്നു. നൃത്ത കലാ പരിഷത്ത് നൽകുന്ന നൃത്യ കലാസിന്ദു, മണ്ഡ്യ ജില്ലാ രാജ്യോത്സവ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

English Summary:

Dr. Chethana Radhakrishna is a celebrated Bharatanatyam artist with over three decades of experience. Hailing from Kanhangad, she has mesmerized audiences with her performances on over 2,000 stages and imparted her knowledge to around 4,000 students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com