ബേക്കൽ കോട്ടയിൽ ഇനി പ്രഭാതനടത്തവും; മുൻകൂർ അനുമതിയും പാസും വാങ്ങി സവാരി നടത്താം
Mail This Article
ബേക്കൽ ∙ ബേക്കൽ കോട്ടയിലെ സന്ദർശന സമയം വൈകിട്ട് 6.30 വരെ നീട്ടി ഉത്തരവിറക്കിയതിനു പിന്നാലെ കോട്ടയിൽ പ്രഭാത സവാരി കൂടി അനുവദിച്ച് ഉത്തരവ്. രാവിലെ 6.30നാണ് കോട്ടയിൽ പ്രവേശന സമയം. എന്നാൽ 6 മുതൽ 7.30 വരെ കോട്ടയിൽ പ്രഭാത നടത്തം അനുവദിക്കും.ബേക്കൽ കോട്ടയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നടപടി. പ്രഭാത സവാരിക്ക് മുൻകൂർ അനുമതി വാങ്ങണം. പാസ് വാങ്ങി സവാരി നടത്താം. പ്രതിമാസം 50 രൂപ വച്ച് കുറഞ്ഞത് 6 മാസത്തെ ഫീസ് 300 രൂപ അടയ്ക്കുന്നവർക്ക് പ്രഭാത സവാരി പാസ് ലഭിക്കും. ആധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും നൽകണം.
7.30 നു ശേഷം കോട്ടയിൽ തങ്ങി വൈകി പുറത്തിറങ്ങുന്നവർക്ക് പ്രതിദിന പ്രവേശന ടിക്കറ്റ് ചാർജ് 25 രൂപ അധികം അടയ്ക്കണം. കോട്ടയിലും പുറത്തും വിശാലമായ നടപ്പാത സൗകര്യമുണ്ട്. കോട്ടയിൽ ചുറ്റും മാത്രമല്ല നടുത്തളത്തിലും മറ്റുമായി ഒരു ഭാഗം തന്നെ 2 കിലോമീറ്റർ നടപ്പാത സൗകര്യം ഉണ്ട്. പുറത്തും വിശാലമായ സൗകര്യമുണ്ട്. പ്രഭാത സവാരി സൗകര്യം ആവശ്യപ്പെട്ട് ആർക്കിയോളജി സൂപ്രണ്ട് കെ.രാമകൃഷ്ണ റെഡ്ഡിക്കു നിവേദനം നൽകിയിരുന്നുവെന്നും ഇത് പരിഗണിച്ചാണ് അനുവദിച്ച് ഉത്തരവ് ഇറക്കിയെന്നും ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് അറിയിച്ചു.