കാസർകോട് സൗഹൃദ കൂട്ടായ്മയ്ക്ക് ലണ്ടനിൽ തുടക്കം
Mail This Article
കാസർകോട് ∙ കാസർകോട് സൗഹൃദ കൂട്ടായ്മയ്ക്ക് ലണ്ടനിൽ തുടക്കം കുറിച്ചു. ലണ്ടനിൽ സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് ഉണ്ണിത്താൻ’ പരിപാടിയിൽ ‘നമ്മളെ കാസ്രോഡ്’ ലോഗോ പ്രകാശനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. മാറുന്ന കാലത്ത് യുകെ അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസികൾ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് തുറന്ന ചർച്ചക്കുള്ള വേദി കൂടിയായി മാറി ‘ചാറ്റ് വിത്ത് ഉണ്ണിത്താൻ’ പരിപാടി.
ജില്ലയിൽ നിന്നുമുള്ള പ്രവാസികൾക്ക് നിലവിൽ കൂട്ടായ്മകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് *നമ്മളെ കാസ്രോഡ്* എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് പരസ്പര സ്നേഹമാണെന്നും മനുഷ്യത്വമാണ് നമുക്ക് വേണ്ടതെന്നും എംപി ഓർമിപ്പിച്ചു.
സംഘടനകൾ കൊണ്ട് ശക്തരാക്കുന്നതിന് ഒപ്പം സഹജീവി സ്നേഹവും മനുഷ്യത്വവും വളർത്തണമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിൽ ആർക്കും ഏത് സമയത്തും വിളിക്കാമെന്നും ചെറിയ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യോഗത്തിൽ ഷാൻ ഹാൻസ് റോഡ് അധ്യക്ഷനായി. ഷറഫ്, ഡാർലിൻ ജോർജ് കടവൻ, ഷഫീർ നീലേശ്വരം,സാജിദ് പടന്നക്കാട്,ഹിമ എന്നിവർ പ്രസംഗിച്ചു.