ശുദ്ധജലം മുടങ്ങിയ വിഷയം: വിശദീകരണ നോട്ടിസ് അയച്ച് പൊതുമരാമത്ത് വകുപ്പ്
Mail This Article
ചിറ്റാരിക്കാൽ ∙ ശുദ്ധജലം മുടങ്ങിയ വിഷയത്തിൽ പരാതി നൽകിയ ഗുണഭോക്താക്കൾക്ക് വിശദീകരണ നോട്ടിസ് അയച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 1, 2 വാർഡുകളിലുൾപ്പെട്ട അറയ്ക്കത്തട്ട്, വെള്ളടുക്കം, പുളി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് കഴിഞ്ഞ 8 മാസമായി ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. ചീമേനി – ഓടക്കൊല്ലി – ചിറ്റാരിക്കാൽ – ഭീമനടി മരാമത്ത് റോഡിന്റെ നിർമാണത്തിന്റെ ഭാഗമായാണ് ചിറ്റാരിക്കാൽ–അറയ്ക്കത്തട്ട് റോഡരികിലെ കുടിവെള്ള പൈപ്പ് ലൈനുകൾ നശിപ്പിക്കപ്പെട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുണഭോക്തൃസമിതി ഭാരവാഹികൾ ജില്ലാ നിയമ സേവന അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് റോഡ് മുറിച്ചു പൈപ്പ് ലൈൻ സ്ഥാപിച്ചതിനു വിശദീകരണം നൽകാൻ പരാതി നൽകിയവർക്കു കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടിസ് നൽകിയത്.
ചിറ്റാരിക്കാൽ–ഭീമനടി റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നോ, ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഓഫിസിൽ ഹാജരാക്കണമെന്നാണ് ഗുണഭോക്തൃസമിതി പ്രസിഡന്റുമാരായ തോമസ് ജോർജ്, എം.ജെ.ജോസഫ്, ടി.ജെ.മാത്യു എന്നിവർക്കു നൽകിയ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ 2016 ൃൽ ജലനിധി പദ്ധതി നടപ്പാക്കിയപ്പോൾ പ്രധാന പൈപ്പുകൾ സ്ഥാപിച്ചത് ജല അതോറിറ്റിയും വീടുകളിലേക്കുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചത് ജലനിധിയുമായിരുന്നു. റോഡരികിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കൾക്കോ ഗുണഭോക്തൃ കമ്മിറ്റിക്കോ അറിയില്ലെന്നിരിക്കെയാണ് വകുപ്പ് അധികൃതർ ഇത്തരത്തിലുള്ള നടപടികളിലേക്ക് കടന്നത്.
അതേസമയം ജില്ലാ നിയമ സേവന അതോറിറ്റിക്കു മുൻപാകെ ഗുണഭോക്തൃസമിതി ഭാരവാഹികൾ നൽകിയിരിക്കുന്ന ഒരു പരാതിയിൽ, അന്ന് പൈപ്പ് സ്ഥാപിച്ചത് പൊതുമരാമത്തു വകുപ്പിന്റെ അനുമതിയോടെയാണോ എന്നറിയാൻ മാത്രമാണ് നോട്ടിസ് നൽകിയതെന്നു കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.വിനോദ്കുമാർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.