ഇരിയണ്ണിയിൽ മുങ്ങിയ പുലി അടുക്കത്തൊട്ടിയിൽ പൊങ്ങി
Mail This Article
കാറഡുക്ക ∙ ഇരിയണ്ണിയിൽ പുലിക്കു കൂടൊരുക്കി വനംവകുപ്പ് കാത്തിരിക്കുന്നതിനിടയിൽ മുങ്ങിയ പുലി അടുക്കത്തൊട്ടിയിൽ പൊങ്ങി!. അടുക്കത്തൊട്ടിയിലെ ഗോപാലകൃഷ്ണന്റെ വീടിനു സമീപത്താണ് പുലിയെ കണ്ടത്.രാത്രി 9.30 നു പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടു നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ടോർച്ചിന്റെ വെളിച്ചം കണ്ടപ്പോൾ മെല്ലെ റോഡിലൂടെ നടന്നു പോവുകയും ചെയ്തു.
രാത്രി 11 മണിക്ക് ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയ്ക്കരികിൽ കർമംതോടിയിലും പുലിയെ കണ്ടു. കാർ യാത്രക്കാരായ ദമ്പതികളാണ് റോഡരികിൽ പുലിയെ കണ്ടു നാട്ടുകാരെ വിവരം അറിയിച്ചത്.ഇരിയണ്ണി കുണിയേരിയിൽ വനംവകുപ്പ് കൂടു സ്ഥാപിച്ച സ്ഥലത്തു നിന്നു 5 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങളാണിത്. കർമംതോടി കല്ലളിക്കാലിൽ രണ്ടാഴ്ച മുൻപും പുലിയെ കണ്ടിരുന്നു.
വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്നു കഴിഞ്ഞ മാസം 27 നു കുണിയേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നിശ്ചിത ദൂരങ്ങളിൽ ആറിടത്തു വനംവകുപ്പ് വച്ച ക്യാമറകളിൽ ആദ്യ ദിവസങ്ങളിൽ ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയോളമായി പുലിയുടെ ചിത്രങ്ങൾ ലഭിക്കുന്നില്ലെന്നാണ് സൂചന. അതിനിടയിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടിടത്തു പുലിയെ കാണുന്നത്.