കപ്പൽ ജോലിക്കിടെ യുവാവിനെ കാണാതായ സംഭവം ലൈബീരിയൻ ഏജൻസി അന്വേഷിക്കും
Mail This Article
രാജപുരം ∙ കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആൽബർട്ട് ആന്റണിയെ കാണാതായ സംഭവം ലൈബീരിയൻ അന്വേഷണ ഏജൻസി അന്വേഷിക്കുമെന്ന് കപ്പൽ കമ്പനി അധികൃതർ. ഇന്നലെ ആൽബർട്ടിന്റെ വീട്ടിൽ എത്തിയ കമ്പനി ചെന്നൈ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ ചേതൻ ശർമ, ക്യാപ്റ്റൻ മാർഷൽ എഡ്‌വേർഡ്, മുംബൈയിൽ നിന്നുള്ള ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
സിനർജി മാരി.ടൈം കമ്പനിയുടെ എം.വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയ്‌നി കെഡറ്റായി ജോലി ചെയ്യവെ ഹോങ്കോങ്ങിൽ നിന്നു ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പ്രാദേശിക 11.45ന് കൊളംബോ തുറമുഖത്ത് നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതാകുന്നത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആൽബർട്ടിനെ കണ്ടെത്താനായില്ല..
തുടർന്ന് കപ്പൽ ഏറ്റവും അടുത്തുള്ള തുറമുഖത്ത് എത്തിച്ച് കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. കപ്പൽ തുറമുഖത്ത് എത്തിക്കുന്നതോടെ തുറമുഖ പൊലീസ് കേസെടുക്കും. ഇതോടൊപ്പം തന്നെ ലൈബീരിയൻ രാജ്യത്തിന്റെ കപ്പലായതിനാൽ ലൈബീരിയൻ അന്വേഷണ ഏജൻസി കൂടി സംഭവത്തിൽ സമാന അന്വേഷണം നടത്തും എന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
ഇതു കൂടാതെ ഒരു സ്വതന്ത്ര ഏജൻസി കൂടി അന്വേഷണം നടത്തുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരെ ചോദ്യം ചെയ്യാൻ കപ്പൽ ഏറ്റവും അടുത്തുള്ള തുറമുഖത്ത് എത്തിക്കണം എന്ന് നേരിട്ടും ഇ-മെയിൽ വഴിയും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, അഡ്വ.ഷാലു മാത്യു എന്നിവർ കമ്പനി അധികൃതരുമായി ചർച്ച നടത്തി.