തെയ്യാട്ടക്കാലത്തിലേക്ക് കാവുകൾ; അണിയലങ്ങൾ അവസാന മിനുക്കുപണികളിൽ
Mail This Article
തൃക്കരിപ്പൂർ ∙ സങ്കടങ്ങൾ കേൾക്കാൻ, വേദന കാണാൻ, ഐശ്വര്യം പകരാൻ അരിയും പൂവുമെറിഞ്ഞു ആശ്വാസമാകുന്ന തെയ്യാട്ടക്കാലത്തിലേക്ക് കാവുകൾ നടന്നടുക്കുമ്പോൾ അരങ്ങിനു പിന്നിൽ അണിയലങ്ങൾ ഒരുക്കുന്നവർ അവസാന മിനുക്കുപണികളിലാണ്. തുലാം ഒന്നു പിറക്കുന്നതോടെ തെയ്യം കെട്ടിയാടുന്ന കാവുകൾ ഒരുക്കങ്ങളിലായി. അതിനും മുൻപേ തെയ്യങ്ങളുടെ അണിയലങ്ങൾ ഒരുക്കുന്നവർക്ക് പിടിപ്പതു തിരക്കു തുടങ്ങും. ഒരുക്കം വളരെ നേരത്തെ ആരംഭിക്കും. തുലാം പിറക്കുമ്പോഴേക്കും എല്ലാം റെഡിയാകണം. ഇപ്പോൾ അവസാന മിനുക്കുപണികളിലാണ് തെയ്യം കലാകാരൻമാർ.
ഇളമ്പച്ചിയിലെ തെയ്യം കലാകാരൻ എം.കെ.രാജൻ പണിക്കരും അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. മകൻ തെയ്യം കലാകാരൻ അശ്വിൻ രാജ് പിതാവിനു സഹായിയായി ഒപ്പമുണ്ട്. ഇനി 9 നാൾ കഴിഞ്ഞാൽ നാടെമ്പാടും തെയ്യാട്ടമായി. പത്താമുദയത്തോടെ വാളും ചിലമ്പും കിലുക്കി ഉഗ്ര നടനമാടിയെത്തുന്ന തെയ്യങ്ങൾ, ഗ്രാമങ്ങളുടെ ഐശ്വര്യമായി പൈതങ്ങൾക്ക് ഗുണം വരുത്തണേയെന്നു പ്രാർഥനയോടെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ട് മുറ്റങ്ങളിലും അനുഗ്രഹം ചൊരിയും.
അരിഞ്ഞെടുക്കുന്ന മുരിക്കിലാണ് പ്രധാനമായും അണിയലങ്ങൾ തീർക്കുന്നത്. മുള, വൂളൻ നൂൽ, തകിട്, അബ്രം, മെഴുക്, പട്ടു തുണി തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങളുടെ നിർമാണം. തെയ്യം കെട്ടിയാടുന്ന വിവിധ വിഭാഗക്കാർക്ക് തെയ്യങ്ങളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് അണിയലങ്ങളും വ്യത്യസ്തമാണ്. ഓരോ തെയ്യത്തിനും വേഷവിധാനങ്ങളും ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമാണ്. ആചാര നിഷ്ഠയോടും വ്രത ശുദ്ധിയിലുമാണ് ചമയങ്ങൾ ഒരുക്കുക.