ചത്തതിനൊക്കും ഈ ജലജീവൻ മിഷൻ; പൈപ്പിട്ടാലും വെള്ളം കിട്ടാൻ പിന്നെയും കാത്തിരിക്കണം
Mail This Article
കാസർകോട് ∙ ഗ്രാമങ്ങളിലെ മുഴുവൻ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ നൽകിയതു 17.7% കണക്‌ഷൻ മാത്രം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് ഏറെ പിറകിൽ 13ാം സ്ഥാനത്താണ് കാസർകോട് ജില്ല. 38497 വീടുകളിലേക്കാണ് ജലജീവൻ മിഷൻ വഴി കണക്‌ഷൻ നൽകിയത്. 2,17182 വീടുകളിലേക്കാണ് പദ്ധതി പ്രകാരം വെള്ളം എത്തിക്കേണ്ടത്. 178685 വീടുകൾ ബാക്കിയാണ്. വയനാട് ജില്ല മാത്രമാണ് കാസർകോടിനു പിറകിലുള്ളത്.
2020 ഏപ്രിൽ മാസത്തിൽ ആരംഭിച്ച പദ്ധതി ഈ വർഷം മാർച്ച് 31 നു പൂർത്തിയാക്കാനായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ കാലാവധി നീട്ടിക്കിട്ടാൻ കേന്ദ്രസർക്കാരിനു കത്തെഴുതിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ഇതുവരെ ഇതിൽ തീരുമാനം വന്നിട്ടില്ല. ഒറ്റ കണക്‌ഷൻ പോലും നൽകാത്ത പഞ്ചായത്തുകളും പൈപ്പ് ലൈൻ പണി തുടങ്ങാത്ത പഞ്ചായത്തുകളും ജില്ലയിലുണ്ട്. പൈവളിഗെ, പുത്തിഗെ, കാറഡുക്ക, കുംബഡാജെ, ചെമ്മനാട്, ദേലംപാടി, കിനാനൂർ കരിന്തളം, പടന്ന പഞ്ചായത്തുകളിലാണ് പേരിനു പോലും കണക്‌ഷൻ നൽകാത്തത്. ജലജീവൻ മിഷൻ പദ്ധതിക്കു വേണ്ടിയുള്ള ശുദ്ധീകരണ നിലയങ്ങളും പമ്പിങ് സ്റ്റേഷനുകളും ഒരിടത്തും നിർമിച്ചിട്ടില്ല. നിലവിലുള്ള ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയാണ് ഈ 38497 കണക്‌ഷൻ നൽകിയത്.
എല്ലാ പഞ്ചായത്തുകളിലും പൈപ്പിടൽ പണി ടെൻഡർ നൽകിയിട്ടുണ്ടെന്ന് ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ അറിയിച്ചു. പക്ഷേ ചില സ്ഥലങ്ങളിൽ പണി തുടങ്ങിയിട്ടില്ല. തുടങ്ങിയ സ്ഥലങ്ങളിൽ പ്രതീക്ഷിച്ച വേഗവുമില്ല. ജലജീവൻ മിഷൻ വരുമെന്ന പ്രതീക്ഷയിൽ തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ള പദ്ധതികൾക്ക് ഇപ്പോൾ കാര്യമായ ഫണ്ട് അനുവദിക്കുന്നില്ല. ഇതു കാരണം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വലിയ പ്രതിസന്ധിയാണ്. ജലജീവൻ മിഷൻ പദ്ധതി എപ്പോൾ പൂർത്തിയാകുമെന്നു പറയാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവിടത്തെ കാര്യങ്ങളുടെ പോക്ക്.
പൈപ്പിട്ടാലും വെള്ളം കിട്ടാൻ പിന്നെയും കാത്തിരിക്കണം
ടെൻഡർ ചെയ്തതും ഇപ്പോൾ പണി ആരംഭിച്ചതുമായ പൈപ്പിടൽ പൂർത്തിയായാലും വെള്ളം കിട്ടാൻ പിന്നെയും കാത്തിരിക്കേണ്ടി വരും. വെള്ളം എടുക്കാനുള്ള പമ്പിങ് സ്റ്റേഷനുകളോ ജലശുദ്ധീകരണ നിലയങ്ങളോ നിർമിക്കാത്തതാണ് കാരണം. ചീമേനി പഞ്ചായത്തിലെ മുക്കടയിൽ രണ്ടു വീതം പമ്പിങ് സ്റ്റേഷനുകളും ശുദ്ധീകരണ നിലയങ്ങളുമാണ് നിർമിക്കാൻ തീരുമാനിച്ചത്. ഒന്ന് പടന്ന, വലിയപറമ്പ, പിലിക്കോട്, കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ്, കരിവെള്ളൂർ പഞ്ചായത്തുകളിലേക്കും രണ്ടാമത്തേത് കിനാനൂർ കരിന്തളം പഞ്ചായത്തിനും.
കുമ്പള– മംഗൽപാടി പഞ്ചായത്തുകളിലേക്കായി ഷിറിയ പുഴയിലെ പൂക്കട്ടയിലും കാറഡുക്ക,ദേലംപാടി, കുംബഡാജെ പഞ്ചായത്തുകൾക്കായി പയസ്വിനിപ്പുഴയിലെ അടുക്കത്തൊട്ടിയിലും അജാനൂർ, പള്ളിക്കര, പുല്ലൂർ പെരിയ,ഉദുമ, ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ വില്ലേജ് എന്നിവിടങ്ങളിലേക്കായി പയസ്വിനിപ്പുഴയിലെ മൊട്ടലിലുമാണ് പമ്പിങ് സ്റ്റേഷനും ശുദ്ധീകരണ നിലയവും സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്.
പദ്ധതി ടെൻഡർ ചെയ്തെങ്കിലും ഒരിടത്തും പണി ആരംഭിച്ചിട്ടില്ല. കുറ്റിക്കോൽ, പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ പദ്ധതിക്കായി പെരുതടിത്തട്ടിലാണ് ശുദ്ധീകരണ നിലയം നിർമിക്കുന്നത്. കാപ്പുങ്കയത്ത് നിലവിലെ പമ്പിങ് സ്റ്റേഷൻ തന്നെ ഇതിനു ഉപയോഗിക്കുന്നതിനാൽ പുതിയതു നിർമിക്കേണ്ട ആവശ്യമില്ല. പക്ഷേ ശുദ്ധീകരണ നിലയത്തിന്റെ പണി തുടങ്ങിയിട്ടില്ല.
ഇവ പൂർത്തിയാകാൻ കുറഞ്ഞതു ഒന്നര വർഷമെങ്കിലും എടുക്കും. ചെമ്മനാട് പഞ്ചായത്തിൽ 2 ജല സംഭരണികളുടെ പണി 3 തവണ ടെൻഡർ ചെയ്തിട്ടും എടുക്കാൻ ആളുണ്ടായിരുന്നില്ല.
പഴസ്വിനിപ്പുഴയിലെ വെള്ളം തികയുമോ?
മൊട്ടലിൽ പുതിയ ഒരു പമ്പിങ് സ്റ്റേഷൻ കൂടി വരുന്നതോടെ പയസ്വിനിപ്പുഴയിൽ ആവശ്യത്തിന് വെള്ളം കിട്ടുമോ എന്ന സംശയം ഉയരുന്നു. ബാവിക്കര തടയണയിൽ നിന്നാണ് മൊട്ടലിലേക്കു വെള്ളം എത്തുന്നത്. നിലവിൽ കാസർകോട് നഗരസഭയിലെ അര ലക്ഷത്തോളം വീടുകളിലേക്ക് ഇവിടെ നിന്ന് വെള്ളം നൽകുന്നുണ്ട്. സമീപത്തെ 3 പഞ്ചായത്തുകളിലായി അയ്യായിരത്തോളം കണക്‌ഷൻ വേറെയും ഉണ്ട്. ജലജീവൻ മിഷൻ പൈപ്പിടൽ പൂർത്തിയായാൽ മുളിയാർ, ചെങ്കള, മൊഗ്രാൽ പുത്തൂർ, മധൂർ, ചെമ്മനാട് പഞ്ചായത്തുകളിലായി ഒരു ലക്ഷത്തിലേറെ കണക്‌ഷൻ വർധിക്കും.
നിലവിലുള്ള അരലക്ഷം വീടുകളിലേക്കു വെള്ളം എടുക്കുമ്പോൾ തന്നെ ഏപ്രിൽ– മേയ് മാസങ്ങളിൽ തടയണയിലെ ജലനിരപ്പ് ഒരു മീറ്ററിൽ താഴെയായി കുറയാറുണ്ട്. അപ്പോഴാണ് ഒരു ലക്ഷം കണക്ഷൻ വർധിക്കുന്നത്. ഇതിനു പുറമേയാണ് അജാനൂർ, പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ പഞ്ചായത്തുകളിലേക്കും കൊളത്തൂർ വില്ലേജിലേക്കുമുളള പുതിയ പദ്ധതി കൂടി ഇവിടെ വരാൻ പോകുന്നത്. ഇതു വേണ്ടത്ര ആസൂത്രണമില്ലാത്ത പദ്ധതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്രയും വെള്ളം സംഭരിക്കാനുള്ള ശേഷി ബാവിക്കര തടയണയ്ക്ക് ഇല്ലെന്നതാണു ഇവർ പറയുന്നത്.