ADVERTISEMENT

ആശുപത്രികളിൽ  കത്തിയ മാംസത്തിന്റെ ഗന്ധം
മംഗളൂരു ∙ കത്തിയ മാംസത്തിന്റെയും കരിഞ്ഞ മുടിയുടെയും മണമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഏഴാം നിലയിലെ വാർഡിൽ കയറുമ്പോൾ. വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ 24 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേർ ഐസിയുവിലാണ്. തെയ്യക്കാലത്തെ വരവേൽക്കാൻ എത്തിയ കുരുന്നുകൾ ഉൾപ്പെടെയുള്ളവർ ചികിത്സയിൽ കഴിയുന്നത്. വാർഡിനും ഐസിയുവിനും പുറത്ത് ഞെട്ടൽമാറാതെ ബന്ധുക്കളും സുഹ‍‍ൃത്തുക്കളുമുണ്ട്. പലരും അപകടത്തിൽനിന്ന് നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടവരാണ്. 

ചീളുകൾ തെറിച്ചും  പരുക്ക്
കണ്ണൂർ∙ വെടിക്കട്ടപകടത്തെ തുടർന്നുണ്ടായ കടുത്ത ചൂടിലാണു തൈക്കടപ്പുറം കടിഞ്ഞുമൂല ഉഷമ്മ വീട്ടിൽ പ്രകാശനും (50) മകൻ നദൈദിനും (15) പൊള്ളലേറ്റത്. ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് ചീളുകൾ തെറിച്ചാണു കുറെപ്പേർക്കു പരുക്കേറ്റത്. മറ്റുള്ളവർക്ക് കടുത്ത ചൂടിൽ ശരീരം വെന്ത പോലെയായി.

കുറച്ചുസമയത്തിനകംതന്നെ മുഖത്തും കയ്യിലും കാലിലുമെല്ലാം കുമിളകൾ നിറഞ്ഞു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു പേർ ബേൺ ഐസിയുവിലും 3 പേർ പ്രത്യേക വാർഡുകളിലുമാണ്. ചികിത്സയിലുള്ളവർ 20 ശതമാനം പൊള്ളലേറ്റവരാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.  

വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നു.
വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നു.

ശരീരത്തിൽ പറ്റിപ്പിടിച്ച് ആഭരണം
∙ പരുക്കേറ്റവരിൽ 30 പേരെയാണ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6 പേരെ കോഴിക്കോട് മിംസിലേക്കു മാറ്റി. ഇവരിൽ നാലു വയസ്സുകാരി പ്രാർഥനയും ഉൾപ്പെടും. ബാക്കിയുള്ളവരിൽ ഷാമിൽ (22), ശരത് (32) എന്നിവർ ഐസിയുവിലാണ്. കണ്ണൂർ ബേബി മെമ്മോറിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപ് (38), ശ്രീദേവി (18) എന്നിവരും ഐസിയുവിലാണ്. രാത്രി പന്ത്രണ്ടരയോടെയാണ് അപകടത്തെക്കുറിച്ചുള്ള ആദ്യ ഫോൺ കോൾ ലഭിച്ചത്. 

രാത്രി തന്നെ കൂടുതൽ നഴ്സുമാരെയും അത്രതന്നെ ഡോക്ടർമാരെയും ആശുപത്രിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. – എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.വി.ജിനേഷ് പറഞ്ഞു. ‘വന്നവരിൽ ആറു പേരുടെ നില ഗുരുതരമായിരുന്നു. മറ്റുള്ളവരിൽ പലർക്കും ഗൗരവമായിത്തന്നെ പൊള്ളലേറ്റിട്ടുണ്ട്.  ആഭരണങ്ങൾ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മൺതരികളും മറ്റു പൊടികളുമെല്ലാം ശരീരത്തിൽ പുറത്തുപോകാൻ സമയമേറെയെടുക്കും.’, ആരോഗ്യപ്രവർത്തകർ പറഞ്ഞു.

ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞു;  മികച്ച  ചികിത്സയ്ക്ക് അതിർത്തി കടക്കണം
കാഞ്ഞങ്ങാട് ∙ ജില്ലയിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിന്റെ ദുരിതം ജനം ഇന്നലെ വീണ്ടും തിരിച്ചറിഞ്ഞു. വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റവരെ ആദ്യം എത്തിച്ചത് ജില്ലാ ആശുപത്രിയിലാണ്. ചികിത്സ സൗകര്യം കുറവായതിനാൽ സാരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരെയും മംഗളൂരുവിലേക്കും കണ്ണൂരിലേക്കും മാറ്റി.

സാരമായി പരുക്കേറ്റവരെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയിൽ ഇല്ലെന്ന തിരിച്ചറിവ് കൂടിയാണ് ഈ അപകടം നൽകിയത്. ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജ് ഇപ്പോഴും ശൈശവാസ്ഥയിൽ തന്നെയാണ്. എയിംസ് അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങളും ജില്ലയ്ക്ക് നിഷേധിക്കുകയാണ്. അപകടത്തിൽ പെട്ടവർക്ക് മതിയായ ചികിത്സ നൽകാനുള്ള സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്തെത്തി.

ആൾക്കൂട്ടത്തിന് നടുവിൽ പടക്കം  പൊട്ടിക്കുന്ന ദൃശ്യം പുറത്ത് 
നീലേശ്വരം∙ അപകടത്തിനു തൊട്ടുമുൻപ് ക്ഷേത്രമുറ്റത്ത് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്ന പടക്കം, മുറ്റത്തു കുത്തിനിർത്തിയ ഇരുമ്പ് പൈപ്പിൽവച്ച് തീകൊളുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും പടക്കം പൊട്ടുന്നതിനിടെ തൊട്ടരികിലൂടെ അപകടകരമായി ആളുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിക്കെട്ടപകടത്തിലെ പ്രതി രാജേഷാണ് ഇതിന് നേതൃത്വം നൽകിയത്. മുൻ വർഷങ്ങളിൽ ക്ഷേത്ര പരിസരത്തുനിന്നു മാറി കാവിലാണ് പടക്കം പൊട്ടിച്ചിരുന്നത്.

പറന്നുവന്ന തീനാമ്പുകൾ
കാഞ്ഞങ്ങാട് ∙ പറന്നുവന്ന തീനാമ്പുകൾ രമണി ബാലകൃഷ്ണന്റെ മുടിയിലാണ് പടർന്നത്. മുടി പാതിയിലധികം കത്തി. മുഖത്തും പൊള്ളലേറ്റു. ജില്ലാ ആശുപത്രിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ഇവരെ ചികിത്സിക്കുന്നത്. തളിപ്പറമ്പിൽ താമസിക്കുന്ന രമണി ഭർത്താവ് ബാലകൃഷ്ണനൊപ്പമാണു എല്ലാ വർഷത്തെയുംപോലെ തെയ്യം കാണാനെത്തിയത്. ഭർത്താവ് ബാലകൃഷ്ണൻ മറ്റൊരു സ്ഥലത്തായിരുന്നതിനാൽ അപകടത്തിൽ പരുക്കേറ്റില്ല.


വെടിക്കെട്ടപകടത്തിനു തൊട്ടുമുൻപ് പടക്കം പൊട്ടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ
വെടിക്കെട്ടപകടത്തിനു തൊട്ടുമുൻപ് പടക്കം പൊട്ടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ

30,175 രൂപയുടെ പടക്കം
കളിയാട്ടത്തിനു പൊട്ടിക്കാൻ ദേവസ്വം വാങ്ങിയ 30,175 രൂപയുടെ പടക്കമാണ് സ്ഫോടനം നടന്ന മുറിയിൽ ഉണ്ടായിരുന്നതെന്ന് സംഘാടക സമിതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

വെന്തുചത്ത് നേർച്ചക്കോഴികൾ
കളിയാട്ട സമയത്ത് ഉറഞ്ഞെത്തുന്ന തെയ്യങ്ങൾക്ക് മുന്നിൽ സമർപ്പിക്കാൻ കൊണ്ടുവന്ന 8 നേർച്ചക്കോഴികളെ അപകടം നടന്ന ഷെഡ്ഡിലാണ് സൂക്ഷിച്ചത്. ഇവയെല്ലാം വെന്തുചത്തു. ആളിയടങ്ങി   ആഘോഷം; നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കട്ട് അപകടത്തിൽ പരുക്കേറ്റവരുടെ പൊള്ളുന്ന  ഓർമകൾ

‘ആളുകൾ ബഹളം വച്ചിട്ടും അവർ നിർത്തിയില്ല’
മംഗളൂരു ∙ അപകടത്തിൽപെട്ട് ആശുപത്രിയിൽ കഴിയുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശി കെ.അനൂപ് സംഭവം വിവരിക്കുന്നു: ‘പടക്കങ്ങളും കരിമരുന്ന് പ്രയോഗങ്ങളും എനിക്ക് പേടിയാണ്. അതുകൊണ്ടുതന്നെ എല്ലാ വർഷവും കരിമരുന്ന് പ്രയോഗം നടത്താറുള്ള സ്ഥലത്തുനിന്ന് മാറി നിൽക്കുകയായിരുന്നു. പെട്ടെന്ന് ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് ഞാൻ ഉൾപ്പെടെ ഒട്ടേറെപ്പേർ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത്, ഞങ്ങളുടെ പിറകിലാണ് കരിമരുന്ന് പ്രയോഗം നടത്തുന്നതെന്ന് കണ്ടത്. സിഗരറ്റ് വലിച്ചുകൊണ്ട് കൂസലില്ലാതെ തീ കൊളുത്താനുള്ള ഒരുക്കത്തിലായിരുന്നു അവർ. വെടിപ്പുരയുടെ തൊട്ടടുത്ത് തന്നെ പടക്കത്തിന് തീ കൊളുത്താൻ തുടങ്ങിയതോടെ ആളുകൾ ബഹളം വച്ചു. കുട്ടികളും മുതിർന്ന ആളുകളുമായി ധാരാളം പേർ വെടിപ്പുരയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പടക്കം പൊട്ടിയപ്പോൾ ഉയർന്ന തീപ്പൊരികൾ വെടിപ്പുരയിലേക്ക് വീണതും നിമിഷങ്ങൾക്കകം ആ പ്രദേശം തീ ഗോളമായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ, തെറിച്ച് മതിലിനപ്പുറം വീണു ഞാൻ. രണ്ട് കൈക്കും കാലുകൾക്കും മുഖത്തും പൊള്ളലേറ്റ് കിടക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു. ആരോ എടുത്ത് ഒരു ഓട്ടോയിൽ ഇരുത്തിയതും ഞാൻ വാവിട്ട് കരയുന്നതും ഓർമയുണ്ട്. അൽപ നേരത്തിന് ശേഷം ഒരു കാർ എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ കണ്ട രംഗം ഭയപ്പെടുത്തുന്നതായിരുന്നു.’

ഉത്തരവാദി ആര്; ക്ഷേത്രമുറ്റത്ത് സിപിഎം –ബിജെപി പോർവിളി
നീലേശ്വരം ∙ വെടിക്കെട്ടപകടം നടന്ന ക്ഷേത്രമുറ്റത്ത് പോർവിളിയുമായി സിപിഎം-ബിജെപി പ്രവർത്തകരുടെ വാക്കേറ്റവും ഉന്തുംതള്ളും. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് അടക്കമുള്ളവർ പൊലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്തിയെന്നു പറഞ്ഞ് സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.‌ ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായി. ക്ഷേത്ര ഭാരവാഹികളെയും സംഘാടകരെയും മാത്രം കുറ്റപ്പെടുത്തി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീടുകളിൽ പൊട്ടിക്കുന്ന തരത്തിലുള്ള പടക്കങ്ങളാണ് ഉപയോഗിച്ചതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് പറഞ്ഞു. 

ക്ഷേത്ര ഭാരവാഹികളും സംഘാടകരും തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്നും മുൻകരുതൽ സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ചു. ബിഎംഎസ് പ്രവർത്തകനാണ് പടക്കം പൊട്ടിച്ചത്. ക്ഷേത്ര മതിൽകെട്ടിനകത്താണ് ഇയാൾ പടക്കം പൊട്ടിച്ചത്. ആഘോഷത്തിന് കൊണ്ടുവന്ന പടക്കങ്ങൾ അലക്ഷ്യമായാണ് സൂക്ഷിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ബിഎംഎസ് പ്രവർത്തകരെ രക്ഷപ്പെടുത്താനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.– രജീഷ് വെള്ളാട്ട് ആവശ്യപ്പെട്ടു. ഇരു വിഭാഗത്തെയും പൊലീസ് ഇടപെട്ടാണ് ക്ഷേത്ര വളപ്പിൽ നിന്ന് മാറ്റിയത്.

തെയ്യാട്ടം പവിത്രം; പടക്കം വേണ്ടെന്ന് കോലധാരി 
നീലേശ്വരം∙ ചൈനീസ് പടക്കങ്ങളും പൂത്തിരിയും വ്യാപകമായി കത്തിച്ചത് വേദനിപ്പിച്ചതായി കോലധാരികളിൽ പ്രമുഖനായ, അഞ്ഞൂറ്റാൻ പദവി അലങ്കരിക്കുന്ന സുരേഷ് ബാബു പറഞ്ഞു. തെയ്യാട്ടക്കാലത്തെ മറക്കാനാകാത്ത അനുഭവമാണിത്. ലക്ഷക്കണക്കിന് രൂപയുടെ വെടിക്കെട്ട് നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും തെയ്യം കെട്ടിയിട്ടുണ്ട്. തെയ്യത്തിന്റെ വിശുദ്ധിയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കരുത്. തെയ്യാട്ടം പവിത്രമാണ് അതിനെ അതിന്റേതായ രീതിയിൽ കാണണമെന്നും അദേഹം പറഞ്ഞു.

അഞ്ഞൂറ്റമ്പലം വീരർക്കാവിൽ സംഭവസ്ഥലത്ത് എത്തിയ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം.
അഞ്ഞൂറ്റമ്പലം വീരർക്കാവിൽ സംഭവസ്ഥലത്ത് എത്തിയ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം.

ആളിയടങ്ങി   ആഘോഷം;  പരുക്കേറ്റവരുടെ പൊള്ളുന്ന  ഓർമകൾ

തന്മയുടെ കണ്ണുകളിൽ കെടാതെ പേടി
നീലേശ്വരം ∙ കുഞ്ഞു തന്മയയുടെ കണ്ണുകളിൽ ഇപ്പോഴും പേടി ആളിക്കത്തുന്നുണ്ട്. പിറന്നാൾ ദിനത്തിലെ സന്തോഷമെല്ലാം കെടുത്തിക്കളഞ്ഞ പൊള്ളലുകളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് തന്മയ. തന്മയയുടെ 11ാം പിറന്നാൾ ഇന്നലെയായിരുന്നു. അമ്മയോടൊപ്പമാണ് കളിയാട്ടത്തിന് പോയത്. സുരക്ഷിതമായ ഇടത്തായിരുന്നു നിന്നത്. എന്നാൽ സമീപത്തു നിന്നു പടക്കം പൊട്ടിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. പെട്ടെന്നാണ് തീ ഇവർക്കുനേരെ ആളിയെത്തിയത്. ഭയന്നോടിയെങ്കിലും തലമുടിയിലും കൈകളിലും തീപടർന്നു. തെരുവത്തെ വിശാഖ്, ധന്യ ദമ്പതികളുടെ മകളാണ് തന്മയ.

സംഭവത്തിൽ അറസ്റ്റിലായ 1.ചന്ദ്രശേഖരൻ  2.പി.രാജേഷ്  3.ഭരതൻ
സംഭവത്തിൽ അറസ്റ്റിലായ 1.ചന്ദ്രശേഖരൻ 2.പി.രാജേഷ് 3.ഭരതൻ

മകനെത്തേടി, ഭാര്യയുടെ കൈപിടിച്ച്
മംഗളൂരു ∙ ‘ശരീരമാസകലം പൊള്ളി, വേദനയാൽ കരയുന്ന ഭാര്യയുടെ കൈപിടിച്ച് റോഡിലേക്ക് ഓടുന്നതിനിടെ ഞാൻ മകന്റെ പേര് അലറിവിളിച്ചു. ബഹളത്തിൽ അത് മുങ്ങിപ്പോയി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും അവനെ തിരയുകയായിരുന്നു. അവനെ കിട്ടിയശേഷമാണ് ഞങ്ങൾ മംഗളൂരുവിലേക്ക് പോന്നത്.’– മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നീലേശ്വരം കൊട്രച്ചാൽ സ്വദേശി പി.ബാബു ഒരുമാത്ര നിർത്തി. അടുത്തിരിക്കുന്ന മകൻ അഭിരാമിനെ ചേർത്തുപിടിച്ചു. ബാബുവിനും മകനും മുഖത്തും കൈകാലുകൾക്കുമാണ് പരുക്ക്. ഗുരുതരാവസ്ഥയിൽ തുടരുന്ന ഭാര്യ സിന്ധു ഇപ്പോഴും ഐസിയുവിലാണ്.

പടക്കങ്ങളടക്കം സൂക്ഷിച്ച ഷെഡ് വെടിക്കെട്ടപകടത്തിൽ തകർന്നനിലയിൽ.  ചിത്രങ്ങൾ: മനോരമ
പടക്കങ്ങളടക്കം സൂക്ഷിച്ച ഷെഡ് വെടിക്കെട്ടപകടത്തിൽ തകർന്നനിലയിൽ. ചിത്രങ്ങൾ: മനോരമ

തീഗോളമുയർന്ന് അൽപനേരത്തേക്ക് ബാബുവിന് ഒന്നും ഓർമയുണ്ടായിരുന്നില്ല. മേലാകെ പൊള്ളുന്ന ചൂട് മാത്രം. ബോധം വീണ്ടെടുത്തപ്പോൾ പൊള്ളലേറ്റ് കരയുന്ന ഭാര്യയെയാണ് കണ്ടത്. ഇതിനിടെ മകനെ കാണാതായി. ‍ഞങ്ങൾക്കു  പിന്നാലെ മറ്റൊരു വാഹനത്തിൽ അവനും ആശുപത്രിയിലെത്തിയതോടെ മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു.– ബാബു പറഞ്ഞു.

തീ പതിച്ചത് തലയിൽ; കത്തുന്ന  ഷർട്ട് ഊരിയെറിഞ്ഞ് രക്ഷപ്പെട്ടു 
കാഞ്ഞങ്ങാട് ∙ പലരുടെയും വസ്ത്രത്തിലും തലമുടിയിലുമാണ് ആദ്യം തീപിടിച്ചത്. കത്തുന്ന വസ്ത്രങ്ങൾ ധരിച്ച് ഓടുന്നവരെക്കണ്ട് എന്തുചെയ്യണമെന്നറിയാതെ ബാക്കിയുള്ളവർ പകച്ചു. തലയിലെ തീ അണയ്ക്കുമ്പോഴാ‌‌‌ണു പലർക്കും കൈയ്ക്കു പൊള്ളലേറ്റത്. ‘പറന്നുവന്ന തീ തലയിലാണു പതിച്ചത്. തലയിൽ തീ നിന്നുകത്തി. അത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്കും പൊള്ളലേറ്റു’– നീലേശ്വരം പള്ളിക്കരയിലെ എ.വി.വിനോദ്കുമാർ അനുഭവം വിവരിച്ചു. സുരക്ഷിത സ്ഥലം നോക്കിയാണു നിന്നത്. ഇവിടെ പടക്കം പൊട്ടിക്കുന്നത് അപകട കാരണമാവുമെന്ന് വിനോദ് പറഞ്ഞിരുന്നു. അധികം വൈകാതെ തീപടർന്നു. വിനോദിന്റെ ഭാര്യ ബബിതയ്ക്കും അമ്മ പാർവതിക്കും പൊള്ളലേറ്റു. ഇവരും ചികിത്സയിലാണ്. 

തന്മയ അമ്മ ധന്യയോടൊപ്പം.
തന്മയ അമ്മ ധന്യയോടൊപ്പം.

തീപിടിച്ച ടീഷർട്ട് ഊരിയെറിഞ്ഞാണ് കടിഞ്ഞിമൂലയിലെ എം.സച്ചിൻ രക്ഷപ്പെട്ടത്. തലമുടിക്കും ടീ ഷർട്ടിനും തീപിടിച്ചു. കൈക്കും ചെവിക്കുമാണു പൊള്ളലേറ്റത്. ടീ ഷർട്ട് ഊരിയെറിയുന്നതിനിടെ കഴുത്തിലും പൊള്ളലേറ്റു. വെടിക്കെട്ടുകാണാൻ ഭാര്യ രേവയ്ക്കൊപ്പമാണു നിന്നത്. രേവയുടെ പിൻകഴുത്തിൽ പൊള്ളലേറ്റു. ഇരുവരും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

പി.ബാബു
പി.ബാബു

അപകടത്തിൽ  പൊലിഞ്ഞ അവധിക്കാലം
മംഗളൂരു ∙ ഗൾഫിൽനിന്ന് 2 ആഴ്ചത്തെ അവധിക്ക് വന്നതാണ്, അപകടത്തിൽ പരുക്കേറ്റ നീലേശ്വരം കോയംപുറം സ്വദേശി ടി.കെ.പ്രസാദ്. നാട്ടിൽ കളിയാട്ടം നടക്കുന്ന സമയംതന്നെ അവധി ലഭിച്ച സന്തോഷത്തിലായിരുന്നു.  8 വയസ്സുകാരൻ മകൻ അതുലും തെയ്യപ്രേമിയാണ്. ഇന്നലെ വെടിക്കെട്ടപകടം നടന്നതോടെ സന്തോഷങ്ങളെല്ലാം മാഞ്ഞു. ഇരുവരും പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  അപകടം നടക്കുന്ന സമയം കരിമരുന്നുകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന് തൊട്ടടുത്ത് ആയിരുന്നു രണ്ട് പേരും. അതുൽ നിലവിൽ ഐസിയുവിലാണ്. മുഖത്തും കൈകളിലുമാണ് പ്രസാദിന് പരുക്ക്.

ആശ്വാസം; ആശങ്ക
നീലേശ്വരം ∙ മൂത്തമകൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഭാര്യയ്ക്കും ഇളയമകൾക്കും പൊള്ളലേറ്റതിന്റെ സങ്കടത്തിലാണ് നീലേശ്വരം കടിഞ്ഞിമൂലയിലെ പി.കെ.കുട്ടൻ. കുട്ടനും മൂത്തമകളും ഒരിടത്തും ഭാര്യയും ഇളയമകളും വെടിക്കെട്ട് നടന്ന സ്ഥലത്തിന് സമീപത്തുമാണ് ഉണ്ടായിരുന്നത്. വെടിക്കട്ടപകടത്തിൽ മകൾ ബി.കെ.ദേവഗംഗയുടെ പരുക്ക് ചെറുതാണെങ്കിലും ഭാര്യ എൻ.കെ.സ്മിതയുടെ പരുക്ക് ഗുരുതരമുള്ളതാണ്. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് സ്മിതയെ ചികിത്സിക്കുന്നത്.

ചികിത്സയില്‍ കഴിയുന്ന എം.സച്ചിന്‍.  എ.വി.വിനോദ് കുമാര്‍
ചികിത്സയില്‍ കഴിയുന്ന എം.സച്ചിന്‍. എ.വി.വിനോദ് കുമാര്‍

രക്ഷിച്ചത് വീഴ്ച
നീലേശ്വരം ∙ വീണതു ഭാഗ്യമായി കരുതുകയാണ് പടന്നക്കാടെ സ്മിതയും സിനിയും. ഇവരുടെ അമ്മ പി.വി.സരോജിനിക്ക് അപകടത്തിൽ പൊള്ളലേറ്റെങ്കിലും അപകടം നടന്നപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീണുപോയതിനാൽ ഇരുവരും രക്ഷപ്പെടുകയായിരുന്നു. വീണ ഇവരുടെ മുകളിലേക്ക് ആളുകൾ വീണതാണ് പൊള്ളലേൽക്കാതെ രക്ഷപ്പെടാൻ കാരണം.

വെടിക്കെട്ടപകടമുണ്ടായ സ്ഥലത്ത് ചിതറിക്കിടക്കുന്ന ചെരിപ്പുകൾ.
വെടിക്കെട്ടപകടമുണ്ടായ സ്ഥലത്ത് ചിതറിക്കിടക്കുന്ന ചെരിപ്പുകൾ.

ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥലത്ത് പടക്കം പൊട്ടിക്കരുതെന്ന് തന്റെ മകൻ പടക്കം പൊട്ടിക്കുന്നവരോട് പലതവണ ആവശ്യപ്പെട്ടതായും സരോജിനി പറയുന്നു. എന്നാൽ ഇത് ആരും വകവച്ചില്ല. വീണതാണ് എരിഞ്ഞിക്കീൽ സ്വദേശി പി.വിഷ്ണുവിനും തുണയായത്. വിഷ്ണുവിന്റെ ദേഹത്തേക്ക് പുറകിലുണ്ടായിരുന്നവർ വീണതോടെ വിഷ്ണുവും കാര്യമായ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

നീലേശ്വരം വെടിക്കെട്ടപകടം 10 പേരുടെ നില ഗുരുതരം 
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ 154 പേരിൽ 10 പേരുടെ നില ഗുരുതരം. ഇവർ കോഴിക്കോട് (4 പേർ), കണ്ണൂർ (5), മംഗളൂരു (1) എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ക്ഷേത്ര ഭാരവാഹികളടക്കം 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിനു തീ കൊളുത്തിയ പി.രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പി.വി.ഭാസ്കരൻ, തമ്പാൻ, ബാബു, ചന്ദ്രൻ, ശശി എന്നിവർക്കെതിരെ കേസുണ്ട്.

തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം.

തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറ‍ഞ്ഞിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെയോ പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ അനുമതി വാങ്ങിയിരുന്നില്ല. എഡിഎം അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പൊലീസിനു വീഴ്ചയുണ്ടായോയെന്നു പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും.

അകലം പാലിച്ചില്ല
∙ആളുകളിൽ നിന്ന് 2 മീറ്റർ ദൂരം പോലും അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. എല്ലാ വർഷവും മറ്റൊരിടത്താണ് ഇതു നടത്താറ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീണു എന്റെ ശരീരത്തിൽ ചവിട്ടിയും ധാരാളംപേർ രക്ഷയ്ക്കായി ഓടുന്നുണ്ടായിരുന്നു. കയ്യിലാണ് പൊള്ളലേറ്റത്.

നേതൃത്വം നൽകിയതാര്?
∙നടക്കാൻ പോലും ആവശ്യത്തിന് സ്ഥലം ഇല്ലാത്ത ഇടത്താണ് സംഭവം നടന്നത്. പരിചയമില്ലാത്ത ആളുകളാണോ വെടിമരുന്ന് പ്രയോഗത്തിന് നേതൃത്വം നൽകിയത് എന്നു പരിശോധിക്കണം. ബോധമില്ലാത്ത നിലയിലാണ് സഹോദരന്റെ മകനെ കണ്ടെത്തിയത്. മുഖത്തും കാലിനും പൊള്ളലോടെ ഐസിയുവിലാണ് അവൻ.

സുരക്ഷയില്ലാതെ...
∙സംഭവ സമയം വീട്ടിലായിരുന്ന ഞാൻ കാവിലെത്തിയപ്പോൾ ആംബുലൻസുകളും വാഹനങ്ങളും പൊള്ളലേറ്റവരുമായി ചീറിപ്പായുന്നതാണ് കണ്ടത്. ജില്ലാ ആശുപത്രിയിലാണ് സഹോദരന്റെ മകനെ കണ്ടെത്തിയത്. അപകടത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഒട്ടും സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല എന്നത് പകൽപോലെ വ്യക്തം.

നീലേശ്വരത്തേതുപോലുള്ള അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടിയും കരുതലും അനിവാര്യമാണ്.  ഉത്സവം നടക്കുന്നതിനു തൊട്ടടുത്തു പടക്കം സൂക്ഷിച്ച കെട്ടിടത്തിൽ തീപ്പൊരി വീണതാണു ദുരന്തത്തിനു കാരണമായത്. 

English Summary:

A joyous temple festival in Kasaragod, Kerala, turned into a scene of horror when a fireworks display ignited a stockpile of explosives, leaving over 150 injured, many critically. The incident exposed a lack of safety measures and inadequate medical facilities in the district. This tragedy raises serious concerns about fireworks regulations and the need for stricter enforcement to prevent such catastrophic events in the future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com