വിശ്വാസത്തിന്റെ സൗഹാർദവഴികൾ: കാവുകളിൽ അരങ്ങിലെത്തി മാപ്പിളത്തെയ്യങ്ങളും
Mail This Article
ചിറ്റാരിക്കാൽ ∙ കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു. ഓലത്തുമ്പിൽ ശിൽപചാതുരി തുളുമ്പും തിരുമുടിയും, ഉടയാടകളും ഒന്നിനൊന്നു വിസ്മയം പരത്തുന്ന തെയ്യങ്ങൾക്കിടയിലാണ് വേഷത്തിലും ചടങ്ങുകളിലും മിത്തുകളിലുമെല്ലാം വേറിട്ടുനിൽക്കുന്ന മാപ്പിളത്തെയ്യങ്ങളുമെത്തുന്നത്. പട്ടുടുത്തു താടിയും തലപ്പാവും ധരിച്ചു തറവാട്ടുമുറ്റങ്ങളിലും കാവുകളിലും മാപ്പിളത്തെയ്യങ്ങൾ നിസ്കാര കർമങ്ങളും ബാങ്കുവിളിയും നടത്തുമ്പോൾ വിശ്വാസത്തിനു കളങ്കമേൽക്കാത്ത നാട് ഒന്നടങ്കം വണങ്ങും. കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ കളിയാട്ടത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അരങ്ങിലെത്തിയ മാപ്പിളയും ചാമുണ്ഡിയും തെയ്യങ്ങളോടെയാണു ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കു തുടക്കമായത്.
മാലോം കൂലോം, കുമ്പള ആരിക്കാടി, മൗവ്വേനി കോവിലകം, പെരളം ചാമുണ്ഡേശ്വരി കാവ്, മടിക്കൈ കക്കാട്ട് കോവിലകം, തൃക്കരിപ്പൂർ പേക്കടം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ പേരുകളിൽ മാപ്പിളത്തെയ്യങ്ങളുണ്ട്. കമ്പല്ലൂരിലെ മാപ്പിളയും ചാമുണ്ഡിയും തെയ്യത്തിന്റെ ഇതിവൃത്തം ഇപ്രകാരമാണ്. ഭാര്യയുടെ പേറ്റുനോവിനു പരിഹാരം കാണാൻ രാത്രിയിൽ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ മുസ്‌ലിം യുവാവിനുമുന്നിൽ ഉഗ്രസ്വരൂപിണിയായ കരിഞ്ചാമുണ്ഡി വയറ്റാട്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും, ഒടുവിൽ ഭാര്യയെ ശുശ്രൂഷിക്കാനെന്നപേരിൽ വീട്ടിനുള്ളിൽ കടന്ന കരിഞ്ചാമുണ്ഡി ഭീകരരൂപം പൂണ്ടു ഗർഭിണിയായ യുവതിയെയും ചോരക്കുഞ്ഞിനെയും കൊന്നുതിന്നുകയും ചെയ്തുവത്രേ.
ഒടുവിൽ ചതി തിരിച്ചറിഞ്ഞ യുവാവ് ഉലക്കകൊണ്ട് ആ ഭീകരരൂപത്തെ മർദിച്ചെങ്കിലും പിന്നീടു യുവാവും കൊല്ലപ്പെടുകയായിരുന്നു. കരിഞ്ചാമുണ്ഡി കൊലപ്പെടുത്തിയ ആ യുവാവ് ഒടുവിൽ മാപ്പിളത്തെയ്യമായി മാറിയെന്നാണ് ഇതിവൃത്തം. മാപ്പിളത്തെയ്യത്തിന്റെ അനുഗ്രഹാശിസ്സുകൾ തേടി കളിയാട്ടത്തറകളിലേക്ക് നാനാജാതി മതസ്തരായ ഒട്ടേറെയാളുകൾ എല്ലാവർഷവും എത്താറുണ്ട്. മാവിലൻ സമുദായക്കാരാണ് ഈ തെയ്യത്തിന്റെ അണിയറയിലുള്ളത്. മതസൗഹാർദത്തിൻെറ മണിക്കിലുക്കങ്ങളുയർത്തുന്ന മാപ്പിളത്തെയ്യത്തിന്റെ വാൾപയറ്റും ഏറെ കൗതുകകരമാണ്. തോറ്റം പാട്ടിന്റ പിൻബലമില്ലാത്ത ഈ തെയ്യം, തന്റെ കായികാഭ്യാസത്തിലൂടെയും നിസ്കാര കർമങ്ങളിലൂടെയുമെല്ലാമാണ് അരങ്ങിൽ സജീവമാകുന്നത്.