ADVERTISEMENT

നീലേശ്വരം∙  അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന 9 പേർ അപകടനില തരണം ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറത്തെ കെ.വി.വിജയനെയാണ് (62) അറസ്റ്റ് ചെയ്തത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പി.രാജേഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും പി.വി.ഭാസ്കരൻ, തമ്പാൻ, ബാബു, ചന്ദ്രൻ, ശശി എന്നിവരെ പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു. 

ഇന്നലെ അറസ്റ്റിലായ കെ.വി.വിജയന്റെ കൈവിരലുകൾ 14 വർഷം മുൻപ് ഇതേ ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ വെടിക്കെട്ടിനു തീകൊളുത്തുമ്പോൾ അറ്റുപോയതാണ്. ഇത്തവണ ഇയാൾ പടക്കത്തിന് തീ കൊളുത്തുമ്പോൾ ക്ഷേത്രക്കമ്മിറ്റി വിലക്കിയിരുന്നു. പിന്നീടാണ് രാജേഷ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും ആരംഭിച്ചു. മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

അറസ്റ്റിലായ വിജയൻ.
അറസ്റ്റിലായ വിജയൻ.

പരുക്കേറ്റവരുടെ നിലയിൽ പുരോഗതി: ഡിഎംഒ
കാഞ്ഞങ്ങാട്∙ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര വെട്ടിക്കെട്ടപകടത്തിൽ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ദീപ് (38) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. 

ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ കൗൺസലിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.അണുബാധയും ശ്വാസകോശ പ്രശ്നങ്ങളും തൊലിവിളർച്ചയുമാണ് പൊള്ളലേറ്റവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. പെള്ളലേറ്റവർക്ക് അണുബാധയേൽക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ ആശുപത്രിയിലടക്കം സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.

തളംകെട്ടി ദുഃഖം; ആളനക്കമില്ലാതെ ക്ഷേത്രം 
നീലേശ്വരം∙ കളിയാട്ടത്തിന്റെ ആരവത്തിന് ശേഷം അടിയന്തിരാദി കർമങ്ങൾ നടക്കേണ്ട ക്ഷേത്രത്തിൽ ആളനക്കമില്ല. കത്തി കരിഞ്ഞ വസ്തുക്കളുടെ ഗന്ധം അപകടം നടന്ന ഷെഡിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. വെടിക്കെട്ട് അപകടം നടന്ന നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിലെ ക്ഷേത്രത്തിലെ ഇന്നലത്തെ അവസ്ഥയായിരുന്നു ഇത്. കളിയാട്ടത്തിനായി അലങ്കരിച്ച പൂവുകൾ പള്ളിയറകൾക്ക് മുൻപിൽ തൂങ്ങി കിടക്കുന്നു.

ആളൊഴിഞ്ഞ നീലേശ്വരം അഞ്ഞുറ്റമ്പലം ക്ഷേത്ര പരിസരം.
ആളൊഴിഞ്ഞ നീലേശ്വരം അഞ്ഞുറ്റമ്പലം ക്ഷേത്ര പരിസരം.

ദേവതമാർ കർമം നടത്തിയ കളത്തിൽ പൂക്കുലകൾ ചിതറി കിടക്കുന്നു. ക്ഷേത്ര പരിസരം ശോകമൂകമാണ്. ആയിരക്കണക്കിന് ഭക്തർക്ക് ഒരുക്കിയ ഭക്ഷണം കുഴിച്ച് മൂടിയതിനെ തുടർന്ന് പാത്രങ്ങൾ ശുചീകരിക്കാൻ ഇന്നലെ ആളുകൾ എത്തി.വൈകിട്ട് വരെ പാത്രങ്ങൾ ശുചീകരിക്കുന്ന ജോലി ചെയ്യുന്നവരും പന്തലുകൾ അഴിച്ചുമാറ്റുവാൻ എത്തിയ തൊഴിലാളികളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അതേ സമയം ആശുപത്രിയിൽ കിടക്കുന്നവരെ കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ ഗ്രാമത്തിലാകെ ദു:ഖം തളംകെട്ടി നിൽക്കുകയാണ്.

പരുക്കേറ്റവർക്കെല്ലാം ചികിത്സ; ആശ്വാസത്തിൽ ആരോഗ്യവകുപ്പ് 
കാഞ്ഞങ്ങാട്∙ അപ്രതീക്ഷിതമായി ഉണ്ടായ വെടിക്കെട്ടപകടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. പൊള്ളലേറ്റവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമാകാതിരുന്നതും സർക്കാർ– സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ ഉണർന്ന് പ്രവർത്തിച്ചതുമാണ് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ നിർണായകമായത്. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിന് പ്രത്യേകം ഉപയോഗിക്കാനാകുന്ന ബേൺ ഐസിയു ജില്ലയിലെവിടെയും ഇല്ലെന്ന യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നതു കൂടെയായി നീലേശ്വരം അപകടം.

നിലവിൽ മംഗളൂരുവിലെയും കണ്ണൂരിലെയും ആശുപത്രികളിൽ മാത്രമാണ് ബേൺ ഐസിയു ഉള്ളത്. ഗുരുതരമായി പൊള്ളലേറ്റവർ ചികിത്സയ്ക്ക് വേണ്ടി 150 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടി വരുമെന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. വെടിക്കെട്ടപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ മുഴുവൻ പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളജിലേക്കും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. സാരമായി പൊള്ളലേറ്റവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പലരും സാധാരണ ആശുപത്രികളിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സർക്കാർ ചികിത്സ ഏറ്റെടുത്തതോടെ ഇവർക്കും മികച്ച ചികിത്സാ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളജിന്റെ ഭാഗമായി ബേൺ ഐസിയു പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ബേൺ ഐസിയു നിലവിലുണ്ട്. എന്നാൽ മെഡിക്കൽ കോളജും ജില്ലാ– ജനറൽ ആശുപത്രിയും പ്രവർത്തിക്കുന്ന കാസർകോട് ബേൺ ഐസിയു യൂണിറ്റുകൾ ഒന്നുപോലും ലഭ്യമല്ല. പൊള്ളലേൽ‍ക്കുന്ന സംഭവങ്ങളിൽ നിർണായകമാകുന്നത് അണുബാധ ഏൽക്കാതിരിക്കാൻ ഒരുക്കുന്ന സംരക്ഷണമാണ്. സാധാരണ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന പലരും ആദ്യദിവസം നേരിട്ട പ്രധാന വെല്ലുവിളിയും ഇതായിരുന്നു.

ബേൺ ഐസിയു ഉണ്ടായാൽ പൊള്ളലേറ്റ ആളുകൾക്ക് മാത്രമായി, അവരെ ചികിത്സിക്കുന്നതിൽ വൈദഗ്ധ്യം നേടിയ സംഘത്തെ നിയോഗിക്കാനാകും. അത് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുന്നവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ നിർണായകമാണ്.ബേൺ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. പൊള്ളലിന്റെ ആഴവും ആഘാതവും വ്യക്തമാക്കാൻ ഉപകരിക്കുന്ന തരത്തിൽ പ്രത്യേക പരിശോധനകൾക്കും സൗകര്യമുണ്ടാകും.

പരുക്കേറ്റ 3 പേരെ കൂടി കണ്ണൂരിലേക്ക് മാറ്റി 
കണ്ണൂർ∙ നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ മൂന്നുപേരെ കൂടി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്കു മാറ്റി. സന്തോഷ് കുമാർ(41), അതീഷ്(41), രമണി ബാലകൃഷ്ണൻ(67) എന്നിവരെയാണു മാറ്റിയത്. ഇതോടെ ഇവിടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27 ആയി. കണ്ണൂർ ബേബി മെമ്മോറിയിൽ ആശുപത്രിയിലേക്കും പരുക്കേറ്റ രണ്ടു പേരെ കൂടി പ്രവേശിപ്പിച്ചു. സ്മിത(45), ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീദേവിയുടെ ബന്ധു എ.കെ.ശൈലജ എന്നിവരെയാണ് പ്രവേശിപ്പിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ആശുപത്രിയിലെത്തി പരുക്കേറ്റവരുടെ കൂട്ടിരുപ്പുകാരെയും ആശുപത്രി അധികൃതരെയും കണ്ടിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ നാലു പേരാണുള്ളത്. ഒരാൾ ഇന്നലെ ആശുപത്രി വിട്ടു.

ആശുപത്രികൾ സന്ദർശിച്ച് എം.രാജഗോപാലൻ  എംഎൽഎ 
മംഗളൂരു∙ ‘ആശുപത്രി അധികാരികൾ മുൻകൂറായി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഇത്രയും തുക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നില്ല. എന്തു ചെയ്യണമെന്നറിയില്ല’. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് മംഗളൂരുവിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന ആളുകളെ കാണാൻ എത്തിയ എംഎൽഎ എം.രാജഗോപാലിനോട് ബന്ധുക്കൾ പറഞ്ഞു. 

ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുത്തെങ്കിലും വിവിധ ആശുപത്രികൾ മുൻകൂറായി പണം ആവശ്യപ്പെട്ടത് രോഗികളെയും ബന്ധുക്കളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കി. 
കാസർകോട് കലക്ടർ കെ.ഇമ്പശേഖറുമായി ബന്ധപ്പെട്ട എംഎൽഎ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. തുടർന്ന് കലക്ടർ ദക്ഷിണ കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ മുള്ളൈ മുഹിലനുമായി ബന്ധപ്പെട്ട ശേഷം ചികിത്സാ ചെലവിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പു നൽകി. 

ഹെഗ്ഡെയിൽ 15 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന അജിത്ത് കുമാറിനെ എംഎൽഎ സന്ദർശിച്ചപ്പോൾ തന്റെ ഏട്ടൻ കൂടി പങ്കെടുക്കേണ്ട നീലേശ്വരത്തെ ഉത്തരമലബാർ ജലോത്സവം കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ആയിരുന്നു. എന്നാൽ ജലോത്സവം നവംബർ 17ലേക്ക് മാറ്റി വച്ച കാര്യം എംഎൽഎ അജിത്തിനെ അറിയിച്ചപ്പോൾ അതിന് മുൻപ് തന്നെ വീട്ടിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയിൽ ആ മുഖത്ത് പുഞ്ചിരി വിടർന്നു.

ചികിത്സച്ചെലവ് സർക്കാർ വഹിക്കും 
തിരുവനന്തപുരം∙ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ജലനിധി ശുദ്ധജല പദ്ധതിയുടെ ഭാഗമായി കാസർകോട് ബദിയടുക്ക മുതൽ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനുള്ള കരാർ അംഗീകരിച്ചു. ‌

English Summary:

This article provides updates on the tragic firework mishap at Anjoottambalam Veerar Kavu temple in Nileshwar, Kerala. It details the condition of the injured, ongoing police investigation and arrests, government aid for treatment, and the impact on the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com