ADVERTISEMENT

ഇരിയണ്ണി ∙ ‌സൈക്കിളിൽ വിജയം ചവിട്ടിക്കയറാൻ താരങ്ങൾ ഇറങ്ങുന്നതോടെ നാളെ മുതൽ 2 ദിവസം ബോവിക്കാനം–ഇരിയണ്ണി റോഡിൽ സൈക്ലിങ്ങിന്റെ ആരവം. കേരള സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു ട്രാക്കുണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ താരങ്ങൾ എത്തിത്തുടങ്ങി.

പരിശീലനത്തിനു വേണ്ടിയാണ് പല ജില്ലകളിൽ നിന്നുള്ള താരങ്ങൾ നേരത്തെ എത്തിയത്. ഇന്ന് വൈകിട്ട് ആകുമ്പോഴേക്കും മുഴുവൻ പേരും എത്തുമെന്ന് സംഘാടകർ അറിയിച്ചു. 9 വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ മുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. ഇതിലെ വിജയികളെ അടുത്ത ഡിസംബർ ആദ്യവാരം ഒഡീഷയിലെ പുരിയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കും. ആദ്യമായി നാട്ടിലെത്തിയ ചാംപ്യൻഷിപ്പിനെ വരവേൽക്കാൻ ഇരിയണ്ണിയും ഒരുങ്ങി. ‌

നാളെ രാവിലെ 7 ന് തുടങ്ങും
മത്സരങ്ങൾ നാളെ രാവിലെ 7 ന് തുടങ്ങും. 23 വയസ്സിനു താഴെയുള്ള പുരുഷ വിഭാഗത്തിന്റെ മത്സരമാണ് ആദ്യം. 40 കിലോമീറ്ററാണ് മത്സര ദൂരം. ഒരു ലാപ് എന്നുള്ളത് 8 കിലോമീറ്ററാണ്. അങ്ങനെ 5 ലാപ്പുകളായാണു ഈ മത്സരം. അതിനു ശേഷം 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടേതാണ്. 8 കിലോമീറ്ററാണ് ദൂരം. 11 നു 16 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ, തുടർന്നു 14 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ, 16 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ, 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ എന്നിങ്ങനെയാണു മത്സരങ്ങളുടെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. 3 ന് രാവിലെ 7 ന് 18 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ, തുടർന്നു എലൈറ്റ് മെൻ, എലൈറ്റ് വിമെൻ എന്നിങ്ങനെയാണു മത്സരങ്ങൾ.ആദ്യ ദിവസം പൂർത്തിയാക്കാൻ സാധിക്കാത്ത മത്സരങ്ങൾ 3 നു ആദ്യ ഇനമായി നടത്തുമെന്നും അസോസിയേഷൻ സെക്രട്ടറി ബി.ജയപ്രസാദ് അറിയിച്ചു.

ഗതാഗതം നിയന്ത്രിക്കും
മത്സരങ്ങൾ നടക്കുന്ന നാളെയും മറ്റന്നാളും ബോവിക്കാനം–ഇരിയണ്ണി റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. അന്തിമ തീരുമാനം ഇന്നു കലക്ടർ വിളിച്ച യോഗത്തിൽ ഉണ്ടാകും. മത്സരം നടക്കുന്ന ബാവിക്കരയടുക്കം മുതൽ ഇരിയണ്ണി വരെയുള്ള ഭാഗത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. ബസ് ഒഴികെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടാനാണ് ആലോചിക്കുന്നത്. ബോവിക്കാനത്തു നിന്നു കുറ്റിക്കോലിലേക്കും തിരിച്ചും പോകുന്നവർക്ക് പയർപ്പള്ളം–കോട്ടൂർ–ബോവിക്കാനം വഴി പോകുവാൻ സാധിക്കും. ഇരിയണ്ണിയിൽ നിന്നു ബോവിക്കാനത്തേക്കും ഈ റോഡ് ഉപയോഗിക്കാം. ചെറിയ മറ്റു റോഡ‍ുകൾ ഉള്ളതിനാൽ വലിയ പ്രശ്നമില്ലാതെ തന്നെ ക്രമീകരണം ഏർപ്പെടുത്താൻ സാധിക്കുമെന്നതു വലിയ നേട്ടമാണ്.

നവംബർ 2, 3 തീയതികളിൽ കാസർകോട് ബോവിക്കാനം - ഇരിയണ്ണി റോഡിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനായി പരിശീലനം നടത്തുന്ന മത്സരാർഥികൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
നവംബർ 2, 3 തീയതികളിൽ കാസർകോട് ബോവിക്കാനം - ഇരിയണ്ണി റോഡിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനായി പരിശീലനം നടത്തുന്ന മത്സരാർഥികൾ. ചിത്രം : അഭിജിത്ത് രവി / മനോരമ

വിലയേറും, ഗുണവും; ഇത് വേറെ സൈക്കിൾ
പഴയ ഇരുമ്പ് സൈക്കിളിൽ നിന്നു ആധുനിക കാർബൺ സൈക്കിളിലേക്കുള്ള മാറ്റമാണ് സൈക്ലിങ്ങിന്റെ വളർച്ച. ആദ്യകാലത്ത് ഇരുമ്പ് സൈക്കിളിൽ രൂപമാറ്റം വരുത്തിയാണ് സൈക്ലിങ്ങിനു ഉപയോഗിച്ചിരുന്നത്. രാജ്യത്തു തന്നെ നിർമിച്ചിരുന്നവയായിരുന്നു അത്. 1985 നു ശേഷം അലുമിനിയം സൈക്കിളുകൾ പ്രചാരത്തിലെത്തി. ഇരുമ്പ് സൈക്കിളിനേക്കാൾ ഭാരം കുറവാണെന്നതായിരുന്നു ഇതിന്റെ പ്രധാന ഗുണം. അലുമിനിയം സൈക്കിളുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് കാർബൺ സൈക്കിളുകളാണ്. മറ്റുള്ളവയെ അപേക്ഷിച്ചു ഭാരം തുലോം കുറവാണെന്നതിനു പുറമേ ഇവയ്ക്കു ഉറപ്പും കൂടുതലാണ്.

കാലവും സാങ്കേതികവിദ്യയും മാറുന്നതിനനുസരിച്ചു സൈക്ലിങ്ങിലും മാറ്റങ്ങളുണ്ടായി. കാർബൺ സൈക്കിളുകൾക്ക് വില കൂടുതലാണെന്നതാണു ഏറ്റവും വലിയ വെല്ലുവിളി. 2–10 ലക്ഷം രൂപ വരെയാണ് വില. നമ്മുടെ നാട്ടിൽ കിട്ടുന്ന നല്ല കാറുകളേക്കാൾ കൂടുതൽ. ഇവയുടെ ഒരു ജോഡ‍ി ടയറിനു തന്നെ 3 ലക്ഷം രൂപ വരെ വിലയുണ്ട്. 80 കിമീ വരെ വേഗം കൈവരിക്കാൻ ശേഷിയുള്ളവയാണ് ഈ റേസിങ് സൈക്കിളുകൾ. സ്വന്തം നിലയ്ക്കു വാങ്ങിയ സൈക്കിളുമായാണ് സംസ്ഥാന ചാംപ്യൻഷിപ്പിനു മത്സരാർഥികൾ എത്തിയിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ പോലും ആവശ്യത്തിനു റേസിങ് സൈക്കിളുകൾ ഇല്ലെന്നതു പരിശീലനത്തിനും തടസ്സമാണ്.

‘റോ‍ഡ‍ിനു ഒരു കിലോമീറ്റർ കൂടുതൽ നീളം ഉണ്ടായിരുന്നെങ്കിൽ ദേശീയ ചാംപ്യൻഷിപ് പോലും നടത്താൻ സാധിക്കുമായിരുന്നു. ഗുണനിലവാരത്തിനൊപ്പം വളവ്, കയറ്റം, ഇറക്കം എന്നിവയുടെ കാര്യത്തിലും റോഡ് മികച്ചതാണ്. മത്സരം നടക്കുന്ന ഭാഗങ്ങൾക്കിടയിൽ ടൗണുകളോ തിരക്കേറിയ പ്രദേശങ്ങളോ ഇല്ലാത്തതു ഗുണം ചെയ്യും. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പോക്കറ്റ് റോഡുകളും കുറവാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ വേറെ റോഡ‍് ഉള്ളതുകൂടി കണക്കിലെടുത്താൽ സൈക്ലിങ്ങിനു ഏറ്റവും അനുയോജ്യമാണ് ഈ റോഡ്’

English Summary:

The Bovikanam-Iriyanni Road is set to be abuzz with excitement as it hosts the Kerala Cycling Association's State Road Cycling Championship. The two-day event, starting tomorrow, will see top athletes compete for the coveted title.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com