കണ്ണിമചിമ്മാതെ കാവലിരുന്നിട്ടും കപ്പച്ചുവടത്രയും കുത്തിമറിച്ചു..!
Mail This Article
രാജപുരം ∙ കണ്ണിമചിമ്മാതെ കാവലിരുന്നിട്ടും പട്ടാപ്പകൽ കാട്ടുപന്നി കുത്തിമലർത്തിയ തന്റെ കപ്പത്തോട്ടം കണ്ട് കള്ളാർ പഞ്ചായത്തിലെ കൊട്ടോടി മഞ്ഞങ്ങാനത്തെ കെ.കുമാരന്റെ ഉള്ളുപകച്ചു. 150 ചുവടിലേറെ കപ്പയാണ് പത്തോളം കാട്ടുപന്നികൾ തകർത്തെറിഞ്ഞത്.കമുകിൻ തൈകൾക്ക് ഇടവിളയായാണ് കപ്പ നട്ടത്. ആ കപ്പകളെല്ലാം ഒന്നൊഴിയാതെ നശിപ്പിച്ചു. കൃഷി സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പ്ലാന്റേഷൻ കശുമാവ് തോട്ടത്തിൽ നിന്നാണ് പന്നികൾ എത്തുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ചെറുതും വലുതുമായ 7 പന്നികളാണ് വീടിനു മുന്നിൽ കൂടി പോയതെന്ന് തമ്പാൻ മഞ്ഞങ്ങാനം പറയുന്നു. തൊട്ടടുത്ത പറമ്പിലെ രാജേഷിന്റെ കപ്പയും നശിപ്പിച്ചാണ് പന്നികൾ കാട് കയറിയത്. പ്ലാന്റേഷൻ തോട്ടത്തിന്റെ അതിർത്തി പ്രദേശത്താണ് കാട്ടുപന്നികൾ ഏറെയും കൃഷിനാശം വരുത്തുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെ വെടിവയ്ക്കാൻ അനുവാദം ഇല്ലാത്തതിനാൽ പന്നികളെ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കൃഷികൾ നശിപ്പിക്കുന്ന പന്നികളെ വെടി വയ്ക്കാൻ പഞ്ചായത്ത് അനുമതി നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.