ADVERTISEMENT

തൃക്കരിപ്പൂർ∙ പടന്നയിലെ റഹ്‌മാനിയ മദ്രസയ്ക്ക് സമീപത്തും പിലിക്കോട്ടെ മാങ്കടവത്ത് കൊവ്വലിലും പുലിയുടെ സാന്നിധ്യമെന്നു സൂചന. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ‘പുലി’ നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.  ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥ സംഘം സ്‌ഥലത്ത് പരിശോധന നടത്തി. കാൽപാടുകൾ നോക്കി മൃഗം ഏതാണെന്നു സ്‌ഥിരീകരിക്കാൻ കഴിയില്ലെന്നു അഷ്റഫ് മനോരമയോടു പറഞ്ഞു. കാട്ടുപൂച്ചയുടെ കാൽപാടുകളും ആകാമെന്നു അദ്ദേഹം പറഞ്ഞു. പുലർച്ചെ 4.15 നാണ് പടന്നയിൽ പുലിയെ കണ്ടുവെന്നു 3 യുവാക്കളടങ്ങിയ സംഘം പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലമിനെ വിവരം അറിയിച്ചത്.

പടന്നയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലമും ഉദ്യോഗസ്ഥരും നാട്ടുകാരും പുലിക്കായി 
തിരച്ചിൽ നടത്തുന്നു.
പടന്നയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലമും ഉദ്യോഗസ്ഥരും നാട്ടുകാരും പുലിക്കായി തിരച്ചിൽ നടത്തുന്നു.

എയർപോർട്ടിൽ പോയി തിരിച്ചു വരികയായിരുന്നു യുവാക്കൾ. കാറിന്റെ വെളിച്ചത്തിൽ റഹ്‌മാനിയ മദ്രസക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറയുന്നതായാണ് യുവാക്കൾ അറിയിച്ചത്. ചന്തേര പൊലീസും മറ്റും തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ലഭിച്ചില്ല. പുലിയെ കണ്ട ഭാഗത്തെ സിസിടിവിയുള്ള വീടുകളിൽ ക്യാമറ തുറന്നു വയ്ക്കാൻ നിർദേശം നൽകി. ഇതേ തുടർന്നു കൂടുതൽ പരിശോധിച്ചപ്പോഴാണ് പുലിക്ക് സമാനമായ മൃഗം കടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ കാണാനായത്. 
ചെറുവത്തൂർ∙ പിലിക്കോട് മാങ്കടവത്ത് കൊവ്വലിൽ പുലിയിറങ്ങിയതായി സംശയം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇവിടെ ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നത്. ഇതിനെ തുടർന്ന് രാവിലെ ഭീമനടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ.ലക്ഷ്മണൻ, കാസർകോട് ആർആർടി വിഭാഗം ഫോറസ്റ്റ് സെക്‌ഷൻ ഓഫിസർ കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ സംഘമെത്തി ഇവിടെയും തൊട്ടടുത്ത പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി.  ചന്തേര എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇവിടെ നിന്ന് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. 

പുലിപ്പേടിയിലായ പിലിക്കോട് -പടന്ന പ്രദേശത്ത് ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
പുലിപ്പേടിയിലായ പിലിക്കോട് -പടന്ന പ്രദേശത്ത് ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

കൂടുതൽ പരിശോധനയ്ക്കായി ഇവിടെ 4 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഹൊസ്ദുർഗ് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ് സ്ഥലം  സന്ദർശിച്ചു.  വൈകിട്ട് ഡിഎഫ്ഒ കെ.അഷറഫ്, കാസർകോട് എസ്എഫ്ഒ കെ.രാഹുൽ എന്നിവർ ഇവിടെയെത്തി വേണ്ട നിർദേശങ്ങൾ നൽകി.പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് ഡിഎഫ്ഒ പറഞ്ഞു. ഈ പ്രദേശത്തെ വീടുകളുടെ പുറത്ത് രാത്രി കാലങ്ങളിൽ ലൈറ്റ് തെളിയിക്കുക, വളർത്തു മൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക തുടങ്ങിയ നിർദേശങ്ങൾ നൽകി. സ്ഥലത്ത് പൊലീസ്, ഫോറസ്റ്റ് ടീം എന്നിവരുടെ നൈറ്റ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Reports of possible tiger sightings near residential areas in Thrikaripur and Pilikode, Kerala, have put residents on high alert. While the Forest Department investigates with camera traps and patrols, locals are advised to take safety precautions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com