കൂട്ടായിരുന്ന അമ്മ, കൂടെയുണ്ടായിരുന്ന സഹപ്രവർത്തക..; ദിവ്യശ്രീക്ക് അതിവൈകാരിക യാത്രയയപ്പ്
Mail This Article
കരിവെള്ളൂർ ∙ കൂട്ടായിരുന്ന അമ്മ, കൂടെയുണ്ടായിരുന്ന സഹപ്രവർത്തക, കൂട്ടുകാരി ഇനിയില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാനാകാതെ ദിവ്യശ്രീയുടെ വീട്ടിൽ പ്രിയപ്പെട്ടവർ കാത്തുനിന്നു. ചേതനയറ്റ ശരീരം ഏഴാം ക്ലാസുകാരൻ മകൻ ആഷിഷ് ചേർത്തു പിടിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. അവന്റെ ദുഃഖവും മൗനവും നാടിന്റെ നൊമ്പരമായി.
മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബാറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീക്ക് അതിവൈകാരിക യാത്രയപ്പാണ് കരിവെള്ളൂർ ഗ്രാമവും സഹപ്രവർത്തകരും നൽകിയത്. കഴിഞ്ഞദിവസമാണ് ഭർത്താവ് കൊഴുമ്മലിലെ കെ.രാജേഷ് ദിവ്യശ്രീയെ വെട്ടിക്കൊന്നത്. എവി സ്മാരക വായനശാലയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിന് ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ബന്ധുക്കൾക്കും അയവാസികൾക്കും സങ്കടം പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.
വീട്ടുമുറ്റത്ത് സായുധ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് യൂണിഫോമണിഞ്ഞ പൊലീസുകാർ അവസാനമായി സല്യൂട്ട് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒട്ടേറെ പൊലീസുകാർ അന്തിമോപചാരമർപ്പിക്കാൻ എത്തി. കൂക്കാനം ശ്മശാനത്തിലെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം സംസ്കരിച്ചു. മൃതദേഹം പയ്യന്നൂർ, ചന്തേര പൊലീസ് സ്റ്റേഷനുകളിലും പൊതുദർശനത്തിനുവച്ചു.
എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.രാജഗോപാലൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. വനിതാ ബറ്റാലിയൻ കമൻഡാന്റ് കെ.മുഹമ്മദ് ഷാഫി, കെഎപി കമൻഡാന്റ് എൻ.ജെ.ദേവസ്യ, കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ, കാസർകോട് എസ്പി ഡി.ശിൽപ, അഡീഷനൽ എസ്പി എം.പി.വിനോദ് കുമാർ തുടങ്ങി ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ അന്ത്യോപചാരം അർപ്പിച്ചു.