കുണ്ടാർ ബാലൻ വധം: ബിജെപി പ്രവർത്തകന് ജീവപര്യന്തം
Mail This Article
കാസർകോട് ∙ കോൺഗ്രസ് കാറഡുക്ക മണ്ഡലം വൈസ് പ്രസിഡന്റ് ആദൂർ കുണ്ടാറിലെ ടി.ബാലകൃഷ്ണനെ (കുണ്ടാർ ബാലൻ– 45) കുത്തിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകൻ കുണ്ടാറിലെ ഒബി രാധയ്ക്ക് (രാധാകൃഷ്ണൻ–47) ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജില്ലാ അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി കെ.പ്രിയ വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ ആശ്രിതർക്ക് നൽകണം.
2008 മാർച്ച് 27ന് ഭാര്യയുടെ കർണാടക ഈശ്വരമംഗലത്തുള്ള അമ്മാവന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോൾ കുണ്ടാർ ബസ് സ്റ്റോപ്പിനു സമീപം കാർ തടഞ്ഞ് കുത്തിക്കൊന്നെന്നാണു കേസ്. ബിജെപി പ്രവർത്തകരായ ഒബി രാധ, ആദൂർ കട്ടത്തുബയലിലെ വിജയൻ (42), കുണ്ടാറിലെ കെ.കുമാരൻ (51), കുണ്ടാർ അത്തനാടി ഹൗസിൽ കെ.ദിലീപ്കുമാർ (41) എന്നിവരാണ് പ്രതികൾ. ഇതിൽ 3 പേരെ കോടതി കുറ്റവിമുക്തരാക്കി. വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണം.
ലോക്കൽ പൊലീസ് കേസിൽ കള്ളസാക്ഷികളെ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ബാലകൃഷ്ണന്റെ ഭാര്യ കെ.പി.പ്രഫുല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.ലോക്കൽ പൊലീസ് കണ്ടെത്തിയ അതേ പ്രതികളെയാണ് ക്രൈംബ്രാഞ്ചും ഉൾപ്പെടുത്തിയത്.
ഇതിനെതിരെ ബന്ധുക്കൾ പരാതി നൽകിയപ്പോൾ സർക്കാർ സിബിഐ ആവശ്യപ്പെട്ടെങ്കിലും കേസ് സിബിഐ ഏറ്റെടുത്തില്ല. പ്രോസിക്യൂഷനുവേണ്ടി ആദ്യഘട്ടത്തിൽ അഡീഷനൽ ഗവ.പ്ലീഡർ അബ്ദുൽ സത്താറും പിന്നീട് ജി.ചന്ദ്രമോഹനൻ, ചിത്രകല എന്നിവരും ഹാജരായി.
വിധിക്കെതിരെ അപ്പീല്‍ നൽകാൻ കുടുംബം; അപ്പീൽ നൽകുന്നത് 3 പ്രതികളെ വിട്ടയച്ചതിനെതിരെ
മുള്ളേരിയ ∙ കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസിൽ 3 പ്രതികളെ വിട്ടയച്ചതിനെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കുടുംബം. വിധിപ്പകർപ്പു കിട്ടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. കേസിലെ ഒന്നാം പ്രതിയും ബിജെപി പ്രവർത്തകനുമായ കുണ്ടാറിലെ ഒബി രാധയെ (രാധാകൃഷ്ണൻ) ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചെങ്കിലും മറ്റു പ്രതികളായ കട്ടത്തുബയലിലെ വിജയൻ, കുണ്ടാറിലെ കെ.കുമാരൻ, കുണ്ടാർ അത്തനാടി ഹൗസിൽ കെ.ദിലീപ് കുമാർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2008 മാർച്ച് 27നു വൈകിട്ട് 7നാണു കാർ തടഞ്ഞുനിർത്തി ബാലനെ കുത്തി പരുക്കേൽപിച്ചത്. കാസർകോട് ആശുപത്രിയിലെത്തിക്കുന്നതിനു മുൻപു മരിച്ചു. ആശുപത്രിയിലേക്കു പോകുന്ന വഴിയിൽ ആദൂർ പൊലീസ് സ്റ്റേഷനിൽ കയറി തന്നെ കുത്തിയവരുടെ പേര് ബാലൻ പൊലീസുകാരോടു പറഞ്ഞിരുന്നു. കുത്തേൽക്കുന്ന സമയത്തു കാറിലുണ്ടായിരുന്ന മഞ്ഞംപാറയിലെ ഹമീദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കുണ്ടാറിലെ സി.ഇബ്രാഹിം എന്നിവർ സാക്ഷികളുമാണ്.
വെറുതേ വിട്ട 3 പ്രതികളുടെ പേര് ഉൾപ്പെടെയാണു ബാലൻ പറഞ്ഞതെന്നു ഇവർ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ പൊലീസ് ഇതു രേഖപ്പെടുത്തുകയോ ഈ മൊഴിയുടെ കാര്യം കോടതിയെ അറിയിക്കുകയോ ചെയ്തില്ല. കേസിന്റെ ഗൂഢാലോചന അന്വേഷിക്കാത്തതും പ്രഥമ വിവര പട്ടികയിൽ പേരുണ്ടായിരുന്ന ബിജെപി നേതാവിനെ ഒഴിവാക്കിയതും അന്വേഷണത്തിലെ വീഴ്ചകളായി ബാലന്റെ ഭാര്യ കെ.പി.പ്രഫുല്ല ചൂണ്ടിക്കാട്ടിയിരുന്നു.