നഗരസഭാ മുൻ ചെയർമാനെ വധിക്കാൻ ശ്രമിച്ച കേസ്; മാവോയിസ്റ്റ് നേതാവ് സോമനെ കോടതിയിലെത്തിച്ചു
Mail This Article
കാസർകോട് ∙ കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാൻ എൻ.എ.ഖാലിദിനെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയ്ക്കായി എത്തിച്ച മാവോയിസ്റ്റ് നേതാവ് സോമൻ കാസർകോട് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചു. കനത്ത സുരക്ഷയോടെ കോടതിയിലെത്തിച്ച സോമനെ ജീപ്പിൽനിന്ന് ഇറക്കുന്നതിനിടെയാണു മുദ്രാവാക്യം വിളിച്ചത്.
‘പശ്ചിമഘട്ടം സംരക്ഷിക്കുക, കോർപറേറ്റ് ശക്തികളെ നിലയ്ക്കു നിർത്തുക, ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണു മുഴക്കിയത്. തുടർന്നും മുദ്രാവാക്യം വിളിക്കാനുള്ള സോമന്റെ ശ്രമം ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനായിരിക്കെ 2007ൽ എൻ.എ.ഖാലിദിനെ വധിക്കാൻ ശ്രമിച്ചതിനാണു ഹൊസ്‌ദുർഗ് പൊലീസ് സോമൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്നതിനാൽ സോമനെതിരെയുള്ള കേസ് കാസർകോട് ജില്ലാ അഡീഷനൽ സെഷൻസ് കോടതി(2)യിൽ തുടരുകയായിരുന്നു.
കഴിഞ്ഞയാഴ്ച കർണാടക കാർക്കളയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്കൊപ്പം വനത്തിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന സോമനെ ജൂലൈ 28നാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കാഞ്ഞങ്ങാട്ടെ കേസിൽ സോമനെ ഈയിടെ കാസർകോട് കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ ഇന്നലെ ആരംഭിച്ചതിനാലാണു സോമനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.