ADVERTISEMENT

നീലേശ്വരം∙ പാലായി ഷട്ടർ കം ബ്രിജിലെ വെള്ളം ശുദ്ധജല പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് സിപിഎം നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 1957 മുതൽ ആവശ്യപ്പെടുകയും 2021ൽ നബാർഡ് സഹായത്തോടുകൂടി 65 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പാലായി ഷട്ടർ കം ബ്രിജിലെ വെള്ളം ശുദ്ധജല പദ്ധതിക്കായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം വരുന്ന കുടുംബങ്ങളെ മുന്നിൽ കണ്ട് വിശദമായ ഡിപിആർ തയാറാക്കി മുഴുവൻ ഗുണഭോക്താക്കൾക്കും ശുദ്ധജലം ലഭ്യമാവുന്ന രീതിയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം.രാജനെ തിരഞ്ഞെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനും പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി എം.രാജനും മറുപടി പറഞ്ഞു. 

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജനാർദനൻ, എം.രാജഗോപാലൻ എംഎൽഎ, വി.കെ.രാജൻ, വി.വി.രമേശൻ, സി.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. കെ.പി.രവീന്ദ്രൻ, കെ.വി.പ്രമോദ്, പി.വി.ശൈലേഷ് ബാബു, കെ.പ്രഭാകരൻ, എ.വി.സുരേന്ദ്രൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

 പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ്ചന്ദ്രൻ, പി.കരുണാകരൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.പ്രഭാകരൻ, വി.കെ.രാജൻ, പി.ജനാർദനൻ, എം.രാജഗോപാലൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം പി.ബേബി, പി.പി.മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.

ഏരിയ കമ്മിറ്റിയിലേക്ക് മത്സരം
സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റിയിലേക്ക് മത്സരം. മത്സര രംഗത്തേക്ക് വന്ന മൂന്ന് ലോക്കൽ സെക്രട്ടറിമാരും സിഐടിയു നേതാവും തോറ്റു. ഔദ്യോഗിക പാനലിൽ നിന്ന് രണ്ട് ലോക്കൽ സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാവും ഏരിയ കമ്മിറ്റിയിൽ എത്തി. നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി ശൈലേഷ് ബാബു, പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ രാജു, പേരോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.മനോഹരൻ, സിഐടിയു നേതാവ് പി.ഉണ്ണിനായർ എന്നിവരാണ് ഔദ്യോഗിക പാനലിന് എതിരെ മത്സര രംഗത്തുവന്നു.

എന്നാൽ വിജയിക്കാനായില്ല. പകരം ഔദ്യോഗിക പാനലിൽ നിന്ന് ഡിവൈഎഫ്ഐ നേതാവ് സനുമോഹൻ, കിണാവൂർ ലോക്കൽ സെക്രട്ടറി കുമാരൻ, നീലേശ്വരം ലോക്കൽ സെക്രട്ടറി എ.വി സുരേന്ദ്രൻ എന്നിവർ കമ്മിറ്റിയിലെത്തി. നിലവിലുള്ള കമ്മിറ്റിയിൽ നിന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് കെ.വി ദാമോദരൻ, കെ.രാഘവൻ, പി.വി.ചന്ദ്രൻ എന്നിവർ ഒഴിവായി. നിലവിലുള്ള സെക്രട്ടറി മടിക്കൈയിലെ എം.രാജൻ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

The Communist Party of India (Marxist) held an area conference in Neeleshwaram, demanding the local government ensure the drinking water project connected to the Palaayi shutter-cum-bridge delivers water to its intended beneficiaries. This highlights the ongoing concerns about water security in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com