കാത്തുകാത്തൊരു മേൽപാലം; ഉദിനൂർ റെയിൽവേ ഗേറ്റിൽ മേൽപാല നിർമാണത്തിന് ജിഎഡി അംഗീകാരം
Mail This Article
തൃക്കരിപ്പൂർ ∙ നിയോജക മണ്ഡലത്തിലെ നടക്കാവ്–ഉദിനൂർ–എടച്ചാക്കൈ റെയിൽവേ ഗേറ്റിലിൽ മേൽപാല നിർമാണത്തിന്റെ ജിഎഡി (ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്) റെയിൽവേ അധികൃതർ അംഗീകരിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. 13 മാസത്തിലധികമായി റെയിൽവേയുടെ സാങ്കേതിക കുരുക്കിൽപെട്ട പ്രശ്നത്തിനാണ് പരിഹാരമായത്.റെയിൽവേ ചീഫ് എൻജിനീയറുമായി നേരിട്ടും സംസ്ഥാന സർക്കാർ മുഖേനയും നിരവധി തവണ ഇടപെട്ടതിന്റെ ഫലമായാണു റെയിൽവേ അംഗികാരം നൽകിയതെന്നു രാജഗോപാലൻ പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ റോഡ്സ് ആൻഡ് ബ്രിജ് ഡെവലപ്മെന്റ് കോഓർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) മുഖേന നടപ്പിലാക്കുന്ന ബീരിച്ചേരി (എൽസി നമ്പർ 265), തൃക്കരിപ്പൂർ (എൽസി നമ്പർ 266) എന്നീ രണ്ട് റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിനുകൂടി വരുംദിവസങ്ങളിൽ അനുമതി ലഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
3 പദ്ധതികൾക്കുമായി നേരത്തെ 113.56 കോടി രൂപയുടെ അംഗീകാരം കിഫ്ബി നൽകിയിരുന്നു. പ്രവൃത്തികളുടെ നിർമാണച്ചെലവു പൂർണമായും വഹിക്കുന്നതു കിഫ്ബിയാണ്. പദ്ധതിയുടെ ജിഎഡി അംഗികാരത്തിനായി ഒരു വർഷംമുൻപ് റെയിൽവേക്കു അപേക്ഷ സമർപ്പിച്ചെങ്കിലും സിൽവർ ലൈനിന്റെ അലൈൻമെന്റ് അനുസരിച്ചാണു മേൽപാലങ്ങളുടെ ഡിസൈൻ ക്രമീകരണമെന്നു റെയിൽവേ അറിയിച്ചിരുന്നു. സിൽവർ ലൈനിന്റെ അലൈൻമെന്റ് അംഗീകാരം നൽകാഞ്ഞതോടെ മേൽപ്പാലങ്ങളുടെ ജിഎഡി അംഗീകാരവും വൈകി.
തുടർന്നു ആർബിഡിസികെ പരിഷ്കരിച്ച അലൈൻമെന്റ് പ്ലാനിനൊപ്പം ജിഡിപി വീണ്ടും റെയിൽവേയുടെ അംഗീകാരത്തിനായി അയച്ചു. എന്നിട്ടും അംഗീകാരം നൽകാതെ ഷൊർണൂർ- മംഗളൂരു റൂട്ടിലെ പാത ഇരട്ടിപ്പിക്കലിനു ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ അലൈൻമെന്റ് തയാറാക്കിയാൽ മാത്രമേ മേൽപാലത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും റെയിൽവേ അറിയിക്കുകയാണുണ്ടായത്. സാങ്കേതികക്കുരുക്കു പരിഹരിക്കാൻകഴിഞ്ഞത് ഉദിനൂർ ഗേറ്റിലെ മേൽപാല നിർമാണത്തിനു വേഗതയുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.