കാസർകോട് ജില്ലാ സ്കൂൾ കലോത്സവം: കലാകിരീടം ഹൊസ്ദുർഗിന്
Mail This Article
തൃക്കരിപ്പൂർ ∙ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൊസ്ദുർഗ് ഉപജില്ല 945 പോയിന്റുകളുമായി ചാംപ്യൻപട്ടം നേടി. കലോത്സവത്തിന്റെ തുടക്കം മുതൽ ഹൊസ്ദുർഗ് ആധിപത്യം പുലർത്തിയിരുന്നു. 890 പോയിന്റുകളുമായി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനക്കാരായി. ആതിഥേയരായ ചെറുവത്തൂർ ഉപജില്ല 869 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി. ബേക്കൽ (808), കുമ്പള (796), ചിറ്റാരിക്കൽ (754), മഞ്ചേശ്വരം (621) എന്നിങ്ങനെയാണ് മറ്റു സബ്ജില്ലകൾ നേടിയ പോയിന്റുകൾ.
258 പോയിന്റുകളുമായി കലോത്സവത്തിലെ ഓവറോൾ കിരീടം കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ നേടി. 197 പോയിന്റുകളോടെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനക്കാരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ 110 പോയിന്റുകളുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളാണു രണ്ടാം സ്ഥാനത്ത് (107).
ജേതാക്കൾക്കു സംഘാടക സമിതി ചെയർമാൻ എം.രാജഗോപാലൻ എംഎൽഎ ട്രോഫികൾ സമ്മാനിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.സുമേഷ്, പഞ്ചായത്ത് അംഗവും സിനിമാനടനുമായ പി.പി.കുഞ്ഞിക്കൃഷ്ണൻ, പ്രിൻസിപ്പൽ പി.വി.ലീന, പിടിഎ പ്രസിഡന്റ് വി.വി.സുരേശൻ, പിലിക്കോട് പഞ്ചായത്ത് അംഗം കെ.ഭജിത്, സത്യൻ മാടക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദിനൂർ ഗ്രാമത്തിൽ രണ്ടാമതും വന്നെത്തിയ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ സമാപനവും ആവേശകരമായി. സമാപന ദിനത്തിൽ രാത്രി വളരെ വൈകിയും ആയിരക്കണക്കിനുപേരാണു കലോത്സവ നഗരിയിലേക്കൊഴുകിയത്. എല്ലാ വഴികളും ഉദിനൂർ ഗ്രാമത്തിലേക്കായി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു മത്സരം സമാപിച്ചത്.