മാലോം–മരുതോം വനപാത തുറന്നു
Mail This Article
ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയ മാലോം–മരുതോം വനപാത തുറന്നു. നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസമായി അടച്ചിട്ട റോഡ് ഇന്നലെയാണ് തുറന്നുകൊടുത്തത്. കോളിച്ചാൽ–ചെറുപുഴ റീച്ചിൽ കാറ്റാംകവല, മരുതോം ഭാഗങ്ങളിലെ 3.1 കിലോമീറ്റർ വനപാതയൊഴികെ ശേഷിക്കുന്ന 27 കിലോമീറ്റർ ഭാഗത്തെ മലയോര ഹൈവേ നിർമാണം നേരത്തേ പൂർത്തീകരിച്ചിട്ടുണ്ട്. തകർന്നുകിടന്ന ഈ വനപാതകളിൽ കഴിഞ്ഞ മാസമാണു കോൺക്രീറ്റ് ചെയ്തത്.
മരുതോം റോഡിലെ ശേഷിക്കുന്ന 920 മീറ്റർ റോഡ് റീ ടാറിങ് നടത്തുന്നതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശങ്ങളിലായി പലയിടത്തും മണ്ണിട്ട് നിരപ്പാക്കിയിട്ടുമുണ്ട്. മരുതോം റോഡിൽ ഇന്നലെ നാട്ടുകാരുടെയും ജനകീയ സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് റോഡ് ഗതാഗതയോഗ്യമാക്കി. പ്രവർത്തനങ്ങൾക്കു ജയ്സൺ കണ്ടത്തുംകര, കെ.ഡി.മോഹനൻ, ബിജോ വർണം, പി.മധു, സുരേഷ് പുലിക്കോടൻ, ഷിനോജ് ഇളംതുരുത്തി എന്നിവർ നേതൃത്വം നൽകി.
അതേസമയം ഈ റീച്ചിലെ വനപാതകളിൽ ഹൈവേ നിർമാണം നടത്തുന്നതിനായി കെആർഎഫ്ബി ഡിപിആർ തയാറാക്കിയിട്ടുണ്ട്. വിട്ടുകിട്ടിയ വനഭൂമിയിൽ കഴിഞ്ഞയാഴ്ചയാണ് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. മലയോര ഹൈവേയിലെ വള്ളിക്കടവിൽ പുതിയ പാലം നിർമിക്കുന്നതിന്റെ നടപടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെആർഎഫ്ബി എക്സിക്യുട്ടീവ് എഞ്ചിനിയർ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയിരുന്നു. പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും ഇവിടെ പുരോഗമിക്കുകയാണ്.